ഈ സോഷ്യല്‍ മീഡിയ യുഗത്തില്‍, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇടക്കൊന്ന് പണിമുടക്കിയാല്‍ ബുദ്ധിമുട്ടിലാവുന്നവര്‍ നിരവധിയാണ്. അങ്ങനെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇന്ന് കുറച്ചുസമയത്തേക്ക് പണി മുടക്കി. ഇതോടെ മെറ്റക്കെന്ത് പറ്റിയെന്ന് തിരക്കി എക്‌സിൽ പോസ്റ്റുകളും നിറഞ്ഞു.
ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റായ Downdetector.com അനുസരിച്ച്, ഇന്ത്യൻ സമയം രാവിലെ 7.59 മുതലാണ് മെറ്റ പണിമുടക്കിയത്. ഇന്ത്യയില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും മെറ്റയുടെ പ്രവർത്തനം കുറച്ച് സമയത്തേക്ക് നിര്‍ജീവമായി. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തിക്കുന്നില്ലെന്ന് കാട്ടി ആയിരക്കണക്കിന് പേരാണ് എക്‌സിൽ പോസ്റ്റുകളുമായെത്തിയത്.
26ന് രാത്രി മുതൽ തന്നെ മെറ്റയുടെ ആപ്പുകളിൽ ചില ചെറിയ പ്രശ്‌നങ്ങൾ കണ്ടിരുന്നുവെന്ന് എക്‌സിൽ വരുന്ന പ്രതികരണങ്ങൾ. ഇന്ന് (27–ാം തീയതി) രാവിലെ 8.30 ഓടെ ഫേസ്ബുക്കിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് കാട്ടിയും നിരവധി എക്‌ക് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. കുറച്ചു സമയത്തിന് ശേഷം, ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യാനും സാധിച്ചു.