കഴിഞ്ഞയാഴ്ചയാണ് കർട്ടിൻ യൂണിവേഴ്സിറ്റിയുടെ ബിനാർ സ്പേസ് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള മൂന്ന് ചെറിയ ഓസ്ട്രേലിയൻ ഉപഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിനശിച്ചത്. ആറുമാസമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് കരുതിയ ബിനാർ-2, ബിനാർ-3, ബിനാർ-4 എന്നീ ക്യൂബ് സാറ്റലൈറ്റുകളാണ് (ക്യൂബ്സാറ്റ്സ്) വെറും രണ്ടുമാസത്തിന് ശേഷം തീഗോളങ്ങളായി മാറിയത്. സാധാരണഗതിയിൽ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലുള്ള (2,000 കിലോമീറ്ററോ അതിൽ കുറവോ) ഉപഗ്രഹങ്ങൾ ക്രമേണ പരിക്രമണ ക്ഷയം സംഭവിച്ച്, ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിയില്ലാതാകുകയാണ് ചെയ്യാറുള്ളത്. എന്നാൽ ബിനാർ-2, 3, 4 ഉപഗ്രഹങ്ങള്‍ കണക്കുകൂട്ടിയതിനേക്കാള്‍ വേഗത്തിലാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്.
എന്താണ് ബിനാർ ഉപഗ്രഹങ്ങള്‍ക്ക് സംഭവിച്ചത്?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച സൂര്യനാണ് ബിനാർ സ്പേസ് പ്രോഗ്രാമിന്‍റെ ഉപഗ്രങ്ങളുടെ ‘അകാല വിയോഗ’ത്തിന് കാരണം. നിലവില്‍ സൂര്യന്‍റെ 11 വർഷത്തെ സൗരചക്രം അതിന്‍റെ ഉച്ചസ്ഥായിലാണ്. സോളാർ സൈക്കിൾ 25 എന്നാണ് ഇത് അറിയപ്പെടുന്നത്. സമീപകാലത്തെ ഈ ഉയർന്ന പ്രവർത്തനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാറ്റലൈറ്റ് ഓപ്പറേറ്റർമാർക്ക് തലവേദന സൃഷ്ടിക്കുകയാണ്.
സൗരകളങ്കങ്ങൾ, സൗരജ്വാലകൾ, സൗരവാതം ഇവയെല്ലാം ചേര്‍ന്നതാണ് സൂര്യനില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. സൂര്യന്‍റെ സദാ മാറിക്കൊണ്ടിരിക്കുന്ന കാന്തികക്ഷേത്രത്തിന്‍റെ ഫലമാണിത്. ഏകദേശം 11 വർഷത്തിലൊരിക്കൽ ഈ കാന്തികക്ഷേത്രം പൂര്‍ണമായും മാറിമറയുന്നു. ഈ സൗരചക്രത്തിന്‍റെ പകുതിയിലെത്തുമ്പോളാണ് സൗര പ്രവർത്തനം അതിന്‍റെ ഏറ്റവും ഉയർന്ന നിലയിലെത്തുന്നത്. അതായത് ഈ സമയം കൂടുതൽ സൗരജ്വാലകളും ശക്തമായ സൗരവാതവുമുണ്ടാകും. ഇത് പലരീതിയില്‍ ഭൂമിയെ ബാധിക്കുന്നുമുണ്ട്. കഴിഞ്ഞ മാസങ്ങളിൽ പലയിടങ്ങളിലായി ധ്രുവദീപ്തി വിരുന്നൊരുക്കിയത് ഓര്‍ക്കുന്നില്ലേ? ശക്തിയാര്‍ജിച്ച സൗരചക്രത്തിന്‍റെ ഏറ്റവും പ്രകടമായ സ്വാധീനമാണിത്. കഴിഞ്ഞ രണ്ട് ദശകങ്ങളെ അപേക്ഷിച്ച് ഭൂമധ്യരേഖയോട് അടുത്തും ധ്രുവദീപ്തി ദൃശ്യമാണ്, മാത്രമല്ല കൂടുതല്‍ ശക്തവും. സൂര്യനില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധാരണ ശാസ്ത്ര സമൂഹത്തിനുണ്ടെങ്കിലും ഇവയുടെ തീവ്രത പ്രവചിക്കുക ഇന്നും വെല്ലുവിളിയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രവചനങ്ങളേക്കാൾ ഒന്നര മടങ്ങ് കൂടുതലാണ് സൗര പ്രവർത്തനത്തിന്‍റെ സൂചകങ്ങൾ.
