Image: schmidtocean.org/

Image: schmidtocean.org/

ബുര്‍ജ് ഖലീഫയുടെ ഉയരത്തില്‍ നാല് അംബരചുംബികള്‍ ഒന്നിന് മുകളില്‍ ഒന്നായി വച്ചാലെന്ത് ഉയരമുണ്ടാകും? മാനം മുട്ടുന്ന ഉയരത്തിലെത്തും. അത്രത്തോളം ഉയരമുള്ള പര്‍വതത്തെയാണ് സമുദ്രത്തിനടിയില്‍ കലിഫോര്‍ണിയയിലെ ഷ്മെറ്റ് ഓഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമുദ്രഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ചിലെ തീരത്ത് നിന്നും 1448 കിലോമീറ്റര്‍ അകലെയായി പസഫിക് സമുദ്രത്തിലാണ് ഈ കൂറ്റന്‍ സമുദ്രപര്‍വതം സ്ഥിതി ചെയ്യുന്നത്. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും 3,109 മീറ്ററാണ് സമുദ്രപര്‍വതത്തിന്‍റെ ഉയരം. സമുദ്രന്തര്‍ മലനിരകളുടെ ഭാഗമായുള്ളതാണ് ഈ പര്‍വതമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. പവിഴപ്പുറ്റുകളും, അത്യപൂര്‍വമായ സമുദ്ര ജീവികളും, അപൂര്‍വയിനം കൂന്തലുകളുമെല്ലാം ചേര്‍ന്ന പ്രദേശമാണിത്. 

white-squid-ocean

Image: schmidtocean.org/

ഷ്മെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ 28 ദിവസം നീണ്ട് നിന്ന പര്യവേഷണത്തിലാണ് പര്‍വതം വെളിപ്പെട്ടത്. സമുദ്രാന്തര്‍വാഹിനിയുടെ വശത്ത് സ്ഥാപിച്ച സോണാര്‍ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് പര്‍വതത്തിന്‍റെ വിശദാംശങ്ങള്‍ പകര്‍ത്താനായത്. സമുദ്രത്തിനടിയിലേക്ക് പോയ ശബ്ദ തരംഗങ്ങള്‍ തിരികെ ഉപരിതലത്തിലേക്കും തിരിച്ചും സഞ്ചരിക്കുന്നുണ്ട്. ഈ ശബ്ദ തരംഗങ്ങള്‍ താഴേത്തട്ടിലെത്തി മടങ്ങിവരാന്‍ എടുക്കുന്ന സമയം കണക്കുകൂട്ടിയാണ് ശാസ്ത്രജ്ഞര്‍ വിശദമായ രൂപം തയ്യാറാക്കിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ എക്സിക്യുട്ടിവ് ഡയറക്ടറായ ജ്യോതിക വീര്‍മണി പറഞ്ഞു. പര്‍വതത്തിന്‍റെ അടിത്തട്ടിന്‍റെ 26 ശതമാനം ഭാഗം മാത്രമാണ് ഇത്തരത്തില്‍ നിലവില്‍ മാപ്പ് ചെയ്യാന്‍ കഴിഞ്ഞത്. ശേഷിക്കുന്ന 71 ശതമാനവും ഭൂമിയുടെ ഉപരിതലത്തിലാണ്. 

bamboo-corak

Image: schmidtocean.org/

ഒരുലക്ഷത്തോളം സമുദ്രാന്തര്‍ പര്‍വതങ്ങള്‍ ലോകത്തെങ്ങുമായി സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് സമുദ്രഗവേഷകരുടെ കണക്കുകൂട്ടല്‍. ഇവയെല്ലാം തന്നെ ആയിരം മീറ്ററിന് മുകളില്‍ ഉയരമുള്ളവയുമാണ്. നിരവധി സമുദ്ര ജീവികളുടെ പാര്‍പ്പിടം കൂടിയാണിവിടം. നിലവില്‍ കണ്ടെത്തിയ സമുദ്രപര്‍വതത്തിന് ഗ്രീസിലെ ഒളിംപസ് പര്‍വതത്തെക്കാള്‍ ഉയരമുണ്ട്. പക്ഷേ ജപ്പാനിലെ ഫുജി പര്‍വതത്തെക്കാള്‍ ചെറുതുമാണ്. 

schmidtocean-vessel

Image: schmidtocean.org/

സമുദ്രത്തിനടിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന റോബോട്ടിനെ അയച്ച് പര്‍വത ശിഖരങ്ങളിലൊന്നിലെ ജീവി വൈവിധ്യത്തെ കുറിച്ചുള്ള വിദശമായ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചിട്ടുണ്ട്.  പ്രേതം പോലെ ഇരിക്കുന്ന കൂറ്റന്‍ വെള്ള നീരാളിയെ ഈ ഭാഗത്ത് നിന്നും കണ്ടെത്തി. കാസ്പര്‍ എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിന് പേരിട്ടത്. തെക്കന്‍ പസഫിക്കില്‍ ഇതാദ്യമായാണ് ഈ ആഴക്കടല്‍ ജീവിയെ കണ്ടെത്തുന്നത്.

ENGLISH SUMMARY:

Oceanographers discover gigantic undersea Mountain near Chile coast in pacific Ocean.