wtsp-metaai

വാട്സാപ്പിൽ മെറ്റ AI ഉപയോ​ഗിക്കുന്നവരല്ലേ നമ്മൾ ?, ആദ്യ കാഴ്ചയിൽ ആ നീല വളയം ഒന്ന് അദ്ഭുതപ്പെടുത്തിയെങ്കിലും ഇപ്പോഴത് പലരുടേയും നിത്യജീവിതത്തിന്റ ഭാ​ഗമാണ്. മെറ്റ AI യിൽ ടെക്സ്റ്റ് പ്രോംപ്റ്റിന് പകരം വോയിസ് പ്രോംപ്റ്റ് കൊടുക്കാനായാലോ ? അത്തരമൊരു സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. 

മെറ്റ AIയുടെ വരവോട് കൂടെ  വാട്സാപ്പിന് ഉപഭോക്താക്കൾക്കിടയിൽ വന്ന സ്വീകാര്യത ചെറുതല്ല. എല്ലാ ആഴ്ചയും മെറ്റ AI സവിശേഷതകൾ മെച്ചപ്പെടുത്താനുള്ള അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. ആദ്യം ചാറ്റ് ഇൻ്റർഫേസിലേക്കാണ് വാട്സാപ്പ് Meta AI ഫീച്ചർ അവതരിപ്പച്ചത്.ടെക്‌സ്‌റ്റ് പ്രോംപ്റ്റിലൂടെ ചിത്രങ്ങൾ സൃഷ്‌ടിക്കാനും, കുറിപ്പുകൾ എഴുതാനും, ​ഗ്രാമർ പരിശോധിക്കാനും ഉപഭോക്താക്കൾക്ക് കഴിഞ്ഞു. അടുത്ത പടിയായി OpenAI യുടെ ChatGPT മാതൃകയിൽ മെറ്റ AI വോയ്‌സ് മോഡ് ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സാപ്പിന്റെ ശ്രമം.   

ആരൊക്കെയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എല്ലാവർക്കും സുപരിചിതരായ നാല് വ്യക്തികളുടെ ശബ്ദങ്ങൾ കൂടെ ഈ ഫീച്ചറിൽ ഉപയോ​ഗിക്കാൻ പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിരവധി ശബ്‌ദങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കാൻ കഴിയുമെന്നാണ് വാട്സാപ്പിന്റെ കണക്കുകൂട്ടൽ. ഉദാഹരണത്തിന്, നിങ്ങൾ അമേരിക്കൻ ഇം​ഗ്ലീഷിനേക്കാൾ ബ്രിട്ടീഷ് ഉച്ചാരണമാണ് ഇഷ്ടപ്പെടുന്നതെങ്കിൽ, യു.കെ ശബ്ദം തിരഞ്ഞെടുക്കാം.

മെറ്റ AI-യിലേക്ക് പ്രശസ്തരായ വ്യക്തികളുടെ ശബ്ദങ്ങൾ ചേർക്കുന്നത് വഴി ഉപഭോക്തൃ ഇടപഴകൽ വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് വാട്സാപ്പ് വിശ്വസിക്കുന്നു. കാരണം ഉപഭോക്താക്കൾ അവർക്ക് ആരാധനയുള്ള അല്ലെങ്കിൽ പ്രചോദനം നൽകുന്ന ശബ്ദങ്ങളുമായി ബന്ധപ്പെടാൻ കൂടുതൽ താത്പര്യം കാണിക്കും. എന്നാൽ അതിൽ ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകൾ ഉൾപ്പെടുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. ഈയൊരു ഫീച്ചർ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ, അതിനാൽ ആദ്യ പതിപ്പിൽ മൂന്ന് വ്യത്യസ്ത യുകെ ശബ്ദങ്ങളും രണ്ട് യുഎസ് ശബ്ദങ്ങളും ഉൾപ്പെട്ടേക്കാം മറ്റേതെങ്കിലും ഭാഷ ഉൾപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ സമീപഭാവിയിൽ തന്നെ ഹിന്ദി പോലുള്ള ഭാഷകളും മറ്റും ഉൾപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലുമാണ്.    

whatsapp will soon let you choose meta ai voice just like chatgpt: