ഐ ഫോണ്‍ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിര്‍ണായക അപ്ഡേറ്റ് പുറത്തിറക്കി ആപ്പിള്‍. നിലവില്‍ ഐ ഫോണിലുള്ള ഗുരുതര സുരക്ഷാപ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമാണ് iOS 18.3.2 അപ്ഡേറ്റെന്ന് ആപ്പിള്‍ പറയുന്നു. 704.2MB ആണ് സൈസ്. ഐ ഫോണില്‍ കടന്നുകൂടിയ ബഗിലൂടെ ഹാക്കർമാർക്ക് ഉപഭോക്താക്കളെ എളുപ്പത്തില്‍ വഞ്ചിതരാക്കുകയും, അപകടകരമായ വെബ് ഉള്ളടക്കങ്ങള്‍ ഫോണിലേക്ക് കൊണ്ടുവരാനും കഴിയുമായിരുന്നു. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനും ഫോണ്‍ തന്നെ നഷ്ടപ്പെട്ടേക്കാമെന്ന വെല്ലുവിളിയും ഈ സുരക്ഷാപ്രശ്നത്തെ തുടര്‍ന്ന് ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അതിവേഗത്തില്‍ ആപ്പിള്‍ പരിഹാരവുമായി എത്തിയത്. എത്രയും വേഗം തന്നെ പുതിയ അപ്ഡേറ്റ് ഉപഭോക്താക്കള്‍ ഇന്‍സ്റ്റോള്‍ ചെയ്യണമെന്നാണ് കമ്പനി നിര്‍ദേശിക്കുന്നത്.
സീറോ-ഡേ എന്നാൽ ഒരു സോഫ്റ്റ്‌വെയർ സുരക്ഷാ ദുർബലതയാണ്, ഇവിടെ ബന്ധപ്പെട്ട വിദഗ്ധർക്ക് മുമ്പ് അതെങ്ങനെ പരിഹാരിക്കാമെന്നതിനെക്കുറിച്ച് ധാരണയില്ലായിരുന്നു. എന്നാൽ ചില ഹാക്കർമാർ സിസ്റ്റങ്ങളെ ആക്രമിക്കാൻ ഇത് ഉപയോഗപ്പെടുത്തിയിരിക്കാം. പുതിയ അപ്‌ഡേറ്റ് മോഡൽ ഐഫോണ്‍ XSലും അതിന് ശേഷമിറങ്ങിറങ്ങിയിട്ടുള്ളതുമായ എല്ലാ ഐഫോണുകളിലും ലഭ്യമാണ്. ഈ അപ്‌ഡേറ്റ് പ്രധാനപ്പെട്ട ബഗ് പരിഹാരങ്ങൾ, സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ നൽകുന്നു, കൂടാതെ ചില സ്ട്രീമിംഗ് ഉള്ളടക്കത്തിന്റെ പ്ലേബാക്ക് തടയുന്ന പ്രശ്‌നവും പരിഹരിക്കുന്നു, എന്നാണ് കമ്പനി ഏറ്റവും പുതിയ അപ്‌ഡേറ്റിനെക്കുറിച്ച് വിശദീകരിക്കുന്നത്. അതേസമയം, അപ്‌ഡേറ്റിലൂടെ പരിഹരിച്ച പ്രശ്‌നത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ആപ്പിള്‍ പുറത്തുവിട്ടിട്ടുമില്ല.
പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുമ്പോൾ തന്നെ, വരും ആഴ്ചകളിൽ iOS 18.4 അപ്ഡേറ്റ് അവതരിപ്പിക്കാനുള്ള തിരക്കില്‍ കൂടെയാണ് ആപ്പിള്‍. iOS 18.4 ബീറ്റ 3 അപ്‌ഡേറ്റ് ഈ ആഴ്ച പുറത്തിറങ്ങിയിരുന്നു. ഏപ്രിലിൽ പൂർണ്ണ പതിപ്പോടെ ഐഫോൺ ഉപഭോക്താക്കൾക്കായി പുതിയ സവിശേഷതകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. സിരിയുടെ AI വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിന് ആപ്പിള്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിരിയുടെ ഈ പുതിയ രൂപം iPhone 16 ലോഞ്ച് ഇവന്‍റിലും സമീപകാല പരസ്യങ്ങളിലും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഈ സവിശേഷത ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന iPhone 17 സീരിസിലും ലഭ്യമാകാൻ ഇടയില്ല.