TOPICS COVERED

ആപ്പിള്‍ ഐഫോണിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റായ iOS 18.2 അപ്‌ഡേറ്റ് ഇന്നലെ പുറത്തിറക്കി. iOS 18.2 റിലീസ് കാൻഡിഡേറ്റ് (RC) 2 പുറത്തുവിട്ടതിന് പിറകെയാണ് ഇത് റിലീസ് ചെയ്തത്. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഇമേജ് പ്ലേഗ്രൗണ്ട്, ജെൻമോജി, ചാറ്റ്‌ജിപിടി ഇന്‍റെഗ്രേഷൻ എന്നിവ ഉൾപ്പെടുന്നു. iPhone 16 സീരീസിന് മാത്രം ലഭ്യമായ പുതിയ വിഷ്വൽ ലുക്ക്‌ അപ്പ് ഫീച്ചറും ഇതില്‍ ഉൾപ്പെടുന്നു, ഈ അപ്ഡേറ്റില്‍ ആപ്പിളിന്‍റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്യൂട്ട് കൂടുതൽ ഭാഷകളിലേക്ക് വിപുലീകരിച്ചിട്ടുണ്ട്.

iOS 18.2 അനുയോജ്യമായ മോഡലുകൾ

ആപ്പിള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, iOS 18-ന്റെ പ്രാഥമിക അപ്‌ഡേറ്റ് ലഭിച്ച എല്ലാ iPhone മോഡലുകൾക്കും iOS 18.2 അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാം. എന്നാൽ, ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ iPhone 16 ലൈനപ്പുകളിലും, iPhone 15 പ്രോ, iPhone 15 പ്രോ മാക്സ് എന്നിവയ്ക്കുമേ ലഭ്യമാകുകയുള്ളൂ. ഈ ഫീച്ചറുകൾ ഓസ്‌ട്രേലിയ, കാനഡ, അയർലാൻഡ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, യു.കെ. എന്നിവയുൾപ്പെടെ കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിലേക്ക് വിപുലീകരിച്ചു. ചൈനയിലും യൂറോപ്യൻ യൂണിയനിലും ഇതുവരെ ലഭ്യമല്ലെങ്കിലും, 2025 ഏപ്രിൽ മുതൽ യൂറോപ്യൻ യൂണിയനിൽ ലഭ്യമാക്കും.

iOS 18.2 അപ്‌ഡേറ്റിന്‍റെ സവിശേഷതകൾ

ഇമേജ് പ്ലേഗ്രൗണ്ട് ആണ് ഈ അപ്ഡേറ്റിലെ പ്രധാന ഫീച്ചര്‍. ഇത് ഒരു സ്റ്റാൻഡ് എലോൺ ആപ്പാണ്, ഇത് മൂന്ന് കഴിവുകളെ ഉൾക്കൊള്ളുന്നു. ജെനറേറ്റീവ് AI ഉപയോഗിച്ച്, ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ അടിസ്ഥാനമാക്കി ആനിമേഷൻ അല്ലെങ്കിൽ ഇലസ്‌ട്രേഷൻ പോലെ വ്യത്യസ്ത ശൈലികളിലുള്ള ചിത്രങ്ങൾ സൃഷ്ടിക്കാന്‍ കഴിയും. ജെൻമോജി എന്നത് ഇമോജികൾക്കായുള്ള സമാന സവിശേഷതയാണ്. സൃഷ്ടിച്ച ചിത്രങ്ങളും ഇമോജികളും മെസേജസ്, നോട്ട്‌സ്, കീനോട്ട് എന്നിവയിൽ പങ്കിടാനും കഴിയും. ഇമേജ് വാൻഡ് എന്ന ഫീച്ചര്‍ മുഖേന നോട്ട്സ് ആപ്പിൽ ഒരു ചെറിയ സ്‌കെച്ച് അടിസ്ഥാനമാക്കി ബന്ധപ്പെട്ട ചിത്രം സൃഷ്ടിക്കാന്‍ സാധിക്കും. കൈകൊണ്ടോ ടൈപ്പ് ചെയ്തോ ചേർത്ത ടെക്സ്റ്റ് ഉപയോഗിച്ചും ഓൺ-ഡിവൈസ് ജെനറേറ്റീവ് AI മോഡലുകൾ ഉപയോഗിച്ചും ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും.

