വർഷങ്ങളോളം ഒരേ പങ്കാളിയുമായി ഇണചേരുന്നവയായിട്ടാണ് പെൻഗ്വിനുകളെ കണക്കാക്കുന്നത്. എന്നാല്‍ മനുഷ്യര്‍ക്കിടയിലേതു പോലെ ബന്ധം വേര്‍പെടുത്തുന്ന രീതികള്‍ പെന്‍ഗ്വിനുകള്‍ക്കിടയിലുമുണ്ടെന്ന് പഠനം. പത്തു വര്‍ഷം നീണ്ടു നിന്ന ഗവേഷണത്തിനൊടുവിലാണ് കണ്ടെത്തല്‍. എക്കോളജി ആൻഡ് എവല്യൂഷൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലുള്ള 37,000 ചെറിയ പെൻഗ്വിനുകളുടെ കോളനിയിലെ 13 ബ്രീഡിങ് സീസണുകളില്‍ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനം. ഈ കോളനിയില്‍ ‘വിവാഹമോചനം’ താരതമ്യേന സാധാരണമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ അതിന്‍റെ കാരണമാണ് ഏറെ കൗതുകകരവും. ദ്വീപിലെ പെൻഗ്വിനുകൾ തങ്ങൾ ജന്മം നല്‍കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ തൃപ്തരായില്ലെങ്കിൽ പുതിയ ഇണയെ തേടുന്നതായാണ് പഠനം പറയുന്നത്. അതുകൊണ്ടു തന്നെ മോശം പ്രജനന കാലത്തിനുശേഷം കാലത്തിനു ശേഷമാണ് ഒട്ടുമിക്ക ‘വിവാഹമോചനങ്ങളും’ സംഭവിക്കുന്നത്. പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാനാണത്രേ ഈ ബന്ധം വേര്‍പ്പെടുത്തലും പുതിയ ഇണയെ കണ്ടെത്തലും.
മോശം പ്രത്യുൽപാദനമാണെങ്കില്‍ ആ പ്രജനന കാലത്തിന് ശേഷം പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി അടുത്ത പ്രജനന സീസണിലേക്ക് പുതിയ പങ്കാളിയെ കണ്ടെത്താനാണ് പെന്‍ഗ്വിനുകള്‍ ശ്രമിക്കുന്നതെന്ന് ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ഇക്കോഫിസിയോളജി ആൻഡ് കൺസർവേഷൻ റിസർച്ച് ഗ്രൂപ്പിൻ്റെ തലവനായ റീന പറയുന്നു. പഠിച്ച ആയിരത്തോളം ജോഡി പെന്‍ഗ്വിനുകളില്‍ 250 'വിവാഹമോചനങ്ങളാണ്' ഉണ്ടായത്. മറ്റുള്ളവയാകട്ടെ ഇണയെ നഷ്ടപ്പെട്ടവരായിരുന്നു.
അതേസമയം, കൂടുതല്‍ പെൻഗ്വിനുകൾ തങ്ങളുടെ പങ്കാളികളെ ഉപേക്ഷിച്ചതിന് ശേഷമുള്ള പ്രജനന സീസണുകളില്‍ കോളനിയിലെ കുട്ടികളുടെ എണ്ണം കുറവായിരുന്നുവെന്നും അതായത് പുതിയ പങ്കാളികളുമായി ഇണ ചേര്‍ന്ന് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയെന്ന പെൻഗ്വിനുകളുടെ പദ്ധതി യഥാര്‍ഥത്തില്‍ വിജയിച്ചില്ലയെന്നും പഠനം പറയുന്നു. പങ്കാളിയുമായുള്ള ബന്ധം വേര്‍പെടുത്തുന്നവ പുതിയ ഇണയെ തിരയുന്നതിനായി ധാരാളം സമയം നഷ്ടപ്പെടുത്തിയെന്നും പ്രത്യുല്‍പാദനം വൈകിയതായും പഠനം എടുത്തുകാണിക്കുന്നു. ഭക്ഷ്യക്ഷാമം, ആവാസ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍, പാരിസ്ഥിതിക സമ്മര്‍ദങ്ങള്‍ എന്നിവയും പെന്‍ഗ്വിനുകളുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്നുണ്ട്.
ഫിലിപ്പ് ദ്വീപിൽ ഏതാണ്ട് 40,000 പെൻഗ്വിനുകളാണുള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ പെൻഗ്വിൻ ഇനമാണിവ. 12 മുതൽ 14 ഇഞ്ച് വരെ നീളമുള്ള ഇവയ്ക്ക് ബൗളിംഗ് പിന്നിനേക്കാൾ അല്പം മാത്രമാണ് വലിപ്പമുള്ളത്. ഏകദേശം 3 പൗണ്ട് ഭാരവുമുണ്ടാകും. ബ്ലൂ പെന്‍ഗ്വിന്‍, ഫെയറി പെൻഗ്വിനുകൾ എന്നും ഇവ അറിയപ്പെടുന്നു. പ്രധാനമായും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമാണ് ഈ ഇനത്തെ കാണപ്പെടുന്നു. ദ്വീപിൽ നടക്കാറുള്ള ‘പെൻഗ്വിൻ പരേഡ്’ കാണാന്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്.