upi-transactions

യുപിഐ വഴി പണമിടപാട് നടത്താന്‍ ശ്രമിച്ചാലും സാധിക്കാത്ത അവസ്ഥ. പലരും കഴിഞ്ഞ മണിക്കൂറുകളില്‍ നേരിട്ട പ്രതിസന്ധിയിതാകാം.  നിങ്ങള്‍ മാത്രമല്ല, രാജ്യത്ത് ഒട്ടുമിക്ക യുപിഐ ഉപഭോക്താക്കളും ഈ തടസങ്ങള്‍ നേരിടുന്നു എന്നാണ് വിവരം. വാര്‍ഷിക കണക്കെടുപ്പ് കാരണം ബാങ്കുകളുടെ ഇടപാടുകളില്‍ തടസം നേരിടാമെന്നാണ് നാഷണല്‍ പേയ്െമന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) വ്യക്തമാക്കിയത്.  

ചൊവ്വാഴ്ച ഉച്ച മുതല്‍ വൈകിട്ട് വരെ ഇടപാടുകളില്‍ തടസം നേരിടും എന്ന വിവരം എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ഷിക കണക്കെടുപ്പ് പ്രകാരം ഉച്ചയ്്ക്ക് ഒരു മണി മുതല്‍ വൈകീട്ട് നാലു മണി വരെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടുമെന്നാണ് എസ്ബിഐയുടെ അറിയിപ്പ്. 

ഇന്‍റര്‍നെറ്റ് ബാങ്കിങ്, റീട്ടെയില്‍, മെര്‍ച്ചന്‍റ്, യൂനോ ലൈറ്റ്, സിഐഎന്‍ബി, യുനോ ബിസിനസ് വെബ് ആന്‍ഡ് മൊബൈല്‍ ആപ്പ്, യുപിഐ എന്നിവയാണ് തടസപ്പെടുക. ഈ സമയത്ത് യുപിഐ ലൈറ്റ്, എടിഎം വഴിയുള്ള ഇടപാടുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും എസ്ബിഐ അറിയിച്ചു.  

എളുപ്പത്തില്‍ യുപിഐ പിന്‍ ഉപയോഗിക്കാതെ ഇടപാട് നടത്താന്‍ സാധിക്കുന്ന പേയ്മെന്‍റ് രീതിയാണ് യുപിഐ ലൈറ്റ്. ചെറിയ തുകയുടെ ഇടപാടുകളാണ് യുപിഐ ലൈറ്റ് വഴി നടത്താന്‍ സാധിക്കുക.

വാലറ്റിൽ നിന്നുമാണ് യുപിഐ ലൈറ്റിലെ ഇടപാടുകൾ നടത്തുന്നത്. ഒരു ഇടപാടിന് പരമാവധി 1,000 വരെ ഉപയോഗിക്കാം. പ്രതിദിനം 5,000 രൂപ വരെയാണ് ഉപയോഗിക്കാന്‍ സാധിക്കുക. 

ENGLISH SUMMARY:

UPI transactions may be disrupted due to annual financial reconciliation. SBI announces digital service downtime from 1 PM to 4 PM. UPI Lite and ATM transactions will remain operational.