TOPICS COVERED

പുതുവര്‍ഷം ഞെട്ടിപ്പിച്ചുകൊണ്ട് തുടങ്ങാനാണ് വാട്സാപ്പിന്‍റെ പ്ലാന്‍. കൈയിലിരിക്കുന്ന ഫോണ്‍ പഴയതായെങ്കില്‍ എടുത്ത് ദൂരെക്കളയാന്‍ ആശാന്‍ പറയാതെ പറഞ്ഞുകഴിഞ്ഞു. 2025 ജനുവരി മുതല്‍ ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സാപ്പ് സേവനം ലഭ്യമാകില്ല. പത്തുവര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയാണ് വാട്സാപ്പ് എന്നന്നേയ്ക്കുമായി ഉപേക്ഷിക്കുന്നത്. ആപ്പിന്‍റെ പഴയ വേര്‍ഷനുകളില്‍ പുതിയ അപ്ഡേറ്റുകള്‍ ലഭ്യമാകാത്തതും സുരക്ഷാപ്രശ്നങ്ങള്‍ കണ്ടുവരുന്നതുമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ വാട്സാപ്പിനെ പ്രേരിപ്പിച്ചത്. എന്നാല്‍ പണി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, പഴയ ഐ ഒ എസ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും വാട്സ് ആപ്പ് ലഭ്യമാകില്ല.

2013ലാണ് ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് വേര്‍ഷന്‍ പുറത്തിറങ്ങുന്നത്. പുത്തന്‍ ആന്‍ഡ്രോയിഡ് ഫോണുകളെല്ലാം പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കിറ്റ്കാറ്റ് വേര്‍ഷന് പിന്തുണ കൊടുക്കുന്നതില്‍ കാര്യമില്ല. കിറ്റ്കാറ്റിനുള്ള പിന്തുണ ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള മെറ്റയുടെ തീരുമാനം, ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായുള്ള സവിശേഷതകൾ വികസിപ്പിക്കുന്നതിനിടയിൽ പഴയ സോഫ്റ്റ്ഫെയറുകള്‍ക്കുള്ള സപ്പോര്‍ട്ട് നിലനിർത്തുന്നതിലെ വെല്ലുവിളികളെ  കാണിക്കുന്നു. പുതിയ അപ്ഡേറ്റുകളൊന്നും പഴയ ഡിവൈസുകളില്‍ ലഭിക്കില്ലെന്നതാണ് പ്രധാന കാരണമായി മെറ്റയും വാട്സാപ്പും ചൂണ്ടിക്കാണിക്കുന്നത്. കിറ്റ്കാറ്റിനുള്ള സപ്പോര്‍ട്ട് പിന്‍വലിക്കുക എന്നത് വഴി വാട്സാപ്പ് ഉദ്ദേശിക്കുന്നത് സെക്യൂരിറ്റി പാച്ചുകളോ, അപ്ഡേറ്റുകളോ, ബഗ് ഫിക്സുകളോ ഈ ഡിവൈസുകളില്‍ നല്‍കില്ല എന്നാണ്.

സാംസങ്, എല്‍.ജി, സോണി പോലുള്ള പ്രശസ്ത ബ്രാന്‍ഡുകളുടെ ചില മോഡലുകളുള്‍പ്പടെ നിരവധി ഫോണുകള്‍ വാട്സാപ്പിന്‍റെ ഈ തീരുമാനം കൊണ്ട് പ്രതിസന്ധിയിലായേക്കാം.വാട്സാപ്പ് തുടര്‍ന്നും ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ പുതിയ ആന്‍ഡ്രോയിഡ് അപ്ഡേറ്റിലേക്ക് മാറാനാണ് മെറ്റ നിര്‍ദേശിക്കുന്നത്. 

