whatsapp-lottery-removed

മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സമാന്തര വാട്സാപ്പ് ലോട്ടറി ഗ്രൂപ്പുകള്‍ പൂട്ടിക്കെട്ടി മാഫിയയുടെ നെട്ടോട്ടം. മുന്നറിയിപ്പില്ലാതെ ഗ്രൂപ്പുകള്‍ പിരിച്ചുവിട്ടതോടെ പണംനഷ്ടമായത് നൂറുകണക്കിന് ഭാഗ്യാന്വേഷികള്‍ക്ക്. വാട്സാപ്പ് സമാന്തര ലോട്ടറികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യവും ശക്തം. വാട്സാപ്പ് ലോട്ടറി തട്ടിപ്പിനെ തുറന്നുകാട്ടിയ മനോരമ ന്യൂസ് വാര്‍ത്ത അതിവേഗമാണ് സമാന്തര ലോട്ടറി ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. 

തട്ടിപ്പ് പുറത്തായതോടെ തെളിവുകള്‍ നശിപ്പിക്കാന്‍ ഊര്‍ജിത ശ്രമം നടന്നു. ഗ്രൂപ്പില്‍ ലോട്ടറിക്കായി പണം നല്‍കിയ അംഗങ്ങളോടു ഒരു വാക്കുപോലും മിണ്ടാതെ ഗ്രൂപ്പ് പൂട്ടിക്കെട്ടി. അംഗങ്ങളെ ഓരോരുത്തരെയായി അഡ്മിന്‍മാര്‍ പുറത്താക്കി. 

ചങ്കുകളെ എന്ന് വിളിച്ച് ബക്കറ്റും കുലുക്കി നറുക്കെടുപ്പ് നടത്തിയിരുന്ന യുവാവും അപ്രത്യക്ഷനായി. ഇതുകൊണ്ട് ഇവരുടെ തട്ടിപ്പ് അവസാനിച്ചുവെന്ന് കരുതേണ്ടതില്ല. പുതിയ പേരിലും രൂപത്തിലും ഗ്രൂപ്പുകള്‍ അധികംതാമസിയാതെ സജീവമാകും. ഇവരെ പൂട്ടാന്‍ ശക്തമായ നിയമനിര്‍മാണങ്ങളാണ് വേണ്ടതെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സമാന്തര ലോട്ടറികള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ ലോട്ടറി വില്‍പന നിര്‍ത്തിവെക്കുന്നതടക്കമുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് ലോട്ടറി വില്‍പനക്കാരുടെ സംഘടന. 

ENGLISH SUMMARY:

Parallel lottery mafis has deleted whatsapp groups immediately after manoramanews report.