സൂര്യന്‍റെ ഈ വര്‍ധിക്കുന്ന പ്രഭാവം ഉപഗ്രഹങ്ങളെയും ബഹിരാകാശയാത്രികരെയും ആശയവിനിമയത്തെയും ബാധിക്കുന്നു. ഭൂമിയുടെ മുകളിലെ അന്തരീക്ഷം വികസിക്കുന്നതിന് ഇത് കാരണമാകുന്നു. ഇതാണ് ബിനാർ ക്യൂബ്സാറ്റ്സ് പോലുള്ള ഉപഗ്രഹങ്ങളുടെ അന്ത്യത്തിന് കാരണം. ഇത് ഭൂമിയിൽ നിന്ന് 1,000 കിലോമീറ്ററിൽ താഴെയുള്ള എല്ലാ ഉപഗ്രഹങ്ങളെയും അന്തരീക്ഷത്തിലേക്ക് അടുപ്പിക്കുന്നു. അവയുടെ ഭ്രമണപഥത്തെ തടസ്സപ്പെടുത്തുകയും ഇവ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തിലെത്താന്‍ കാരണമാവുകയും ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയവും സ്റ്റാർലിങ്കും ഉള്‍പ്പെടെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ത്രസ്റ്ററുകൾ ഘടിപ്പിച്ച വലിയ ഉപഗ്രഹങ്ങള്‍ക്ക് അന്തരീക്ഷത്തിന്‍റെ ഈ വികാസത്തെ പ്രതിരോധിക്കാന്‍ സാധിക്കും. പക്ഷേ ത്രസ്റ്ററുകളില്ലാത്ത ക്യൂബ്സാറ്റുകൾക്ക് വേറെ വഴിയില്ല. ഇത് ഇവ പെട്ടെന്ന് ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനും നശിക്കുന്നതിനും കാരണമാകുന്നു. ബഹിരാകാശയാത്രികർക്ക് നേരിടേണ്ടി വരുന്ന ഉയർന്ന അളവിലുള്ള അയോണൈസിങ് റേഡിയേഷന്‍റെ വർദ്ധനവും ദീർഘദൂര റേഡിയോ ആശയവിനിമയങ്ങൾക്കുണ്ടാകുന്ന തടസവും ഈ പ്രതിഭാസത്തിന്‍റെ ഫലമാണ്.
എന്താണ് ബിനാർ സ്പേസ് പ്രോഗ്രാം?
ബഹിരാകാശത്തെ കുറിച്ചും സൗരയൂഥത്തെക്കുറിച്ചുമുള്ള കൂടുതല്‍ പഠനമാണ് കർട്ടിൻ യൂണിവേഴ്സിറ്റിയുടെ ബിനാർ സ്പേസ് പ്രോഗ്രാമിന്‍റെ ലക്ഷ്യം. 2021 സെപ്റ്റംബറിലാണ് ഇതിന്‍റെ ഭാഗമായുള്ള ആദ്യ ഉപഗ്രഹം ബിനാർ-1 വിക്ഷേപിക്കുന്നത്. ഈ സമയം സൗര പ്രവർത്തനങ്ങള്‍ താരതമ്യേന കുറവായിരുന്നതിനാല്‍ 364 ദിവസം ഉപഗ്രഹം ഭ്രമണപഥത്തിലുണ്ടായിരുന്നു. പിന്നാലെയുള്ള പദ്ധതിയുടെ തുടര്‍ച്ചയായിരുന്നു ബിനാർ-2, 3, 4 ക്യൂബ്സാറ്റുകൾ. ഏകദേശം ആറ് മാസം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിച്ച ഇവയാണ് രണ്ടുമാസം കൊണ്ട് നശിച്ചത്. ക്യൂബ് സാറ്റലൈറ്റ് ദൗത്യങ്ങൾ താരതമ്യേന വിലകുറഞ്ഞതാണെങ്കിലും ഒരു ദൗത്യത്തിന്‍റെ അകാല അന്ത്യം ചെലവേറിയതായിരിക്കും, പ്രത്യേകിച്ചും വാണിജ്യപരമായ ഉപഗ്രഹങ്ങളെ സംബന്ധിച്ച്.
അതേസമയം, സൂര്യനിലെ ഈ തീവ്രപ്രവര്‍ത്തനങ്ങള്‍ അധികകാലം നീണ്ടുനില്‍ക്കില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. 2026-ഓടെ ഇത് മന്ദഗതിയിലാകും, 2030-ൽ സൗരചക്രം അതിന്‍റെ ഏറ്റവും ശാന്തമായ നിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.