വാട്സാപ്പ് ഇനി ഉപ‍യോഗിക്കാന്‍ കഴിയാത്ത ആന്‍ഡ്രോയിഡ് ഫോണുകള്‍

സാംസങ്

  • ഗാലക്സി S3  
  • ഗാലക്സി Note 2
  • ഗാലക്സി Ace 3  
  • ഗാലക്സി S4 Mini  

മോട്ടോറോള

  • മോട്ടോ G (1st Gen)  
  • Razr HD 
  • മോട്ടോ E 2014  

എച്ച് ടി സി

  • വണ്‍ X  
  • വണ്‍ X+  
  • ഡിസൈര്‍ 500  
  • ഡിസൈര്‍ 601 

എല്‍ ജി 

  • ഒപ്റ്റിമസ് G  
  • നെക്സസ് 4  
  • ജി2 മിനി 
  • L90

സോണി

  • എക്സ്പീരിയ Z  
  • എക്സ്പീരിയ SP
  • എക്സ്പീരിയ T 
  • എക്സ്പീരിയ V  

മെറ്റ ആന്‍ഡ്രോയിഡ് ഫോണുകളിലേക്കുള്ള സപ്പോര്‍ട്ട് പിന്‍വലിക്കുന്നത് ഇത് ആദ്യമായല്ല. നിലവിലെ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ക്കും ഫീച്ചേഴ്സിനും അനുയോജ്യമായാണോ സോഫ്റ്റ് വെയറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ സ്ഥിരം വിലയിരുത്താറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും ആന്‍ഡ്രോയിഡിലും ഐ ഒ എസിലും പ്രവര്‍ത്തിക്കുന്ന ചില ഡിവൈസുകള്‍ക്കുള്ള പിന്തുണ വാട്സാപ്പ് പിന്‍വലിച്ചിരുന്നു. 2025 മെയ് 5 മുതൽ iOS 15.1-ൽ താഴെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് വാട്സാപ്പ് ഉപയോഗിക്കാൻ കഴിയില്ല. പഴയ ടെസ്റ്റ്‌ഫ്ലൈറ്റ് ബീറ്റ പതിപ്പുകൾ ഉൾപ്പെടെ ലഭിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ വാട്സ്ആപ്പ് iOS 12-നും അതിനുമുകളിലേക്കുമുള്ള ഡിവൈസുകളില്‍ ലഭിക്കുന്നുണ്ടെങ്കിലും ഇനി മുതല്‍ iOS 15.1 എന്നത് വാട്സാപ്പ് പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴയ വേര്‍ഷനായി നിശ്ചയിക്കപ്പെടും. ഉപഭോക്താക്കൾക്ക് ഡിവൈസുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ വാട്സ്ആപ്പ് അഞ്ചുമാസത്തെ സമയം നല്‍കിയിട്ടുണ്ട്. 

വാട്സാപ്പ് ഇനി ഉപ‍യോഗിക്കാന്‍ കഴിയാത്ത ആപ്പിള്‍ ഫോണുകള്‍

  • ഐഫോണ്‍ 5s
  • ഐഫോണ്‍ 6
  • ഐഫോണ്‍ 6 പ്ലസ്

ഈ മോഡലുകൾക്ക് അവസാനമായി ലഭിച്ച അപ്ഡേറ്റ് iOS 12.5.7 ആയതിനാൽ സപ്പോര്‍ട്ട് നല്‍കേണ്ടെന്നാണ് മെറ്റയുടെ തീരുമാനം.  പത്തുവര്‍ഷം പഴക്കമുള്ള  ഈ മോഡലുകൾ ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്. അതേസമയം, പുതിയ മോഡലുകളിൽ പഴയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവർക്ക് iOS 15.1 അല്ലെങ്കിൽ അതിനുമുകളിലുള്ള വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യുന്നത് വഴി വാട്സ്ആപ്പ് ഉപയോഗിക്കാനാകും.

ENGLISH SUMMARY:

meta releases full list of android phones that will no longer support whatsapp starting january