upi-transactions

TOPICS COVERED

രാജ്യം ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറിയതോടെ കയ്യിലുള്ള മൊബൈല്‍ തന്നെയാണ് ഇന്ന് ആളുകളുടെ പഴ്സും. മുന്‍പത്തെ പോലെ പണം ചില്ലറയാക്കി പഴ്സില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത കാലം, പഴ്സ് എടുക്കാന്‍ മടിക്കുന്ന കാലം. എന്നാല്‍‍ പെട്ടെന്നൊരു ദിവസം ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് തടസം അനുഭവപ്പെട്ടാല്‍ എന്ത് സംഭവിക്കും? ആ അവസ്ഥയാണ് ഇന്നലെ രാജ്യമെങ്ങും അനുഭവപ്പെട്ടത്. പൊടുന്നനവേ യുപിഐ നിശ്ചലമായത്. ഹോട്ടലുകളില്‍, പെട്രോള്‍ പമ്പുകളില്‍, കടകളില്‍ എല്ലാം ആളുകള്‍ കുടുങ്ങി, കയ്യില്‍ പണമില്ലാതെ പലഞ്ഞു. രാവിലെ 11 മണിക്ക് ശേഷം ഉടലെടുത്ത സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച്, യുപിഐ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണനിലയിലേക്ക് ആയത് ഉച്ചയ്ക്ക് ശേഷമാണ്. ഇതാദ്യമായല്ല യുപിഐ അപ്രതീക്ഷിതമായി പണിമുടക്കുന്നത്. ഒരുമാസത്തിനിടെ രാജ്യത്ത് യുപിഐ നിശ്ചലമാകുന്നത് ഇത് മൂന്നാം തവണയാണ്, അതായത് കാര്യങ്ങള്‍ ഒട്ടും നിസാരമല്ല.

upi-outrage

ഡൗൺഡിറ്റക്ടറിന്റെ റിപ്പോർട്ട് പ്രകാരം ഇന്നലെ ഉച്ചയ്ക്ക് യുപിഐ നിശ്ചലമായതോടെ ഏകദേശം 1,168 പരാതികളാണ് റജിസ്റ്റർ ചെയ്തത്. ഗൂഗിള്‍ പേ, പേടിഎം ഉപയോക്താക്കളെല്ലാം പരാതിയുമായെത്തി. എന്നാല്‍ സാങ്കേതിക തടസത്തിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്. മണിക്കൂറുകള്‍ക്കകം സാങ്കേതിക തകരാര്‍ നാഷനല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എൻ‌പി‌സി‌ഐ) സ്ഥിരീകരിച്ചു. നിലവിൽ എൻ‌പി‌സി‌ഐ ഇടയ്ക്കിടെ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നുവെന്നും ഇത് ഭാഗികമായി യു‌പി‌ഐ ഇടപാടുകളെയും ബാധിക്കുന്നുവെന്നും അവര്‍ എക്സില്‍ കുറിച്ചു. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എൻ‌പി‌സി‌ഐ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ രാത്രി 11 മണിയോടെ എൻ‌പി‌സി‌ഐ പങ്കുവച്ച പോസ്റ്റില്‍ ഉച്ചകഴിഞ്ഞതോടെ തടസം മാറി സര്‍വീസുകള്‍ സ്ഥിരത കൈവരിച്ചതായും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നുവെന്നും പറയുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 മാർച്ച് വരെ ഏകദേശം 18,301.51 ദശലക്ഷം ഇടപാടുകളാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലൂടെ (യുപിഐ) നടന്നത്. അതായത് ഏകദേശം 2,477,221.61 കോടി രൂപയുടെ പണമിടപാടുകള്‍. ഈ കണക്കുകളില്‍ നിന്നു തന്നെ ഇന്ത്യയിലെ ജനത യുപിഐ പണമിടപാടുകളെ എത്രത്തോളം ആശ്രയിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. 24 മണിക്കൂറും 365 ദിവസവും പണം കൈമാറാം എന്നുള്ളതും സുഗമമായ ഒറ്റ ക്ലിക്ക് പേയ്‌മെന്റും വർദ്ധിച്ചുവരുന്ന സുരക്ഷയുമാണ് ഡിജിറ്റല്‍ പണമിടപാടുകളെ കൂടുതല്‍ ജനപ്രിയമാക്കിയത്.

upi

എന്നാല്‍ ഈ സാഹചര്യത്തില്‍ നേരിടുന്ന സാങ്കേതിക തടസങ്ങള്‍ കാര്യമായി തന്നെ ഉപയോക്താക്കളെയും വിപണിയേയും ബാധിക്കും. കഴിഞ്ഞ 20 ദിവസത്തിനുള്ളിലുണ്ടായ മൂന്നാമത്തെ സാങ്കേതിക തടസമാണ് ഇന്നലെ നേരിട്ടത്. ഏപ്രിൽ 2നായിരുന്നു ഇതിന് മുന്‍പ് യുപിഐ തടസം നേരിട്ടത്. ഡൗൺഡിറ്റക്ടറിൽ 514 പരാതികളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഈ ദിവസം ബാങ്കുകളുടെ ഇടപാടുകളുടെ ഫലപ്രാപ്തിയില്‍ ചാഞ്ചാട്ടം ഉണ്ടായതായി നാഷനൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനും മുന്‍പ് മാർച്ച് 26നും തടസമുണ്ടായിരുന്നു. ഗൂഗിൾ പേ, പേടിഎം അടക്കമുള്ള യുപിഐ ആപ്പുകളുടെ ഉപയോക്താക്കളെ ഇത് ബാധിച്ചു. മൂന്നു മണിക്കൂര്‍വരെ യുപിഐ നിശ്ചലമായിരുന്നു. ഡൗൺഡിറ്റക്ടറിൽ 3,000-ത്തിലധികം പരാതികളാണ് ലഭിച്ചത്.

ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം ഓടിയടുക്കുമ്പോള്‍, പൂര്‍ണമായും ഒരു ഡിജിറ്റലൈസ്ഡ് ആയ കാലം വരുമ്പോള്‍ ഒരു സാങ്കേതിക തടസം വന്നാല്‍ എന്തു സംഭവിക്കും എന്ന ആശങ്ക ഇത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തടസം നേരിട്ടാല്‍ ഒരു ബാക്ക് അപ്പ് പ്ലാന്‍ ആവശ്യമില്ലേയെന്ന് ഉപയോക്താക്കളും ചോദിക്കുന്നു. ഓണ്‍ലൈന്‍ കൂടാതെ ഓഫ്‌ലൈൻ ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യവും കൂടുതല്‍ മികച്ച ആസൂത്രണവും ഇത്തരം ഘട്ടങ്ങളില്‍ അത്യാവശ്യമാണ്. ബ്ലൂടൂത്ത് അധിഷ്ഠിത പേയ്‌മെന്റുകൾ, ഓഫ്‌ലൈൻ ഇടപാടുകൾക്കുള്ള സംവിധാനം, ഉടനടി പരിഹാരം എന്നിവയുടെ ആവശ്യവും ഇത് വര്‍ധിപ്പിക്കുന്നു.

ENGLISH SUMMARY:

India faces its third UPI outage in 20 days, leaving users stranded across hotels, petrol stations, and shops. With digital payments now integral, the need for offline backup systems is urgent.