ഇത്തവണ പുതുവർഷം പിറന്നപ്പോൾ പുതിയൊരു തലമുറ കൂടിയാണ് പിറന്നത്. 2024 അവസാനിക്കും മുന്‍പേ ലോകം കാത്തിരിക്കുന്ന പുതിയ തലമുറയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. പറഞ്ഞു വരുന്നത് ‘ബീറ്റാ ജനറേഷനെ’ കുറിച്ചാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും അനുദിനം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു ലോകത്തേക്കാണ് പുതിയ തലമുറ ജനിച്ചുവീഴുന്നത്. എന്നാല്‍ ഇന്ത്യയില്‍ ബീറ്റാ തലമുറയിലെ ആദ്യം അംഗം ആരാണെന്ന് അറിയാമോ? പുതുവല്‍സരപ്പുലരിയില്‍ മിസോറാമില്‍ ജനിച്ച ഒരു കുരുന്നാണ് രാജ്യത്ത് ബീറ്റകളുടെ വരവിന് തുടക്കം കുറിച്ചിരിക്കുന്നത്.
2025 ജനുവരി 1 ന് പുലർച്ചെ 12:03 ന് മിസോറാമിൽ ഐസ്വാളിലെ ഡർട്ട്‌ലാങിലുള്ള സിനഡ് ഹോസ്പിറ്റലിലാണ് രാജ്യത്തെ ആദ്യത്തെ ബീറ്റ തലമുറയില്‍പ്പെട്ട കുഞ്ഞ് ജനിച്ചത്. പുതിയ തലമുറ! ജനനസമയത്ത് 3.12 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആണ്‍കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്നാണ് ആശുപത്രി അറിയിക്കുന്നത്. ഫ്രാങ്കി റെമ്രുഅറ്റിക സെദുങ് എന്നാണ് ഈ പുതിയ തലമുറ കുരുന്നിന് കുടുംബം നല്‍കിയിരിക്കുന്ന പേര്. നിലവില്‍ ആശുപത്രി വിട്ട കുഞ്ഞ് മാതാവ്, പിതാവ്, മൂത്ത സഹോദരി എന്നിവരോടൊപ്പം. ഐസ്വാളിലെ ഖത്‌ല ഈസ്റ്റിലാണ് താമസിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ബീറ്റ ആൺകുട്ടിക്ക് ജന്മം നൽകിയതിൽ കുഞ്ഞിന്‍റെ മാതാവ് അതീവസന്തോഷം പ്രകടിപ്പിച്ചതായി ആകാശവാണി പറയുന്നു.
എന്താണ് ബീറ്റ ജനറേഷന്‍?
2025 മുതൽ 2039 വരെ ജനിക്കാൻ പോകുന്ന തലമുറയാണ് ബീറ്റ ജനറേഷന്‍ എന്ന് അറിയപ്പെടുന്നത്. മില്ലേനിയൽസിലെ ഇളമുറക്കാരുടെയും ജെൻസീ തലമുറയിലെ മുതിർന്നവരുടെയും കുട്ടികളായിരിക്കും ബീറ്റ ജനറേഷനിൽ ഉൾപ്പെടുക. ശാസ്ത്രവും സാങ്കേതിക വിദ്യയും അനുദിനം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു ലോകത്ത് പുതിയ തലമുറയുടെ ജീവിതം പോലും ഏറെ വ്യത്യസ്തമായിട്ടായിരിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാങ്കേതിക വിദ്യയുമായും ശാസ്ത്രവുമായും അടുത്ത ബന്ധം പുലർത്തുന്നവർ ആയിരിക്കും ഇവർ. ആരോഗ്യസംരക്ഷണത്തിലും പുരോഗതി കൈവരിക്കുന്ന കാലനായതിനാല്‍ പുതിയ തലമുറയ്ക്ക് ആയുസ്സ് കൂടുതലുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
മറ്റ് തലമുറകള്‍
1928 മുതൽ 1945വരെ ജനിച്ചവര്‍ അറിയപ്പെടുന്നത് സൈലന്റ് ജനറേഷൻ അഥവാ നിശ്ശബ്ദ തലമുറ എന്നാണ്. രണ്ടാം ലോകമഹായുദ്ധം, മഹാമാന്ദ്യം തുടങ്ങിയവയെ അഭിമുഖീകരിക്കേണ്ടിവന്ന ഇവര്‍ ടെക്നോളജിയുമായി വലിയ ബന്ധമുള്ളവരല്ല.
1946 മുതൽ 1964 ജനിച്ചവരാണ് ബേബി ബൂമേഴ്സ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലമാണിത്. സാമ്പത്തിക കുതിച്ചു ചാട്ടവും ജനസംഖ്യാ വർദ്ധനവുമാണ് ബേബി ബൂമേഴ്സിനെ അടയാളപ്പെടുത്തന്. മനുഷ്യരാശിയുടെ ചന്ദ്രനിലെ കാല്‍വയ്പ്പും ടിവിയുടെ വരവിനുമെല്ലാം ഇവര്‍ സാക്ഷിയായി. കംപ്യൂട്ടർ യുഗത്തിന്റെ തുടക്കവും ബേബി ബൂമേഴ്സിന്‍റെ കാലത്തായിരുന്നു. എങ്കില്‍പ്പോലും സാങ്കേതികവിദ്യകളുമായി ഇവര്‍ എത്രത്തോളം പൊരുത്തപ്പെട്ടിരുന്നുവെന്ന് ഇന്നും ചോദ്യമാണ്.
1997 മുതൽ 2012 വരെ ജനിച്ചവരാണ് ജനറേഷൻ ഇസഡ് അഥവാ ജെൻസീ. സെന്റെനിയൽസ് എന്നും ഇവര്‍ അറിയപ്പെടുന്നു. പൂര്‍ണമായും ഡിജിറ്റൽ ലോകത്ത് വളർന്ന ആദ്യ തലമുറ. സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നവരും സാമൂഹിക ബോധമുള്ളവരുമാണിവര്‍. വിശാലമായ കാഴ്ചപ്പാടും ഇവരുടെ പ്രത്യേകതയാണ്.
2013 മുതൽ 2024 വരെയുള്ള സമയത്ത് ജനിച്ചവരാണ് ജനറേഷൻ ആൽഫ. അതായത് നിലവിലുള്ള തലമുറ. ശാസ്ത്രവും സാങ്കേതിക വിദ്യയും അനുദിനം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ലോകത്താണ് ഇവർ ജനിച്ചത്. ഇതുവരെയുള്ള തലമുറയിൽ വെച്ച് ഏറ്റവും വിദ്യഭ്യാസ സമ്പന്നരും സാങ്കേതിക വിദ്യയുള്ള തലമുറയുമാണിവര്‍.