iOS 18.1 അപ്‌ഡേറ്റിൽ അവതരിപ്പിച്ച റൈറ്റിംഗ് ടൂളിന്‍റെ കഴിവുകൾ iOS 18.2 കൂടുതൽ വികസിപ്പിച്ചിരിക്കുന്നു."Describe Your Change" എന്ന പുതിയ ഓപ്ഷൻ ഈ അപ്ഡേറ്റില്‍ ചേർത്തിട്ടുണ്ട്. ഇതിലൂടെ, "ഇതിനെ കൂടുതൽ ഡൈനാമിക് ആക്കുക" അല്ലെങ്കിൽ "കവിതാ രൂപത്തിൽ പുനരാഖ്യാനം ചെയ്യുക" എന്നപോലുള്ള മാറ്റങ്ങൾ ഉപയോഗിക്കാം.നിലവിലുള്ള Rewrite, Proofread, Summarise ടൂളുകൾക്കൊപ്പം ഇതും ഉൾപ്പെടുന്നു.ഈ ടൂളുകള്‍ സിസ്റ്റത്തില്‍ വ്യാപകമായും തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലും ഉപയോഗിക്കാം.

ഐഫോണ്‍ 16 സീരീസില്‍ മാത്രം ലഭ്യമാകുന്ന വിഷ്വൽ ഇന്‍റെലിജൻസ് ഫീച്ചറാണ് മറ്റൊന്ന്.വിഷ്വൽ ലുക്ക്‌അപ്പ് ടൂൾ ക്യാമറ കണ്ട്രോൾ ബട്ടൺ ഉപയോഗിച്ച് ഓബ്ജക്റ്റുകളും സ്ഥലങ്ങളും തത്സമയം മനസ്സിലാക്കാൻ കഴിയും.ടെക്സ്റ്റ് സംഗ്രഹിക്കാനും, ഭാഷകൾ തമ്മിൽ പരിഭാഷ ചെയ്യാനും, ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും കണ്ടെത്തുകയും ചെയ്യാം. അവ കോണ്ടാക്ടിൽ ചേർക്കാൻ സഹായിക്കുകയും ചെയ്യുന്നു.ഉപഭോക്താക്കൾക്ക് ഗൂഗിളിൽ ഒരു പ്രിയപ്പെട്ട ഉൽപ്പന്നം തിരയാം, ഗണിത പ്രശ്നങ്ങള്‍ പരിഹരിക്കാം, അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ChatGPT-യോട് ചോദിക്കാം. ചാറ്റ്‌ജിപിടി ഇപ്പോൾ ഐഫോണിലും ലഭ്യമാണ്. ആപ്പിളിന്‍റെ വോയ്‌സ് അസിസ്റ്റന്റ് ആയ സിരി, ഇനി ഓപ്പൺAIയുടെ AI ചാറ്റ്‌ബോട്ടിന്‍റെ കഴിവുകൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് കൂടുതൽ കൃത്യമായ ഉത്തരങ്ങൾ നൽകും.ചില അഭ്യർത്ഥനകളിൽ സിരി ചാറ്റ്‌ജിപിടി ഉപയോഗിക്കാൻ ഉപഭോക്താക്കളോട് നിർദ്ദേശിക്കും. ഈ ഫീച്ചർ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സൈനിന്‍ ചെയ്യേണ്ടിയിരിക്കുന്നു. പണമടച്ച ചാറ്റ്‌ജിപിടി അക്കൗണ്ട് ഉള്ള ഐഫോണ്‍ ഉപഭോക്താക്കൾക്ക് കൂടുതൽ ശക്തമായ ഓപ്പൺAI മോഡലുകൾ ഉപയോഗിക്കാനാകും.

ENGLISH SUMMARY:

ios 18-2 update iphone apple intelligence features release