ഓൺലൈൻ മെസേജിംഗ് ആപ്പായ വാട്സാപ്പ് സെപ്റ്റംബർ മാസത്തിൽ മാത്രം രാജ്യത്ത്് നിരോധിച്ചത് 85 ലക്ഷത്തിലധികം അക്കൗണ്ടുകളാണ്.ഉപഭോക്താക്കളുടെ പെരുമാറ്റദൂഷ്യമാണ് വാട്സാപ്പിനെ കടുത്ത നടപടികള്‍ക്ക് പ്രേരിപ്പിച്ചത്. നവംബർ 1 ന് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് വാട്സാപ്പ് കടക്ക് പുറത്തെന്ന് പറഞ്ഞ അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്ളത്.
ഈ അക്കൗണ്ടുകളിൽ 1,658,000 എണ്ണം ഉപഭോക്താക്കളിൽ നിന്ന് പരാതികള്‍ വരുന്നതിന് മുമ്പ് തന്നെ സജീവമായി നിരോധിച്ചതായും മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. 2021ലെ പുതിയ ഐടി നിയമപ്രകാരം പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ട് അനുസരിച്ച് വാട്‌സ്ആപ്പിന് രാജ്യത്ത് നിന്ന് ലഭിച്ചത് 8,161 പരാതികളാണ്. ഇതില്‍ നിന്നും 97 പരാതികള്‍ക്ക് നടപടി സ്വീകരിച്ചു.
അക്കൗണ്ട് ദുരുപയോഗം വാട്ട്‌സ്ആപ്പ് കണ്ടെത്തുന്നതെങ്ങനെ ?
ഒരു അക്കൗണ്ട് കടന്നുപോകുന്ന മൂന്ന് ഘട്ടങ്ങളിൽ എങ്ങനെ പെരുമാറുന്നു എന്നത് നോക്കിയാണ് വാട്സാപ്പ് അക്കൗണ്ട് ദുരുപയോഗപ്പെട്ടോ എന്ന് കണ്ടുപിടിക്കുന്നത്. രജിസ്ട്രേഷൻ, സന്ദേശമയയ്‌ക്കൽ, നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള പ്രതികരണം എന്നിവയാണ് മൂന്ന് ഘട്ടങ്ങള്‍. വിദഗ്ധരുടെ ഒരു സംഘം തന്നെ ഈ മൂന്ന് ഘട്ടങ്ങളെയും വിലയിരുത്താന്‍ സന്നദ്ധരായുണ്ട്.
'ഞങ്ങൾ ഞങ്ങളുടെ ജോലിയിൽ സുതാര്യതയോടെ തുടരുകയും ഭാവി റിപ്പോർട്ടുകളിൽ ഞങ്ങളുടെ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും," വാട്ട്‌സ്ആപ്പ് പറഞ്ഞു. "ആപ്പിനുള്ളിൽ നിന്ന് കോൺടാക്‌റ്റുകൾ തടയാനും പ്രശ്‌നമുള്ള ഉള്ളടക്കങ്ങളും കോൺടാക്‌റ്റുകളും ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനും ഞങ്ങൾ ഉപഭോക്താക്കളെ പ്രാപ്‌തരാക്കുന്നു. ഉപയോക്തൃ ഫീഡ്‌ബാക്ക് ഞങ്ങൾ വളരെ ശ്രദ്ധിക്കുന്നു, തെറ്റായ വിവരങ്ങൾ തടയുന്നതിനും സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് സമഗ്രത സംരക്ഷിക്കുന്നതിനും ഞങ്ങൾ വിദഗ്ധരുമായി ഇടപഴകുന്നു," കമ്പനി കൂട്ടിച്ചേർത്തു.