ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്‍റെ നെഞ്ചത്ത് അതാണ് ഇപ്പോള്‍ ഓപ്പണ്‍ എഐയുടെ ഒരു ലൈന്‍. ഇത്രയും നാള്‍ ഗൂഗിളിന്‍റെ സഹായത്തോടെ ഉപഭോക്താക്കളെ സേവിച്ച ഓപ്പണ്‍ എഐ സ്വന്തമായി സേര്‍ച്ച് ബട്ടണും അവതരിപ്പിച്ചുകഴിഞ്ഞു.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഓപ്പണ്‍ എ.ഐ ചാറ്റ് ജിപിടി സേര്‍ച്ച് ലോഞ്ച് ചെയ്തത്. ഈ സേവനം പെയ്ഡ് യുസേഴ്സിന് മാത്രമേ ലഭ്യമാവുമായിരുന്നുള്ളൂ. എന്നാല്‍ ഡിസംബര്‍ 16 മുതല്‍ ചാറ്റ് ജിപിടിയില്‍ ലോഗിന്‍ ചെയ്യുന്ന ആര്‍ക്കും ഇപ്പോള്‍ വെബ് സെര്‍ച്ച് ബട്ടണ്‍ ആക്സസ് ചെയ്യാന്‍ കഴിയും. ചാറ്റ് ജിപിടി മൊബൈല്‍ ആപ്പിന്‍റേയും ഡെസ്ക്ടോപ്പ് വേര്‍ഷന്‍റേയും സഹായത്തോടെ അക്കൗണ്ട് ഉള്ളവര്‍ക്കെല്ലാം ഇനി ഇതുവഴി ഇന്‍റര്‍നെറ്റ് സേര്‍ച്ച് നടത്താം.
പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് ചാറ്റ് ജിപിടി സെര്‍ച്ചിനെ അവരുടെ വെബ് ബ്രൗസറില്‍ ഡിഫോള്‍ട്ട് സെര്‍ച്ച് എന്‍ജിനായി തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇതൊന്നും പോരാഞ്ഞ് ഗൂഗിള്‍ ക്രോമിന് സമാനമായി സ്വന്തമായി വെബ് ബ്രൗസര്‍ അവതരിപ്പിക്കാനും ഓപ്പണ്‍ എഐ പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.പണി ഗൂഗിളിന് മൊത്തമായും ചില്ലറയായും വീതിച്ച് നല്‍കാനാണ് ഓപ്പണ്‍ എഐ ഉദ്ദേശിക്കുന്നത്. അല്ലാതെ തിരക്കിട്ട് ചാറ്റ് ജിപിടിയില്‍ മാപ്പ് സേവനവും പ്രഖ്യാപിക്കില്ലല്ലോ? ചാറ്റ് ജിപിടിയില്‍ കണ്ടുവരുന്ന് വോയ്സ് മോഡ് ഫീച്ചര്‍ ജിപിടി സെര്‍ച്ചിലും ഉപയോഗിക്കാനാകും.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ ജനറേഷന്‍ ടൂളായ സോറ ഓപ്പണ്‍ എഐ ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയത്. ടെക്‌സ്റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി യഥാർഥ വീഡിയോകൾ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത സോറ ടർബോ, sora.com എന്ന യു ആര്‍ എല്‍ വഴി ലഭ്യമാകും. ChatGPT Plus, Pro ഉപഭോക്താക്കൾക്കാണ് സോറ ലഭിക്കുക. ഉപഭോക്താക്കൾക്ക് സോറയിലൂടെ 1080p റെസലൂഷനും 20 സെക്കൻഡ് ദൈർഘ്യമുള്ളതുമായ വീഡിയോകൾ സൃഷ്ടിക്കാൻ സാധിക്കും. കൂടാതെ, വൈഡ്‌സ്‌ക്രീൻ, വെർട്ടിക്കൽ, സ്ക്വയർ എന്നീ ഫോര്‍മാറ്റുകളിലുമുള്ള ഔട്ട്പുട്ടുകളും ലഭിക്കും