ഗഹനമായ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ മനുഷ്യന്‍റെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ വേഗത തുലോം കുറവെന്ന് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. ഒരു കാര്യം ചിന്തിക്കുമ്പോള്‍ തലച്ചര്‍ അത് വിലയിരുത്താന്‍ എടുക്കുന്ന സമയം സെക്കന്‍റില്‍ 10 ബിറ്റ്സാണന്നാണ് കണ്ടെത്തല്‍. അതായത് പഴയ ഡയലപ് മോഡത്തിന്‍റെ മാത്രം വേഗതയെന്ന് സാരം. അതേസമയം പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരമാകട്ടെ ശരവേഗത്തിലുമാണ് (സെക്കന്‍റില്‍ ഒരു കോടി ബിറ്റ്സ്) തലച്ചോര്‍ കൈകാര്യം ചെയ്യുന്നത്. അതായത് ബോധമനസ് കൈകാര്യം ചെയ്യുന്നതിന്‍റെ നൂറ് ദശലക്ഷം വേഗത ഇതിനുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ഈ വൈരുധ്യം തലച്ചോറിലെങ്ങനെ വരുന്നുവെന്നതില്‍ അമ്പരന്നിരിക്കുകയാണ് ശാസ്ത്രലോകം. 'ന്യൂറോണ്‍' എന്ന ശാസ്ത്ര ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വായിക്കുമ്പോഴും, വിഡിയോ ഗെയിമുകള്‍ കളിക്കുമ്പോഴും പദപ്രശ്നങ്ങള്‍ പൂരിപ്പിക്കുമ്പോഴും എങ്ങനെയാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതെന്നതും ഗവേഷകരായ മാര്‍ക്കസ് മെയ്സ്റ്ററും ജിയൂ സെങും വിശദമായി പഠിച്ചു. ചിന്തിക്കുന്നതിനുമപ്പുറം വിലയിരുത്തല്‍ ശേഷി തലച്ചോറിലെ ന്യൂറോണുകള്‍ക്കുണ്ടെങ്കിലും സെക്കന്‍റില്‍ വെറും 10 ബിറ്റ്സ് മാത്രമേ ബോധ ചിന്തകള്‍ക്കായി ഉപയോഗിക്കുന്നുള്ളൂവെന്നായിരുന്നു കണ്ടെത്തല്‍. 8500 കോടി ന്യൂറോണുകള്‍ മനുഷ്യന്‍റെ തലച്ചോറിലുണ്ട്. എന്നാല്‍ ഇതില്‍ മൂന്നിലൊന്ന് മാത്രമെ ഉയര്‍ന്ന അളവിലുള്ള ചിന്താശേഷിക്കായി പ്രവര്‍ത്തിക്കുന്നുള്ളൂ. തലച്ചോറിലേക്ക് എത്തിച്ചേരപ്പെടുന്ന സഹസ്രകോടി വിവരങ്ങളില്‍ നിന്നും തുലോം തുച്ഛമായ വിവരങ്ങള്‍ മാത്രമാണ് തലച്ചോര്‍ കാര്യമായി എടുക്കുന്നുള്ളുവെന്നതാണ് വസ്തുത. തലച്ചോറിന്‍റെ കഴിവുകളും പരിമിതികളും തമ്മില്‍ ചിന്തിക്കുന്നതിനുമപ്പുറമുള്ള അന്തരമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് മെയ്സ്റ്റര്‍ ചൂണ്ടിക്കാട്ടുന്നു.
പരിണാമത്തിന്‍റെ ഫലം തന്നെയാകാം ചിന്തകളുടെ വിലയിരുത്തലില്‍ സംഭവിക്കുന്ന ഈ ഒച്ചിഴയലിന് കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഭക്ഷണം കണ്ടെത്തുന്നതിനും ഇരകളില്‍ നിന്ന് രക്ഷപെടുന്നതിനും മാത്രമായിരുന്നു ആദിമകാലത്ത് 'തല പുകഞ്ഞി'രുന്നത്. എന്നാല്‍ കാലക്രമേണെ യാഥാര്‍ഥ്യവും അയഥാര്‍ഥ്യവുമായി നിരവധി അനവധി വിവരങ്ങള്‍ തലച്ചോറിലേക്ക് എത്തിത്തുടങ്ങി. ഇതോടെ ഒരു സമയത്ത് ഒരുകാര്യം കൈകാര്യം ചെയ്തിരുന്ന തലച്ചോറിന് ഒരേസമയം നിരവധിയനവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി ഇന്ന് വരുന്നു.
തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സാങ്കേതിക വിദ്യകളും യന്ത്രങ്ങളും ഭാവിയില്‍ കൂടുതലായി ഉണ്ടായേക്കാമെന്നും അത്തരം സാങ്കേതിക വിദ്യകളുടെ വികസനത്തിന് ഈ കണ്ടെത്തല്‍ വഴിതെളിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അതിവേഗത്തില്‍ ചിന്തിക്കാനും കാര്യങ്ങള്‍ വിലയിരുത്താനും തലച്ചോറിനെ സഹായിക്കുന്ന സാങ്കേതിക വിദ്യ വളര്‍ന്ന് വരുമെന്നും എന്നിരുന്നാലും സെക്കന്‍റില്‍ 10 ബിറ്റ്സെന്ന സ്പീഡില്‍ മാത്രമേ തുടക്കത്തില്‍ അത്തരം മെഷീനുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം അനന്തമായി തലച്ചോറിലെക്കെത്തുന്ന വിവരങ്ങളില്‍ നിന്ന് എങ്ങനെയാണ് 10 ബിറ്റ്സ് തലച്ചോര്‍ വേര്‍തിരിച്ചെടുക്കുന്നതെന്നും അതിന്‍റെ മാനദണ്ഡം എങ്ങനെയാണെന്നതും തുടര്‍ന്നും പഠനവിധേയമാക്കേണ്ടതുണ്ട്.