മാനത്തെ അമ്പിളിയമ്മാവന് കൂട്ടായി ഒരു കുഞ്ഞന്‍ അതിഥിയെത്തുകയാണ്. നമ്മുടെ ചന്ദ്രനെപ്പോലെ തന്നെ ഒരു കുഞ്ഞു ചന്ദ്രന്‍. ഈ മാസം അവസാനത്തോടെ രാത്രിയെ കൂടുതല്‍ മിഴിവുറ്റതാക്കാനെത്തുന്ന ആ അതിഥിക്കുവേണ്ടി കാത്തിരിക്കാം...
2024 പിറ്റി 5 എന്ന് ചിന്നഗ്രഹമാണ് സെപ്തംബര്‍ 29 മുതല്‍ ഏകദേശം നവംബര്‍ 25 വരെയെങ്കിലും ചന്ദ്രന് കൂട്ടാകാനൊരുങ്ങുന്നത്. ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. ഏകദേശം 4.5 ദശലക്ഷം കിലോമീറ്റര്‍ വരെയെങ്കിലും ഇത്തരത്തില്‍ ഛിന്നഗ്രഹങ്ങള്‍ എത്താറുമുണ്ട്. എന്നാല്‍ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടും. ഇത്തരത്തില്‍ ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂർവമാണ്. ഗുരുത്വാകർഷണത്തിൽ കുടുങ്ങി രണ്ട് മാസത്തോളം ഇത് ചന്ദ്രനെപ്പോലെ ഭൂമിയെ ചുറ്റി സഞ്ചരിക്കുകയും ചെയ്യും.
ഇതാദ്യമായല്ല ചന്ദ്രന് ഒരു കൂട്ടുകിട്ടുന്നത്! 1981 ല്‍ മിനിമൂണായി എത്തിയ 2022എന്‍എക്സ്1 2022ല്‍ വീണ്ടും അമ്പിളിക്ക് കൂട്ടായി എത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ 2024 പിറ്റി5 ആകട്ടെ 2055 ല്‍ വീണ്ടും ചന്ദ്രന് കൂട്ടായി എത്തുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ 2024 PT5 ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂർണ്ണ ഭ്രമണം പോലും പൂര്‍ത്തിയാക്കില്ലെന്നും അതിനാല്‍ സാങ്കേതികമായി ചന്ദ്രനായി കരുതാനാകില്ലെന്നും അഭിപ്രായമുണ്ട്. സെപ്തംബര്‍ 29ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന ഛിന്നഗ്രഹം നവംബര്‍ 25ഓടെ ഭ്രമണപഥം വിട്ട് പുറത്തുപോകും. ALSO READ: മാനത്തമ്പിളി അകലുന്നു; ഭാവിയില്‍ ദിവസത്തിന്‍റെ ദൈര്‍ഘ്യം വര്‍ധിച്ചേക്കാം
അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടേതാണ് ഈ കണ്ടെത്തല്‍. ഓഗസ്റ്റ് ഏഴിന് നാസയുടെ ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍ ഇംപാക്ട് ലാസ്റ്റ് അലര്‍ട് സിസ്റ്റം അഥവാ അറ്റ്ലസ് ആണ് ആദ്യമായി ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഏകദേശം 33 അടിയോളം വീതിയുണ്ട് ഇതിനെന്നാണ് കരുതുന്നത്. ‘മിനി മൂണ്‍’ എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. ബഹിരാകാശത്തെ അര്‍ജുന ഛിന്നഗ്രഹ വലയത്തില്‍ നിന്നാണ് 2024 പിറ്റി5 എത്തുന്നത്. അതേസമയം ഛിന്നഗ്രഹത്തെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കില്ല, പ്രൊഫഷണല്‍ ടെലസ്കോപ്പുകള്‍ ആവശ്യമായി വന്നേക്കാം.