starlink-india

TOPICS COVERED

രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബ്രോഡ്‌ബാന്‍ഡ് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് തൊട്ടരികെയാണ് ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ലിങ്ക്. കമ്പനിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഉടന്‍ അനുമതിയാകുമെന്നാണ് റിപ്പോര്‍ട്ട്.  ചുരുക്കം നടപടിക്രമങ്ങള്‍ മാത്രമാണ് മസ്കിന് മുന്നില്‍ അവശേഷിക്കുന്നത് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

 

അനുമതിക്കായി ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്‍ററിന് (IN-SPACe) ആവശ്യമായ രേഖകളെല്ലാം സ്റ്റാര്‍ലിങ്കിന്‍റെ മാതൃകമ്പനിയായ സ്പേസ് എക്സ് സമര്‍പ്പിച്ചു. അന്തിമ അനുമതിക്കായി കാത്തുനില്‍ക്കുകയാണ് സ്പേസ് എക്സ്. ഇന്ത്യയില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ആരംഭിക്കും മുമ്പ് ടെലികോം മന്ത്രാലയത്തില്‍ നിന്ന് സാറ്റ്‌ലൈറ്റ് ലൈസന്‍സും സ്പെക്ട്രവും സ്റ്റാര്‍ലിങ്ക് സ്വന്തമാക്കേണ്ടതുണ്ട്. സ്‌പെക്‌ട്രം വിതരണത്തിന് ലേലം വേണമോ എന്ന അനിശ്ചിതത്വമാണ് സ്റ്റാര്‍ലിങ്കിന്‍റെ ഇന്ത്യാ പ്രവേശനം നീട്ടിക്കൊണ്ടുപോയത്.

 

 

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് നെറ്റ്‌വര്‍ക്ക് കണ്‍ട്രോള്‍, കമാന്‍ഡ് സെന്‍റര്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട് എന്നാണ് സൂചന. അമേരിക്കയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം കഴിഞ്ഞ ആഴ്‌ച തീരുമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെസ്‌ല, സ്പേസ് എക്സ്, സ്റ്റാര്‍ലിങ്ക്, എക്സ് തുടങ്ങിയ നിരവധി കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 

 

ലോകമെങ്ങും വേഗതയേറിയ സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് നല്‍കുക ലക്ഷ്യമിട്ട് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് നിർമ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാർലിങ്ക് എന്നറിയപ്പെടുന്നത്. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ഭൂമിയില്‍ എത്തിക്കുന്ന പദ്ധതിയാണിത്. 

ENGLISH SUMMARY:

Elon Musk’s Starlink is on the verge of launching commercial broadband satellite internet services in India. Reports suggest that the company is close to receiving the necessary approvals, with only a few regulatory formalities remaining. The news was first reported by The Economic Times.