image: BBC

സമൂഹമാധ്യമത്തില്‍ താരമാകാനും പണം സമ്പാദിക്കാനും വേണ്ടി ഒരു വയസുമാത്രം പ്രായമുള്ള സ്വന്തം മകളുടെ ശരീരത്തില്‍ അനാവശ്യമായി മരുന്ന് കുത്തിവച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അറസ്റ്റില്‍. ഡോക്ടര്‍മാരുടെ അംഗീകാരമില്ലാതെ, സ്വന്തം ഇഷ്ടപ്രകാരമാണ് പിഞ്ചുകുഞ്ഞിന് മേല്‍ യുവതി മരുന്നുകള്‍ കുത്തിവച്ചത്. ഓസ്ട്രേലിയയിലെ ക്വീന്‍സ്​ലാന്‍ഡ് സ്വദേശിയായ 34കാരിയാണ് പിടിയിലായത്. കുഞ്ഞിനെ വേദനിപ്പിക്കാനും കരയുന്നത് വിഡിയോയെടുക്കാനും വേണ്ടി യുവതി മരുന്നുകള്‍കുത്തിവച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

മകള്‍ വേദനിച്ച് കരയുന്നത് വിഡിയോയില്‍ ചിത്രീകരിച്ച ശേഷം 'മാറാരോഗ'മാണെന്നും ചികില്‍സിക്കാനും ജീവിതം മുന്നോട്ട് കൊണ്ടുപോകാനും പണം വേണമെന്നും യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവന്നു. ഇതിന് പുറമെ 'ഗോ ഫണ്ട് മീ'യിലെ സഹായാഭ്യര്‍ഥനയിലൂടെ 37,300 ഡോളര്‍ (ഏകദേശം 32 ലക്ഷത്തിലേറെ  രൂപ) സമാഹരിച്ചുവെന്നും പൊലീസ് കണ്ടെത്തി. വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പണം തിരകെ സംഭാവന ചെയ്തവര്‍ക്ക് ലഭ്യമാക്കുന്നതിനായി പൊലീസുമായി സഹകരിക്കുമെന്ന് 'ഗോ ഫണ്ട് മീ' അധികൃതര്‍ അറിയിച്ചു. 

 അവശനിലയിലായ കുട്ടിയെ കഴിഞ്ഞ ഒക്ടോബറില്‍ ആശുപത്രിയിലെത്തിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പരിശോധനയില്‍ യുവതി കുട്ടിക്ക് മരുന്നുകള്‍ നല്‍കിവന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതര്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു. കുട്ടിയെ അമ്മയുടെ സംരക്ഷണയില്‍ നിന്ന് മാറ്റി. 

ജീവഹാനി വരുത്തുകയെന്ന ഉദ്ദേശത്തോടെ മരുന്ന് കുത്തിവയ്ക്കല്‍, കുട്ടിയെ സാമ്പത്തിക മാര്‍ഗമായി കണ്ട് ചൂഷണം ചെയ്യല്‍, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്. ഞെട്ടിപ്പിച്ച സംഭവമാണിതെന്നും കുട്ടികളോട് ഇത്രയും ക്രൂരത കാണിക്കുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ആശുപത്രി അധികൃതരിലൊരാള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ENGLISH SUMMARY:

A 34-year-old social media influencer has been arrested and charged with allegedly poisoning her one-year-old daughter to gain financial donations and followers.