Image: Internet

Image: Internet

TOPICS COVERED

വര്‍ഷങ്ങളോളം സ്വര്‍ണമെന്ന് കരുതി സൂക്ഷിച്ച അമൂല്യവസ്തു സ്വര്‍ണമല്ല എന്ന് തിരിച്ചറിയുമ്പോളുള്ള അവസ്ഥ എന്തായിരിക്കും? ഒടുവില്‍ അത് സ്വര്‍ണത്തേക്കാളും വിലപി‌ടിപ്പുള്ള ഒന്നാണെന്ന് തിരിച്ചറിഞ്ഞാലോ? എന്നാല്‍ അത്തരത്തില്‍ സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാത്ത അവസ്ഥയിലാണ് ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ഡേവിഡ് ഹോൾ എന്ന യുവാവ്. 

രത്നക്കല്ലുകളും വിലപിടിപ്പുള്ള വസ്തുക്കളും ശേഖരിക്കുന്നതിൽ അതീവ തല്‍പരനായ ഡേവിഡ് ഹോള്‍ 2015 ലാണ് ചുവന്ന നിറത്തിലുള്ള പാറ കണ്ടെത്തുന്നത്. അതില്‍ സ്വര്‍ണമുണ്ടെന്ന് വിശ്വസിച്ചാണ് ഡേവിഡ് പാറ വീട്ടിലെത്തിക്കുന്നത്. പാറ പൊട്ടിക്കാനായി വര്‍ഷങ്ങളോളം യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല. ഹാമര്‍ മുതല്‍ ആസിഡ് വരെ ഉപയോഗിച്ചു നോക്കി. പക്ഷേ പാറ പൊട്ടിയില്ല! തുടര്‍ന്നാണ് പാറയുമായി അദ്ദേഹം മെൽബൺ മ്യൂസിയത്തിലെത്തുന്നത്. മ്യൂസിയത്തിലെ പരിശോധനയ്ക്ക് ശേഷം വിദഗ്ധരാണ് പാറയുടെ യഥാര്‍ഥ ‘ഐഡന്‍റിറ്റി’ വെളിപ്പെടുത്തുന്നത്. 

പരിശോധനയില്‍ പാറയായി കരുതിയിരുന്നത് മേരിബറോ ഉൽക്കാശിലയാണെന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചു. 17 കിലോഗ്രാം ഭാരമുണ്ട് ഈ ഉല്‍ക്കാശിലയ്ക്ക്. മാത്രമല്ല വലിയ അളവില്‍ ഇരുമ്പും ക്രിസ്റ്റലൈസ്ഡ് ധാതുക്കളും ഈ ഉല്‍ക്കാശിലയില്‍ അട‌ങ്ങിയിരിക്കുന്നു. ഇവയെ കോണ്ട്റൂൾസ് എന്ന് വിളിക്കുന്നു. അമ്പരപ്പിക്കുന്ന കാര്യമെന്തെന്നാല്‍ വിക്ടോറിയ സംസ്ഥാനത്ത് ഇതുവരെ 17 ഉൽക്കാശിലകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതേസമയം ഈ ഉല്‍ക്കാശിലയാകട്ടെ 100 മുതല്‍ 1,000 വർഷം മുമ്പ് ഭൂമിയിൽ പതിച്ചതായാണ് കണക്കാക്കപ്പെടുന്നത്. മേരിബറോ എന്ന പാര്‍ക്കില്‍ കണ്ടെത്തിയതിനാലാണ് ഇത് ആ പേരില്‍ അറിയപ്പെടുന്നത്. ALSO READ: വീട്ടുവാതില്‍ക്കലിട്ട് 'ചവിട്ടി'യത് എട്ടരക്കോടിയുടെ രത്നക്കല്ല്! അമ്പരന്ന് കുടുംബം...

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിൽ നിന്നാണ് ഈ ഉല്‍ക്കാശില ഉത്ഭവിച്ചതെന്ന് കരുതുന്നു. സ്വര്‍ണത്തേക്കാള്‍ വിലമതിക്കുന്നതാണിതെന്നാണ് ഗവേഷകർ കരുതുന്നത്. ഇത് ആദ്യകാല സൗരയൂഥത്തെക്കുറിച്ചും ഒരുപക്ഷേ ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചുമുള്ള പഠനത്തിലും നിര്‍ണായകമായേക്കാം. ശാസ്ത്രീയ പ്രാധാന്യവും അപൂർവതയും മൂലം ലക്ഷക്കണക്കിന് മുതൽ ദശലക്ഷക്കണക്കിന് ഡോളർ വരെ വിലമതിക്കുന്ന അപൂര്‍വ സമ്പത്താണിത്. ചുരുക്കി പറഞ്ഞാല്‍ ഒരു ‘കോസ്മിക്’ നിധി. ഈ ഉല്‍ക്കാശിലയെക്കുറിച്ച് ശാസ്ത്രജ്ഞർ കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ മെൽബൺ മ്യൂസിയത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. 

ഒരു വാൽനക്ഷത്രമോ ഛിന്നഗ്രഹമോ കടന്നുപോയ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോളാണ് ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കുന്നത്. ഈ പാതയില്‍ വാല്‍നക്ഷത്രങ്ങളില്‍ നിന്നുള്ള പൊടിയോ പാറകളോ അവശേഷിക്കും. ഭൂമി ഈ പാതയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഇവ ഉല്‍ക്കകളായി പെയ്തിറങ്ങും. ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗ്രഹങ്ങൾ എന്നിവകളില്‍ നിന്നെല്ലാം ഉല്‍ക്കള്‍ ഭൂമിയിലെത്താറുണ്ട്. പൂര്‍ണമായും പാറകൊണ്ടോ അല്ലെങ്കില്‍ ലോഹം കൊണ്ടോ അതുമല്ലെങ്കില്‍ ഇവ രണ്ടുംചേര്‍ന്നോ ഉല്‍ക്കള്‍ നിര്‍മിക്കപ്പെടാം. കൂടാതെ അപൂർവ ധാതുക്കളും മൂലകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. 

ധാതുക്കളാലും ലോഹങ്ങളാലും സമ്പന്നമായ ഉൽക്കാശിലകളിൽ ഭൂമിയിൽ സാധാരണയായി കാണപ്പെടാത്ത അപൂർവ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. എണ്ണമറ്റ പ്രപഞ്ച രഹസ്യങ്ങളുടെ കലവറയായിരിക്കാം മേരിബറോ ഉല്‍ക്കാശില എന്നാണ് ഗവേഷകര്‍ കരുതുന്നത്. സൗരയൂഥത്തിന്‍റെ രൂപീകരണത്തെക്കുറിച്ചും ജീവന്‍റെ ഉല്‍പത്തിയെ കുറിച്ചും ഗ്രഹങ്ങളുടെ പരിണാമത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഇത് നല്‍കിയേക്കാം. 

ENGLISH SUMMARY:

Discovered in Australia, the Maryborough meteorite is a rare find worth millions. Originating from the asteroid belt, this 17-kilogram rock offers insights into the solar system's formation and the origins of life.