AI Generated Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്‍ ഉടന്‍ ട്രാക്കിലെത്തിക്കാന്‍ റെയില്‍വേ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതിനായി സുരക്ഷാ ഓഡിറ്റ് നടത്താൻ ജർമ്മനിയുടെ ടിയുവി-എസ്‌യുഡിയെ ഇന്ത്യന്‍ റെയില്‍വേ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 2024 ഡിസംബറിൽ തന്നെ ട്രയല്‍ റണ്‍ ഉണ്ടായേക്കാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നിവയ്‌ക്കൊപ്പം ഹൈഡ്രജൻ പവർ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. 

‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്ന പദ്ധതിക്കു കീഴില്‍ 35 ട്രെയിനുകൾ പ്രവര്‍ത്തിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. ഒരു ട്രെയിനിന് 80 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് പ്രോട്ടോടൈപ്പുകള്‍ നിര്‍മിക്കുന്നത്. നോർത്തേൺ റെയിൽവേയുടെ ജിന്ദ്-സോനിപത് സെക്ഷനിലായിരിക്കും ആദ്യ സര്‍വീസ്. തുടക്കത്തില്‍ എട്ട് പൈതൃക റൂട്ടുകളിലായി ആറ് കാറുകൾ വീതമുള്ള 35 എച്ച് പവർ ട്രെയിനുകൾ ആരംഭിക്കുക.

വിവിധ പൈതൃക റൂട്ടുകളിലും മലയോര മേഖലകളിലും ഹൈഡ്രജൻ ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്നും ഓരോ റൂട്ടിലും ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 70 കോടി രൂപ നിക്ഷേപിക്കുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. നിലവിലുള്ള ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (DEMU) റേക്കിൽ ആവശ്യമായ ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചർ സഹിതം ഹൈഡ്രജൻ ഫ്യൂവൽ സെൽ സ്ഥാപിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റാണ് നടക്കുന്നത്.

എന്താണ് ഹൈഡ്രജന്‍ ട്രെയിനുകള്‍?

പൂർണമായും ഹൈഡ്രജൻ വാതകം ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകളാണിവ. ഹൈഡ്രജൻ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ പൊതുവെ ഹൈഡ്രെൽ എന്നാണ് അറിയപ്പെടുന്നത്. ഫ്യുവൽ സെൽ എന്ന ഇലക്ട്രോ കെമിക്കൽ സെല്ലുകളിലാണ് ഹൈഡ്രെൽ പ്രവർത്തിക്കുക. ഹൈഡ്രജനും ഓക്സിജനും ചേരുമ്പോഴുണ്ടാകുന്ന കെമിക്കൽ എനർജിയെ വൈദ്യുതിയാക്കി മാറ്റുന്ന സെല്ലാണ് ഫ്യുവൽ സെൽ. ഫ്യുവൽ സെൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മോട്ടോറിലേക്ക് കടത്തി വിട്ട് വാഹനത്തെ ചലിപ്പിക്കും. ഈ രാസ സംയോജനത്തിന്റെ ഉപോൽപന്നം ഹൈഡ്രജനും ഓക്സി‍ജനും ചേരുമ്പോഴുണ്ടാകുന്ന ജലം മാത്രമാണ്. ഈ ജലം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്ക് തള്ളും.

‘ഹരിത ട്രെയിന്‍’

ഹരിത ട്രെയിൻ എന്ന ആശയത്തിനാണ് ഹൈഡ്രജന്‍ ട്രെയിനുകളിലൂടെ ഊന്നൽ നൽകുന്നത്. ഒരു ഡീസൽ ട്രെയിൻ ഒരു വർഷം ഏകദേശം ടൺ കണക്കിന് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നുണ്ട്. ഹൈഡ്രജൻ ട്രെയിനിലൂടെ ഈ മലിനീകരണം ഒഴിവാക്കാന്‍ സാധിക്കും. ഓസോൺ പാളിക്ക് കോട്ടം വരുത്തുന്ന കാർബൺ ഡയോക്സൈഡിനെ പുറംതള്ളുന്നില്ല എന്നത് കൂടാതെ ജലം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.

ഹൈഡ്രജൻ ഇന്ധനമാവുന്നതോടെ രാജ്യത്തിന് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാനാകില്ല. കടൽവെള്ളത്തിൽ നിന്നും ഓക്സിജനും അന്തരീക്ഷത്തിൽ നിന്ന് ഹൈഡ്രജനും വേണ്ടത്ര ലഭിക്കുമെങ്കിലും ഇവയെ സംയോജിപ്പിക്കലും ശേഖരിച്ചു വെയ്ക്കലും ചെലവേറിയ പ്രവൃത്തികളാണ്. ഒരു ട്രെയിൻ ഓടിക്കാൻ 50 കിലോവാട്ടിന്റെ 60 ഫ്യുവൽ സെല്ലുകൾ ആവശ്യമായി വരും. ഇതിന് ഏകദേശം 12 കോടി രൂപ ചെലവു വരും. വൈദ്യുതീകരണത്തിനുള്ള അടിസ്ഥാന സൗകര്യ അധികച്ചെലവ് ഒഴിവാക്കാം എന്നത് മാത്രമാണ് സാമ്പത്തിക നേട്ടമായി കണക്കിലെടുക്കാന്‍ സാധിക്കൂ.

ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍

ജർമനിയിലാണ് ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങിയത്. 2022 ഓഗസ്റ്റ് 25 ന് ജർമനിയിലെ ലോവർ സാക്സണി പ്രവിശ്യയിലായിരുന്നു ട്രെയിൻ സര്‍വീസ് നടത്തിയത്. എൽബെ–വെസർ റെയ്ൽ റോഡ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ആറ് ട്രെയിനുകളടങ്ങിയ ഈ ഫ്ലീറ്റ്. ഈ ട്രെയിനുകളിൽ ആറു മുതൽ എട്ടു കോച്ചുകൾ വരെയുണ്ട്. ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമാണ് ട്രെയിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കൊറാഡിയ എന്നാണ് ഇത്തരം ട്രെയിനുകൾക്ക് അൽസ്റ്റോം നൽകിയ പേര്. രണ്ടാമത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങിയത് ചൈനയിലാണ്. അർധ സർക്കാർ സ്ഥാപനമായ ചൈനാ റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷൻ (സിആർസിസി) ആണ് ഈ പദ്ധതി നയിക്കുന്നത്.

ENGLISH SUMMARY:

Indian railway aims to bring the country's first hydrogen train onto the tracks soon. It is reported that the railway has appointed Germany's TÜV SÜD to conduct a safety audit for this purpose. National media reports suggest that a trial run could take place as early as December 2024. With this, India will become the fifth country in the world to operate hydrogen-powered trains, joining Germany, France, Sweden, and China.