ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമദശകളിലൂടെ കടന്നുപോയാണ് മനുഷ്യവംശം ഇന്നത്തെ നിലയിലെത്തിയത്. മനുഷ്യന്‍റെ പരിണാമകാലം അവസാനിച്ചോ എന്നതിന് ‘ഇല്ല’ എന്നു തന്നെയാണ് ശാസ്ത്രം എന്നും തന്നിരുന്ന ഉത്തരം. എന്നാല്‍ നമ്മുടെ കണ്‍മുന്‍പിലെ മനുഷ്യന്‍റെ പരിണാമത്തെ വെളിവാക്കുകയാണ് കെയ്‌സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ എമെരിറ്റ സിന്തിയ ബീൽ നടത്തിയ ഗവേഷണം.
ടിബറ്റൻ പീഠഭൂമിയിലെ ഓക്സിജൻ കുറഞ്ഞ അവസ്ഥയിൽ പോലും ജീവിക്കാന്‍ സാധിക്കുന്ന തരത്തില്‍ അവിടെ താമസിക്കുന്ന ആളുകൾ പരിണമിച്ചിരിക്കുന്നു എന്നാണ് പുതിയ പഠനം. 10,000 വർഷത്തിലേറെയായി ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയവരുടെ ശരീരം ടിബറ്റൻ പീഠഭൂമിയിലെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി മാറിയിരിക്കുന്നു.
സാധാരണഗതിയില്‍ ഓക്സിജൻ കുറയുമ്പോള്‍ മനുഷ്യരില്‍ ഇത് ഹൈപ്പോക്സിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഉയര്‍ന്നതോ താഴ്ന്നതോ ആയ പ്രദേശങ്ങളില്‍ ജീവിക്കുന്നു എന്നതുകൊണ്ട് ഈ അവസ്ഥയ്ക്ക് വ്യത്യാസമുണ്ടാകാറില്ല. ടിബറ്റൻ പീഠഭൂമിയിലാകട്ടെ താഴ്ന്ന ഇടങ്ങളില്‍ ജീവിക്കുന്നവര്‍ ശ്വസിക്കുന്നതിനേക്കാള്‍ ഓക്സിജന്‍റെ അളവ് കുറവാണ്. ഈ സാഹചര്യങ്ങളെയാണ് ഒരു ജനത അതിജീവിക്കുന്നത്.
വെല്ലുവിളി നിറഞ്ഞ ജീവിതസാഹചര്യങ്ങളോടിണങ്ങാന്‍ മനുഷ്യർ എങ്ങനെ മാറുന്നു എന്നതിന് ഉദാഹരണമാണ് ടിബറ്റന്‍ സമുഹമെന്ന് പഠനം പറയുന്നു. ഒക്‌ടോബർ 21ന് നാഷണൽ അക്കാദമി ഓഫ് സയൻസസിന്‍റെ (പിഎൻഎഎസ്) പ്രൊസീഡിങ്സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ടിബറ്റിലെ ഓക്‌സിജൻ കുറഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ ശാരീരിക സവിശേഷകളാണ് മറ്റൊരു പരിണാമദശയിലേക്ക് വെളിച്ചം വീശുന്നത്. വെല്ലുവിളി നിറഞ്ഞ സഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഓക്സിജന്‍ കുറഞ്ഞപ്രദേശങ്ങളില്‍ മനുഷ്യര്‍ക്ക് അധികനേരം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നിരിക്കെ ടിബറ്റന്‍ സ്ത്രീകള്‍ ആ സാഹചര്യത്തെ അത്ഭുതകരമായി അതിജീവിച്ചു. മാത്രമല്ല അവരിലെ പ്രത്യുല്‍പാദനശേഷിയും വര്‍ധിച്ചു. മറ്റ് കുടിയേറ്റക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ടിബറ്റന്‍ സ്ത്രീകളുടെ രക്തത്തിലെ ഹീമോഗ്ലോബിൻ സാന്ദ്രത കുറവും, ഓക്സിജന്‍ സാച്ചുറേഷന്‍ കൂടുതലുമാണ്. മാത്രമല്ല ഇവരുടെ ഗര്‍ഭാശയ ധമനികളില്‍ രക്തചംക്രമണം ഉയര്‍ന്ന നിലയിലുമാണ്. നവജാതശിശുക്കളില്‍ ഉയര്‍ന്ന ശരീരഭാരവും കണ്ടെത്തിയിട്ടുണ്ട്. പ്രസവ ശേഷവും ടിബറ്റൻ സ്ത്രീകളിൽ ഹീമോഗ്ലോബിൻ സാന്ദ്രത ഉയരാതെ നില്‍ക്കുന്നു. ഇവരിലെ ഉയർന്ന ഓക്സിജൻ സാച്ചുറേഷൻ, ഉയർന്ന പൾസ് നിരക്ക് എന്നിവ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന പ്രത്യുല്‍പാദന ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവര്‍ക്ക് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
ഉയർന്ന പ്രത്യുൽപാദന നിരക്കുള്ള സ്ത്രീകളില്‍ ശ്വാസകോശത്തിലേക്ക് ഉയർന്ന രക്തപ്രവാഹം കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഹൃദയത്തിലെ ഓക്സിജൻ അടങ്ങിയ രക്തം ശരീരത്തിലേക്ക് പമ്പ് ചെയ്യുന്ന ഇടത് വെൻട്രിക്കിളുകള്‍ക്ക് ശരാശരിയില്‍ കൂടുതല്‍ വ്യാസമുണ്ട്. ഈ സവിശേഷതകൾ ശ്വസന വായുവില്‍ നിന്ന് ലഭിക്കുന്ന ഓക്സിജന്‍ കുറവെങ്കിലും പരമാവധി പ്രയോജനപ്പെടുത്താന്‍ മനുഷ്യശരീരത്തെ പ്രാപ്തമാക്കുന്നു. മാത്രമല്ല ചെറുപ്പത്തിൽ പ്രത്യുൽപാദനം ആരംഭിക്കുകയും നീണ്ട വിവാഹജീവിതം നയിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമ്മമാരിൽ കാണപ്പെടുന്ന ഈ അതിജീവന സ്വഭാവങ്ങള്‍ കുഞ്ഞുങ്ങളിലേക്കും പകര്‍ന്നു ലഭിക്കുന്നു. ഇത് തലമുറ, തലമുറകളായി കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ക്കും പഠനം അടിവരയിടുന്നു.
മറ്റു ജീവിവര്‍ഗങ്ങളെപ്പോലെ തന്നെ മനുഷ്യവര്‍ഗത്തിനും ഇത്രയധികം ജൈവിക വ്യതിയാനങ്ങളുണ്ട് എന്നതിന്‍റെ ഉദാഹരണമാണിതെന്ന് യുഎസിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രജ്ഞനായ സിന്തിയ ബീൽ സയൻസ് അലർട്ടിനോട് പറഞ്ഞു. മനുഷ്യ പരിണാമത്തിന്‍റെ ഈ പാറ്റേണ്‍ സ്വാഭാവിക തിരഞ്ഞെടുപ്പാണ്. ഇത്തരം ജനവിഭാഗങ്ങൾ എങ്ങനെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നു എന്ന് മനസ്സിലാക്കുന്നത് മനുഷ്യപരിണാമത്തിന്‍റെ പ്രക്രിയകളെക്കുറിച്ച് കൂടുതൽ നന്നായി പഠിക്കാന്‍ സഹായിക്കുമെന്നും ബീൽ പറയുന്നു. ജീവിതകാലം മുഴുവന്‍ നേപ്പാളില്‍ ഏകദേശം 3,500 മീറ്റർ (11,480 അടി) ഉയരത്തിൽ ജീവിച്ച 46 നും 86 നും ഇടയിൽ പ്രായമുള്ള 417 സ്ത്രീകളിലാണ് പഠനം നടത്തിയത്.