പസഫിക് സമുദ്രത്തിലെ ക്ലാരിയോൺ-ക്ലിപ്പർടൺ മേഖലയില്‍ സമുദ്രോപരിതലത്തില്‍ നിന്നും 4,000 മീറ്റർ (13,100 അടി) താഴെ കാണപ്പെടുന്ന ലോഹ പാറകള്‍ക്ക് ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പഠനം. സമുദ്രത്തിനിടയില്‍ സൂര്യപ്രകാശം പോലും കടന്നുചെല്ലാത്ത ആഴത്തിലെ ഈ ഓക്സിജന്‍റെ സാന്നിധ്യം ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ലോഹസാന്നിധ്യമുളള ഉരുളക്കിഴങ്ങിന്‍റെ മാത്രം വലിപ്പമുള്ള പാറക്കല്ലുകളാണ് ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്നത്.
സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ പ്രകാശസംശ്ലേഷണത്തിലൂടെ മാത്രമേ ഓക്സിജൻ നിർമ്മിക്കാനാകൂ എന്ന പഴയ സിദ്ധാന്തത്തെ വെല്ലുവിളിക്കുന്നതാണ് പുതിയ പഠനം. വൈദ്യുതവിശ്ലേഷണത്തിലൂടെ കടൽജലത്തെ ഓക്സിജനും ഹൈഡ്രജനുമായി വിഭജിക്കുകയാണ് ഈ പാറകള്‍ ചെയ്യുന്നത്. ഇതിനായി വൈദ്യുത ചാർജ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. ‘ഡാര്‍ക്’ ഓക്സിജൻ (Dark Oxygen) എന്നാണ് സൂര്യപ്രകാശത്തിന്‍റെ ആവശ്യമില്ലാതെ നിര്‍മിക്കപ്പെടുന്ന ഓക്സിജനെ ഗവേഷകര്‍ വിളിക്കുന്നത്. ഇതിന്‍റെ ഉല്‍പാദനത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി മൂന്ന് വർഷത്തെ പദ്ധതി ആരംഭിച്ചതായി .യുകെയിലെ സ്കോട്ടിഷ് അസോസിയേഷൻ ഫോർ മറൈൻ സയൻസിലെ പ്രൊഫസറായ ആൻഡ്രൂ സ്വീറ്റ്മാൻ പറഞ്ഞു. 2.7 മില്യൺ ഡോളറിൻ്റെ ഗവേഷണ പദ്ധതിയാണ് ഒരുങ്ങുന്നത്. 11,000 മീറ്റർ ആഴത്തിൽ വിന്യസിക്കാൻ കഴിയുന്ന സെൻസറുകൾ ഘടിപ്പിച്ച കസ്റ്റം-മെയ്ഡ് റിഗുകൾ ഉപയോഗിച്ചായിരിക്കും പഠനം. നിപ്പോൺ ഫൗണ്ടേഷനാണ് ധനസഹായം നൽകുന്നത്.
