TOPICS COVERED

പെട്ടെന്നൊരു ഡോക്യുമെന്‍റ് സ്കാന്‍ ചെയ്ത് അയക്കണം. എന്തു ചെയ്യും ? ആപ്പ് സ്റ്റോറിലോ പ്ലേ സ്റ്റോറിലോ തേര്‍ഡ് പാര്‍ട്ടി ആപ്പ് ഏതെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് കാര്യം നടത്തും അല്ലേ? എന്നാല്‍ ആ പതിവിനി വേണ്ടെന്നാണ് വാട്സ്പ്പ് പറയുന്നത്. ഡോക്യുമെന്‍റുകള്‍ കാമറ ഉപയോഗിച്ച് സ്കാന്‍ ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ജനപ്രിയ ആപ്പ്. ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനും, എഡിറ്റ് ചെയ്യാനും, അയയ്ക്കാനും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട ഒരു പ്ലാറ്റ്‌ഫോം മതി എന്നതാണ് പ്രധാന സവിശേഷത. 

ഡോക്യുമെന്‍റ് ഷെയറിങ്ങിനായി വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ ഏറെയാണ്.ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കുന്നത്.വാട്സാപ്പിന്‍റെ തന്നെ ഐ ഒ എസ് അപ്ഡേറ്റായ വേര്‍ഷന്‍ 24.25.80ല്‍ ഈ ഫീച്ചര്‍ ലഭ്യമായിട്ടുണ്ട്. ഇതോടെ വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് ഡിവൈസിന്‍റെ തന്നെ കാമറ ഉപയോഗിച്ച് ഡോക്യുമെന്‍റിന്‍റെ ഫോട്ടോ പകര്‍ത്തി ഷെയര്‍ ചെയ്യാം. വരും ആഴ്‌ചകളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഈ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉപഭോക്താക്കള്‍ക്ക് ഡോക്യുമെന്റ്-ഷെയറിംഗ് മെനുവില്‍ നിന്ന് സ്കാന്‍ ഓപ്ഷന്‍ സെലക്ട് ചെയ്ത് ഈ ഫീച്ചര്‍ ഉപയോഗിക്കാം.ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ കാമറ ഓണാവും.ഡോക്യുമെന്റ് ക്യാപ്ചർ ചെയ്ത ശേഷം സ്‌കാൻ പ്രിവ്യൂ ചെയ്യാനും ചെറിയ എഡിറ്റുകൾ വരുത്താനും കഴിയും. ആപ്പ് സ്വയം മാര്‍ജിനുകള്‍ നിര്‍ദേശിക്കും. ഉപഭോക്താക്കള്‍ക്ക് മാനുവലായി മാര്‍ജിനുകള്‍ അടയാളപ്പടുത്തുകയും ചെയ്യാം.സ്കാന്‍ ചെയ്തത് തൃപ്തികരമാണെങ്കില്‍ ഗ്രൂപ്പിലേക്കോ പേഴ്സണസല്‍ ചാറ്റിലേക്കോ അയക്കാവുന്നതാണ്.

വാട്സാപ്പിലൂടെ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുകയും അയയ്ക്കുകയും ചെയ്യാൻ കഴിയുന്നതോടെ, സ്കാനിംങിനായി തേര്‍ഡ് പാര്‍ട്ടി ആപ്പുകൾ അല്ലെങ്കിൽ പ്രിന്ററുകൾ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യമില്ലാതാകുന്നു. സ്കാനുകളുടെ ഗുണനിലവാരം വ്യക്തതക്കും വായന സൗകര്യത്തിനുമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഇത് ഡോക്യുമെന്‍റുകൾ കൂടുതല്‍ പ്രൊഫഷണലായ രീതിയിൽ അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കി നൽകുന്നു. റസീറ്റ്, കരാറുകൾ, അല്ലെങ്കിൽ കുറിപ്പുകൾ പോലെയുള്ള വ്യക്തിഗതവും ബിസിനസ് പരമായ ആവശ്യങ്ങളും ഇതിലൂടെ നിറവേറ്റാം.

ENGLISH SUMMARY:

whatsapp rolls out a new feature to scan documents directly via camera