ഞെട്ടിക്കുന്ന അപ്ഡേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കുന്ന കാര്യത്തില്‍ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ഓപ്പണ്‍ എ.ഐ.ഇപ്പോഴിതാ ചാറ്റ് ജി പി ടി മൊബൈല്‍ ആപ്പുകളില്‍ വിഡിയോ ഷെയറിങും സ്ക്രീന്‍ ഷെയറിങ്ങും അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എ.ഐ ടീം. ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്താനാണ് പുതിയ അഡ്വാന്‍സ്ഡ് വോയിസ് ഫീച്ചറുകള്‍ കൊണ്ടുവന്നിരിക്കുന്നത്.
വിഡിയോ ചാറ്റും ഷെയര്‍ സ്ക്രീനും ഉള്‍പ്പെടുന്ന അഡ്വാന്‍സ്ഡ് വോയിസ് മോഡ് ഓപ്ഷനുകള്‍ ചാറ്റ് ജി.പി.ടി ആപ്പിലെ ത്രീ ഡോട്സില്‍ ക്ലിക്ക് ചെയ്ത് യഥാക്രമം വീഡിയോ ചാറ്റും സ്ക്രീന്‍ ഷെയറിങ്ങും ആക്സസ് ചെയ്യാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് സ്ക്രീന്‍ ഷെയര്‍ ചെയ്തുകൊണ്ട് ചാറ്റ് ജി പി ടിയോട് അഭിപ്രായം ചോദിക്കാനും ഗണിത പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ ചോദിക്കാനും സാധിക്കും.
GPT-4ന്‍റെ വിഡിയോ ഗെയിം രംഗങ്ങൾ വിശദീകരിക്കാൻ കഴിയുന്ന ശേഷിയുടെ കൂടെ മേയ് മാസത്തിൽ ഈ ഫീച്ചറുകൾ അവതരിപ്പിക്കാനിരുന്നതാണെങ്കിലും ചില തടസങ്ങൾ കാരണം റിലീസ് വൈകി. ചാറ്റ് ജി പി ടി പ്ലസ്,പ്രോ ഉപഭോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് വൈകാതെ തന്നെ ലഭ്യമാകും.ജനുവരിയില്‍ ഈ ഫീച്ചര്‍ ചാറ്റ് ജി പി ടിയുടേ തന്നെ എഡ്യൂ സബ്സ്ക്രൈബർമാർക്കും ലഭ്യമാകും. പക്ഷേ യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങൾക്ക് അഡ്വാന്‍സ്ഡ് വോയിസ് മോഡ് ലഭ്യമാകില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രൊജക്ട് ആസ്ട്രയുടെ ഭാഗമായി ഗൂഗിള്‍ ഇതേ സ്വഭാവമുള്ള ഫീച്ചര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ഫീച്ചര്‍ ഇപ്പോഴും ടെസ്റ്റിങ്ങിലാണ്.