വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയുടെ ഉപരിലത്തിലൂടെ ചൂടുവെള്ളം ഒഴുകിയിരുന്നതായി പഠനം. തീര്‍ന്നില്ല! ഇത് ചൊവ്വ ഒരിക്കൽ വാസയോഗ്യമായിരുന്നു എന്നതിന്‍റെ തെളിവാണെന്നും ഓസ്‌ട്രേലിയൻ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 2011ൽ സഹാറ മരുഭൂമിയിൽ കണ്ടെത്തിയ ചൊവ്വയില്‍ നിന്നു പതിച്ച ഉല്‍ക്കാശില വിശകലനം ചെയ്താണ് പുതിയ കണ്ടെത്തല്‍. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിനു പിന്നില്‍.
ബ്ലാക്ക് ബ്യൂട്ടി എന്നറിയപ്പെടുന്ന NWA7034 ഉല്‍ക്കയില്‍ നിന്നുള്ള 4.45 ബില്യൺ വർഷം പഴക്കമുള്ള സിർകോൺ ധാതുവാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. ഇതില്‍ ദ്രാവകങ്ങളുടെ ജിയോകെമിക്കൽ അടയാളങ്ങളുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ചൊവ്വയില്‍ മാഗ്മ ഒഴുകിയിരുന്ന കാലത്തെ ജലത്തിന്‍റെ സാന്നിധ്യമാണ് ഇത് സൂചിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ എന്ന് മനസിലാക്കാന്‍ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂമിയിലെ ജീവന്‍റെ വികാസത്തിലും ഇത്തരം ഹൈഡ്രോ തെര്‍മല്‍ സംവിധാനങ്ങള്‍ സ്വാധീനം ചെലുത്തിയിരുന്നു. അതുകൊണ്ടുതന്നെ ചൊവ്വയിലും ജീവനുണ്ടായിരുന്നതിന്‍റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇരുമ്പ്, അലൂമിനിയം, യട്രിയം, സോഡിയം തുടങ്ങിയ മൂലകങ്ങളും അടങ്ങിയതായിരുന്നു ഈ ഉല്‍ക്കാശില.
അതേസമയം, ഇതാദ്യമായല്ല ചൊവ്വയിൽ വെള്ളത്തിൻ്റെ സാധ്യത കണ്ടെത്തുന്നത്. ഏകദേശം 4.1 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ചൊവ്വയിൽ ജലം ദ്രാവക രൂപത്തിൽ ഉണ്ടായിരുന്നുവെന്ന് നേരത്തെ പഠനങ്ങളുണ്ടായിരുന്നു. സൂര്യനിൽ നിന്നുള്ള കഠിനമായ സൗരവികിരണങ്ങള്‍ കാരണമാകാം കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൊവ്വയില്‍ നിന്നും ജലം അപ്രത്യക്ഷമായതെന്നും മുന്‍കാല പഠനങ്ങള്‍ പറയുന്നു.