‘ഡാര്‍ക്’ ഓക്സിജന്‍റെ കണ്ടെത്തല്‍ ആഴക്കടലിനെയും ഭൂമിയിലെ ജീവന്‍റെ ഉല്‍പത്തിയെയും കുറിച്ചുള്ള മനുഷ്യന്‍റെ അറിവിനെയും വെല്ലുവിളിക്കുന്നതാണെന്നും ഇത് ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നെന്നും പഠനത്തിന് നേതൃത്വം നൽകുന്ന ആൻഡ്രൂ സ്വീറ്റ്മാൻ പ്രസ്താവനയിൽ പറഞ്ഞു. അപൂർവ ലോഹങ്ങളുടെ ആഴക്കടൽ ഖനനത്തിനായി ക്ലാരിയോൺ-ക്ലിപ്പർടൺ സോണില്‍ പര്യവേഷണം തുടരുകയാണ്. ഈ ഗവേഷണങ്ങളുടെ ഭാഗമായി തന്നെ പ്രദേശങ്ങളിലെ ഓക്സിജന്‍റെ ഉത്പാദനം സാധ്യമാണോ എന്ന് നിർണ്ണയിക്കും. തുടർന്ന്, ഓക്സിജൻ എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് പരിശോധിക്കും. ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് ഭൂമിക്കപ്പുറമുള്ള ജീവനെ കണ്ടെത്താന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെയും സഹായിച്ചേക്കാമെ്ന്നും ആന്‍ഡ്രൂ കൂട്ടിച്ചേര്‍ത്തു. സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത മറ്റ് ഗ്രഹങ്ങളിൽ ജീവൻ എങ്ങനെ നിലനിൽക്കും എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് പഠനം വെളിച്ചമേകും. നേച്ചർ ജിയോസയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സൂര്യപ്രകാശത്തിൽ നിന്ന് വരുന്ന തുടർച്ചയായ ഊർജ്ജം ഇല്ലാതെ ഓക്സിജൻ ഉത്പാദിപ്പിക്കാൻ പ്രയാസമാണ്. എന്നിട്ടുപോലും പല അപ്രതീക്ഷിത ഇടങ്ങളിലും ശാസ്ത്രജ്ഞര്‍ ഓക്സിജൻ തന്മാത്രകളെ നേരിട്ടിട്ടുണ്ട്. മുന്‍പ് മസാച്ചുസെറ്റ്‌സിലെ മറൈൻ ബയോളജിക്കൽ ലബോറട്ടറിയിലെ മൈക്രോബയോളജിസ്റ്റായ എമിൽ റഫ് ആൽബർട്ടയിലെ ശുദ്ധജല സാമ്പിളുകളിൽ ഓക്‌സിജൻ കണ്ടെത്തിയിരുന്നു. വെള്ളത്തില്‍ സൂക്ഷാമാണുക്കള്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്നതാണ് ഇതിന് കാരണമെന്നാണ് എമില്‍ റഫ് തന്‍റെ പഠനത്തില്‍ പറഞ്ഞിരുന്നത്. സൂര്യപ്രകാശത്തിന്‍റെ അഭാവത്തിൽ ഇവയ്ക്ക് എങ്ങിനെ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞുവെന്നായിരുന്നു അവിടെയും ചോദ്യം. ഒരു കൂട്ടം രാസപ്രവർത്തനങ്ങളിലൂടെ ഒരു നൈട്രജനും രണ്ട് ഓക്സിജൻ ആറ്റങ്ങളും കൊണ്ട് നിർമ്മിച്ച നൈട്രൈറ്റുകളെ വിഘടിപ്പിക്കുകയാണ് ഈ സൂക്ഷ്മാണുക്കൾക്ക് ചെയ്യുന്നത്.
ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ എമിൽ റഫും സംഘവും ദക്ഷിണാഫ്രിക്കയിലെ 3 കിലോമീറ്റർ താഴ്ചയിലുള്ള ഖനിയില്‍ നിന്ന് ജലത്തിന്‍റെ സാമ്പിൾ എടുത്തിരുന്നു. ഖനിയിലെ വെള്ളത്തിൽ ഓക്സിജൻ തന്മാത്രകൾ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർക്ക് നേരത്തെ തന്നെ അറിയാമായിരുന്നു, എന്നാൽ അവ എങ്ങനെ രൂപപ്പെട്ടുവെന്ന് വ്യക്തമല്ല. ഈ സാമ്പിളുകൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. റേഡിയോ ആക്ടീവ് ലോഹമായ സ്വർണ്ണത്തിനും യുറേനിയത്തിനും വേണ്ടി ഖനനം നടക്കുന്നയിടമായതുകൊണ്ടു തന്നെ റേഡിയോ ആക്ടിവിറ്റി വഴി ജല തന്മാത്രകളെ വിഭജിക്കുന്ന റേഡിയോലൈസിസ് ആണ് ഇവിടെ സംഭവിക്കുന്നതെന്നാണ് അനുമാനം.