സാങ്കേതിക തകരാര്‍ കാരണം മടങ്ങിവരവ് വൈകിയ സ്റ്റാര്‍ലൈനര്‍ പേടകം മടങ്ങിയെത്തി. മൂന്നുമാസമായി ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്തിരിക്കുകയായിരുന്നു പേടകം. സുനിത വില്യംസും ബുച്ച് വില്‍ മോറും ബഹിരാകാശ നിലയത്തില്‍നിന്ന് മടങ്ങിവരേണ്ടത് ഈ പേടകത്തിലായിരുന്നു. അപകടം ഒഴിവാക്കാന്‍ ആളില്ലാതെയാണ് പേടകം തിരിച്ചെത്തിച്ചത്
പത്ത് ദിവസത്തെ ദൗത്യത്തിനായാണ് ജൂണ്‍ അഞ്ചിന് വില്‍മോറും സുനിതയും ബഹിരാകാശത്തേക്ക് പോയത്. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ മൂന്നിടത്ത് ഹീലിയം ചോര്‍ച്ചയുണ്ടായതിന് പുറമെ പേടകത്തിന്‍റെ സഞ്ചാരം സുഗമമാക്കുന്ന ത്രസ്റ്ററുകള്‍ കൂടി പണി മുടക്കി. ഇത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും സാധ്യമായിരുന്നില്ല. തുടര്‍ന്ന് മടക്കയാത്രയും പല തവണ മാറ്റിവച്ചു. ഒടുവിലാണ് ഫെബ്രുവരിയില്‍ സ്പേസ് എക്സ് പേടകത്തില്‍ ഇരുവരെയും ഭൂമിയിലെത്തിക്കാന്‍ അന്തിമ തീരുമാനമെടുത്തത്.
പേടകത്തിനേറ്റ തകരാറും തുടര്‍ന്നുണ്ടായ സംഭവങ്ങളും ബോയിങ് സ്റ്റാര്‍ലൈനറിനെ ഇനിയൊരിക്കല്‍ കൂടി ആശ്രയിക്കുന്നതില്‍ നിന്ന് നാസയെ പിന്തിരിപ്പിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. എന്നാല്‍. എന്നാല്‍ തുടര്‍ന്നും ബഹിരാകാശ യാത്രകള്‍ക്കുതകുന്ന പേടകങ്ങളില്‍ തന്നെ ബോയിങ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സുരക്ഷയ്ക്ക് തന്നെയാകും ഊന്നലെന്നും നാസ വ്യക്തമാക്കുന്നു.