യു‌.പി‌.ഐ ആപ്പുകള്‍ക്കുമുകളിലുള്ള നിയന്ത്രണങ്ങളില്‍ അയവുവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഏതു യു‌പി‌ഐ ആപ്പും ഡിജിറ്റല്‍ വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാനുള്ള അനുമതി ആര്‍ബിഐ നല്‍കിക്കഴിഞ്ഞു. ഇനിമുതല്‍ കെ‌വൈ‌സി നടപടികള്‍ പൂര്‍ത്തിയാക്കിയ ഡിജിറ്റല്‍ വാലറ്റുകള്‍ യു‌പി‌ഐ പ്ലാറ്റ്ഫോമില്‍ പരസ്പരം ഉപയോഗിക്കാന്‍ സാധിക്കും.

ഇതുവരെ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകള്‍ക്കായിരുന്നു ഏത് യു.പി.ഐ ആപ്പും ഉപയോഗിക്കാന്‍ കഴിയുമായിരുന്നത്. പി.പി.ഐ ( പ്രീപെയ്ഡ് പേയ്മെന്‍റ്സ് ഇന്‍സ്ട്രുമെന്‍റ്സ്) യിലേക്കുള്ള യു.പി.ഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റ്സ്) പേയ്മെന്‍റുകള്‍ക്കായി പി.പി.ഐ പ്രൊവൈഡര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ടിയിരുന്നു, ഈയൊരു നിയമത്തിനാണ് മാറ്റം വരുന്നത്. ഇതോടെ വാലറ്റ് യൂസേഴ്സിന് യു.പി.ഐ പേയ്മെന്‍റുകള്‍ നടത്താന്‍ പി.പി.ഐ വാലറ്റ് ഇഷ്യൂവറിന്‍റെ സേവനം പ്രതീക്ഷിച്ചിരിക്കേണ്ട ആവശ്യം വരുന്നില്ല. ഏതൊരു തേര്‍ഡ് പാര്‍ട്ടി യു.പി.ഐ ആപ്പ് ഉപയോഗിച്ചും ട്രാന്‍സാക്ഷന്‍സ് നടത്താം.

കെ.വൈ.സി നടപടികള്‍ പൂര്‍ത്തീകരിച്ച ഡിജിറ്റല്‍ വാലറ്റാണെങ്കില്‍ അത് ഇനി എല്ലാ യു.പി.ഐ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായും ബന്ധപ്പെടുത്തി ഉപയോഗിക്കാന്‍ കഴിയുമെന്ന് ആര്‍.ബി.ഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.ഇതിനായി പി.പി.ഐ സേവനം നല്‍കുന്ന കമ്പനികള്‍ ഡിജിറ്റല്‍ വാലറ്റുകളുടെ കെ.വൈ.സി നടപടികള്‍ കൃത്യമായി നടപ്പാക്കണമെന്നും മറ്റ് തേര്‍ഡ് പാര്‍ട്ടി യു.പി.ഐ ആപ്പുകള്‍ വാലറ്റുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

വാലറ്റുകള്‍ പരസ്പരം ബന്ധിപ്പിച്ച് യു.പി.ഐ സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ഈയൊരു മാറ്റം വഴിയുള്ള നേട്ടം. ഇതോടെ യു.പി.ഐ സംവിധാനം കൂടുതല്‍ ശക്തമാകുമെന്നും റിസര്‍വ് ബാങ്ക് വിശ്വസിക്കുന്നു.ജനപ്രിയ പി.പി.ഐ സേവന ദാതാക്കളായ പേടിഎം, ഫോണ്‍പേ വാലറ്റ്, ആമസോണ്‍ പേ വാലറ്റ് എന്നിവര്‍ക്ക് ഈ മാറ്റം തിരിച്ചടിയാകും. അതേ സമയം തേര്‍ഡ് പാര്‍ട്ടി ആപ്പുകളായ ഗൂഗിള്‍പേ ഫോണ്‍പേ എന്നിവയും ഈ മാറ്റത്തിന് വിധേയരാകും.

ENGLISH SUMMARY:

change in upi rule rbi allows upi access for prepaid payment instruments via third party apps