മരണത്തിന് തൊട്ടുമുന്‍പിലെത്തുമ്പോള്‍ മനുഷ്യന്‍റെ തലച്ചോറില്‍ എന്താണ് സംഭവിക്കുന്നത്? നൂറ്റാണ്ടുകളായി മനുഷ്യന്‍ ചോദിക്കുന്ന ചോദ്യമാണിത്. അവസാന നിമിഷം ജീവതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം കണ്‍മുന്നിലൂടെ ഒരു ‘ഫ്ലാഷ്ബാക്ക്’ എന്നപോലെ തലച്ചോര്‍ ‘പ്ലേ’ ചെയ്യുമെന്ന് പൊതുവേ പറയാറുണ്ട്. ചില സിനിമകളില്‍ അത്തരത്തില്‍ രംഗങ്ങളുണ്ട്. എന്നാല്‍ അതെല്ലാം യാഥാര്‍ഥ്യമായിരിക്കുമോ? ഒടുവില്‍ ആ ചോദ്യത്തിനും ഉത്തരമാവുകയാണ്. ഇത് സംബന്ധിച്ചുള്ള പുതിയ ഗവേഷണമാണ് പുറത്തുവന്നിരിക്കുന്നത്.
‘ഫ്രോണ്ടിയേഴ്‌സ് ഇൻ ഏജിങ് ന്യൂറോസയൻസ്’ എന്ന ജേണലിലാണ്’ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തില്‍ മരണത്തിലേക്കെത്തുമ്പോളും ശേഷവും തലച്ചോറില്‍ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളും മാറ്റങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുന്‍പ് ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ അവസാന ഓർമ്മപ്പെടുത്തല്‍ എന്ന രീതിയില്‍ തലച്ചോര്‍ ഓർമ്മപ്പെടുത്തിയേക്കാം എന്നുതന്നെയാണ് പഠനവും പറയുന്നത്. മരണത്തിന് തൊട്ടുമുമ്പ്, ഓർമ്മകള്‍ വീണ്ടെടുക്കുന്നതിനായുള്ള തരംഗങ്ങൾ തലച്ചോറില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതിലൂടെ തലച്ചോറ് പ്രധാനപ്പെട്ട ജീവിത സംഭവങ്ങളുടെ അവസാന ഓർമ്മപ്പെടുത്തൽ നടത്തിയേക്കാം എന്നാണ് പഠനം പറയുന്നത്.
അപസ്മാരം ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ച് മരിച്ച 87 വയസുകാരന്‍റെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളാണ് ഗവേഷകര്‍ റെക്കോര്‍ഡ് ചെയ്ത് നിരീക്ഷിച്ചത്. രോഗിയുടെ തലയിൽ ഘടിപ്പിച്ചിരുന്ന ഉപകരണം വഴി അവസാന 900 സെക്കൻഡ് തലച്ചോറിന്റെ പ്രവർത്തനം റെക്കോര്‍ഡ് ചെയ്തു. ഇതില്‍ രോഗിയുടെ ഹൃദയമിടിപ്പ് നിലയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള 30 സെക്കൻഡും പെടുന്നു. ഈ സമയങ്ങളില്‍ തലച്ചോറിലെ ഗാമ, ഡെൽറ്റ, തീറ്റ, ആൽഫ, ബീറ്റ എന്നീ തരംഗങ്ങളില്‍ മാറ്റങ്ങൾ ഉണ്ടാകുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ജീവനുള്ള മനുഷ്യ തലച്ചോറുകളിൽ കാണപ്പെടുന്ന വൈദ്യുത പ്രേരണകളുടെ ആവർത്തിച്ചുള്ള പാറ്റേണുകളാണ് ഈ തംരംഗങ്ങള്‍. ഇതില്‍ ഗാമ തരംഗങ്ങളാകട്ടെ ഓര്‍മ്മകള്‍ വീണ്ടെടുന്ന തരത്തിലുള്ള ഉയർന്ന വൈജ്ഞാനിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഓര്‍മ്മകളുടെ ‘ഫ്ലാഷ്ബാക്കു’കളും ഇതില്‍ ഉള്‍പ്പെടാം. ഇതില്‍ നിന്നാണ് പലരും വിശ്വസിക്കുന്നതുപോലെ, ജീവിതം അവരുടെ കൺമുന്നിൽ മിന്നിമറയുന്നത് കാണുന്ന അനുഭവം ഉണ്ടായേക്കാം എന്ന് ഗവേഷകര്‍ വിശദീകരിക്കുന്നത്.
അതേസമയം, മനുഷ്യജീവിതത്തിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള അവസരങ്ങളാണ് പുതിയ പഠനം വാഗ്ദാനം ചെയ്യുന്നത്. ജീവിതം എപ്പോൾ അവസാനിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തന്നെ ഈ കണ്ടെത്തലുകൾ വെല്ലുവിളിക്കുകയും അവയവദാന സമയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നതായി ഗവേഷണ സംഘം പറയുന്നു. 2022ൽ പ്രസിദ്ധീകരിച്ച പഠനമാണ് വീണ്ടും ഓൺലൈനിൽ ഒരു ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.