ഉറ്റവരെ കാത്ത് കഴിഞ്ഞ 38 ദിവസങ്ങളായി കോട്ടയത്തെ അഭയ മോര്‍ച്ചറിയില്‍ ഒരു പതിനാറുകാരന്‍റെ മൃതദേഹം. അതിഥി തൊഴിലാളിയായ സഹോദരനൊപ്പം കേരളത്തിലെത്തിയ മധ്യപ്രദേശ് സ്വദേശി അമന്‍കുമാര്‍ മുറവിക്കാണ് ഈ ദുര്യോഗം. മോര്‍ച്ചറി വാടക സംബന്ധിച്ച തര്‍ക്കമാണ് ഈ ക്രൂര മനുഷ്യാവകാശലംഘനത്തിന് പിന്നിലെന്ന് ചിങ്ങവനം പൊലീസ് പറയുന്നു.
ബൈസണ്‍വാലിയില്‍ ജോലി ചെയ്തിരുന്ന അമന്‍കുമാറിനെ മഞ്ഞപ്പിത്തം ബാധിച്ചാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് അമന്‍ മരിച്ചതോടെ മൃതദേഹം നാട്ടിലേക്ക് എംബാം ചെയ്ത് അയക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു. ഇതിനായി മൃതദേഹം സ്വകാര്യ ഏജന്‍സിയായ നാട്ടകത്തെ അഭയയിലേക്ക് മാറ്റി. എന്നാല്‍ എംബാം ചെലവ് താങ്ങാനാവില്ലെന്ന് മനസിലായതോടെ മൃതദേഹം കേരളത്തില്‍ സംസ്കരിക്കാന്‍ അതിഥി തൊഴിലാളി സംഘം തീരുമാനിച്ചു. മൃതദേഹം തിരികെ വാങ്ങാന്‍ ചെന്നെങ്കിലും നാലുദിവസത്തെ വാടകയായ 6850 രൂപ അടയ്ക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.
മൃതദേഹം എംബാം ചെയ്യാന്‍ ആവശ്യമറിയിച്ച് വിളിച്ചത് ബൈസണ്‍വാലി സ്വദേശിയായ തൊഴിലുടമ ശ്രീജേഷാണെന്നാണ് അഭയ ഏജന്‍സി പറയുന്നത്. എന്നാല്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടില്ലെന്ന് തൊഴിലുടമ ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിന്‍റെ പേരിലുള്ള ഫോണ്‍സംഭാഷണം അഭയ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. വിളിച്ചത് മെഡിക്കല്‍ കോളജ് അധികൃതരെന്ന് കരുതിയാണ് സംസാരിച്ചതെന്നാണ് ശ്രീജേഷിന്‍റെ വിശദീകരണം. ആദിവാസികളായ അമന്‍റെ കുടുംബത്തെ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇതിനും കഴിഞ്ഞിട്ടില്ല.