TITANIC-SUBMERSIBLE/TITAN
  • കണ്ടെത്തലുമായി ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍
  • ദുരന്തമുണ്ടായത് 2023 ജൂണ്‍ 18 ന്
  • പേടകത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു

‘ടൈറ്റാനിക്കി’ന്‍റെ രഹസ്യം തേടിപ്പോയ ടൈറ്റന്‍ പേടകം സമുദ്രത്തിന്‍റെ അടിത്തട്ടില്‍ പൊലിയാന്‍ കാരണം 'മൈക്രോ ബക്​ലിങ്' ആകാമെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. ഓഷന്‍ ഗേറ്റ് സ്ഥാപകന്‍ സ്റ്റോക്ടന്‍ റഷ് ഉള്‍പ്പടെ അഞ്ചുപേരുടെ ജീവനാണ് അന്ന് നഷ്ടമായത്. ദുരന്തത്തിന് കാരണം പേടകത്തിലെ വായുമര്‍ദത്തില്‍ വന്ന വ്യതിയാനമാകാം എന്നതടക്കം പല വിലയിരുത്തലുകള്‍ അന്ന് പ്രചരിച്ചിരുന്നു. ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ സിവില്‍ എഞ്ചിനീയറിങ് വിഭാഗം പ്രഫസര്‍ റോബര്‍ട്ടോ ബല്ലറിനിയും സംഘവുമാണ് പുതിയ കണ്ടെത്തില്‍ നടത്തിയിരിക്കുന്നത്. 

  • COMBO-US-ACCIDENT-TOURISM-TITANIC-CANADA-SUBMERSIBLE-MISSING
  • Titanic Tourist Sub
  • TITANIC-SUBMERSIBLE/
  • US-CANADA-TITANIC-SUBMERSIBLE

വെള്ളത്തിന്‍റെ അതിസമ്മര്‍ദം കൊണ്ട് ലോഹത്തിന്‍റെ രൂപത്തിന് സംഭവിക്കുന്ന മാറ്റമാണ് മൈക്രോ ബക്​ലിങ്. ടൈറ്റന്‍ പേടകത്തിന്‍റെ ആവരണം നിര്‍മിച്ചത് കാര്‍ബണ്‍ ഫൈബര്‍ കൊണ്ടായിരുന്നു. വെള്ളത്തിന്‍റെ മര്‍ദമേറിയപ്പോള്‍ കാര്‍ബണ്‍ ഫൈബര്‍ മൈക്രോബക്​ലിങിന് വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ബല്ലറിനി പറയുന്നു. ഡൈവിനിടയില്‍ പേടകം മൈക്രോ ബക്​ലിങിന് വിധേയമായിട്ടുണ്ടെങ്കില്‍ അതിന്‍റെ കരുത്തും ദൃഢതയും നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഇത് ഇംപ്ലോഷന് ആക്കം കൂട്ടിയിട്ടുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. 

ഏപ്രിലില്‍ 'പ്രൊസീഡിങ്സ് ഓഫ് ദ് നാഷണല്‍ അക്കദമി ഓഫ് സയന്‍സസ്' മാസികയിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. നിര്‍മാണത്തിലെ പിഴവുകള്‍ എങ്ങനെയാണ് വലിയ ദുരന്തത്തിന് വഴിതെളിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്തര്‍വാഹിനികളുടെ നിര്‍മാണത്തിന് ടൈറ്റാനിയം പോലുള്ള കരുത്തേറിയ ലോഹങ്ങളാണ് സാധാരണ ഉപയോഗിക്കാറ്. ടൈറ്റന്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച കാര്‍ബണ്‍ ഫൈബര്‍ സിലിണ്ടര്‍ താരതമ്യേന ദുര്‍ബലമാണ്. മുകളിലും താഴെയും മാത്രമാണ് പേടകത്തില്‍ ടൈറ്റാനിയം ഡോം ഉണ്ടായിരുന്നത്. 

ഓഷന്‍ഗേറ്റ് സ്ഥാപകനായ റഷ്, താന്‍ ചില നിയമങ്ങള്‍ തെറ്റിച്ചാണ് ഈ പേടകം നിര്‍മിച്ചതെന്ന് അഭിമുഖത്തില്‍ സമ്മതിക്കുന്നുണ്ട്. ടൈറ്റാനിയം പോലെ ഭാരമേറിയ ലോഹത്തിന് പകരം ചിലവു കുറഞ്ഞ മാര്‍ഗം അവലംബിക്കുന്നത് ആഴക്കടല്‍ പര്യവേഷണത്തിന്റെ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും അതുവഴി വിനോദ സഞ്ചാരമുള്‍പ്പെടെ വാണിജ്യ മാര്‍ഗങ്ങള്‍ വികസിപ്പിക്കാന്‍ കഴിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അല്‍പലാഭത്തിനുവേണ്ടിയുള്ള ഈ നീക്കമാണ് തോരാക്കണ്ണീരില്‍ കലാശിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടൈറ്റന്‍ അന്ന് വിജയകരമായി തിരിച്ചെത്തിയെങ്കിലും പിന്നീടുള്ള യാത്രകള്‍ സുരക്ഷിതമായിരിക്കുമെന്ന് ഒരുറപ്പും നല്‍കാനാവില്ലെന്ന് ടൈറ്റന്‍ രൂപകല്‍പന ചെയ്ത ജോണ്‍ റംസെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. വെള്ളത്തിന്റെ മര്‍ദത്തോട് കാര്‍ബണ്‍ ഫൈബര്‍ എങ്ങനെ പ്രതികരിക്കുമെന്നത് തന്നെയാണ് വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

2023 ജൂണ്‍ 18നാണ് ടൈറ്റന്‍ പേടകം ടൈറ്റാനിക് അവശിഷ്ടങ്ങള്‍ തേടി സമുദ്രത്തിലേക്ക് ഊളിയിട്ടത്. സ്റ്റോക്ടന്‍ റഷ്, ദുബായ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, പാകിസ്ഥാനിലെ ശതകോടീശ്വരന്‍ ഷഹ്സദ ദാവൂദ്, മകന്‍ സുലൈമാന്‍, പൈലറ്റ് പോള്‍ ഹെന്‍റി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. യാത്ര പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മദര്‍ഷിപ്പുമായി പേടകത്തിന് ബന്ധം നഷ്ടപ്പെട്ടു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ 23ന്  പേടകത്തിന്‍റെ അവശിഷ്ടം കണ്ടെടുത്തു. ഇതോടെ യാത്രക്കാര്‍ അഞ്ചു പേരും കൊല്ലപ്പെട്ടതായി  സ്ഥിരീകരിക്കുകയായിരുന്നു.

Microbuckling:

'Titan' disaster may have been caused by ‘micro-buckling’, says study report