ക്രിസ്റ്റഫർ നോളൻറെ ഇൻറർസ്റ്റല്ലർ എന്ന സിനിമ ഈയടുത്ത് റീറിലീസ് ചെയ്തിരുന്നു. ചിത്രം കണ്ടവർക്ക് ബ്ലാക്ക് ഹോളുകൾ എന്ന തമോഗർത്തങ്ങളെക്കുറിച്ച് ഏറെക്കുറെ ഒരു ഊഹമെല്ലാം കിട്ടിയിരിക്കും. പ്രകാശത്തെപ്പോലും വലിച്ചെടുക്കാൻ കെൽപ്പുള്ള ബഹിരാകാശ പ്രതിഭാസം ഭയപ്പെടുത്തുന്നതും കൗതുകമുളവാക്കുന്നതുമാണ്.
ഭൂമിയടക്കം അറിയുന്ന പ്രപഞ്ചം തന്നെ ഒരു ബ്ലാക്ക് ഹോളിനകത്തായേക്കാം എന്ന ഞെട്ടിക്കുന്ന നിരീക്ഷണത്തിലേക്കാണ് ജെയിംസ് വെബ് ടെലസ്കോപ്പിൻറെ പുതിയ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്.
ശാസ്ത്രജ്ഞർ കരുതിയിരുന്നതിനെക്കാൾ വളരെ മുൻപ് സൗരയുഥങ്ങളടങ്ങുന്ന നിരവധി ഗാലക്സികൾ രൂപം കൊണ്ടതായി ടെലസ്കോപ്പ് കണ്ടെത്തിയിരുന്നു. പ്രപഞ്ചം രൂപം കൊണ്ടെന്ന് കരുതുന്ന ബിഗ് ബാങ്ങിന് വെറും 250 ദശലക്ഷം വർഷങ്ങൾക്ക് ശേഷം തന്നെ ജെഡസ്–ജിഎസ്–സെഡ്14–0 എന്ന ആകാശഗംഗ രൂപം കൊണ്ടതായി കണ്ടെത്തിയിരുന്നു. ആകാശഗംഗകൾ രൂപം കൊള്ളാൻ കോടിക്കണക്കിന് വർഷങ്ങൾ എടുക്കുമെന്ന ധാരണയ്ക്ക് വിരുദ്ധമായിരുന്നു ഇത്. കൂടാതെ വൃത്താകൃതിയിലുള്ള ആകാശഗംഗകൾ രൂപപ്പെടാൻ ആയിരം കോടി വർഷങ്ങൾ വേണമെന്ന ധാരണയും ഇത് തിരുത്തി. ഭൂമിയടക്കമുള്ള സൗരയുഥം ഉൾപ്പെടുന്ന മിൽക്കീവേ (ആകാശഗംഗ) ഗാലക്സി ഇത്തരമൊരു വൃത്തകൃതിയിലുള്ള ഗാലക്സിയിലാണുള്ളത്.
ഇത് കൂടാതെ പഠനം നടത്തിയ 263 ഗാലക്സികളിൽ ഭൂരിഭാഗവും ഒരേ ദിശയിലാണ് കറങ്ങുന്നതെന്നും ടെലസ്കോപ്പ് കണ്ടെത്തിയിരുന്നു. ഇത് ഗാലക്സികൾ വ്യത്യസ്ത ദിശയിലേക്ക് കറങ്ങുന്നുവെന്ന ധാരണയെ തകർക്കുന്നതാണ്. കൂടുതൽ നിരീക്ഷിച്ച ശാസ്ത്രജ്ഞർ ഞെട്ടിയത് ഇതിനെ ബ്ലാക്ക് ഹോളുകളുമായി താരതമ്യപ്പെടുത്തിയപ്പോളാണ്. ബ്ലാക്ക് ഹോളുകൾ സ്വയം കറങ്ങുന്നുണ്ട്. ബ്വാക്ക് ഹോളുകളുടെ ശക്തമായ ഗുരുത്വം അതിനടുത്തുള്ള വസ്തുക്കളെയും കറക്കുന്നുണ്ട്. നാം ഒരു ബ്ലാക്ക്ഹോളിനകത്തായതിനാലാകാം എല്ലാ ഗാലക്സികളും ഒരേ ദിശയിലേക്ക് കറങ്ങുന്നതെന്നാണ് നിരവധി ശാസ്ത്രജ്ഞരുടെ നിഗമനം.
മുൻധാരണകളെ തള്ളിക്കളയുന്ന നിരീക്ഷണം പ്രപഞ്ചത്തിൻറെ സങ്കീർണമായ പ്രവർത്തനത്തെക്കുറിച്ചും ഒളിഞ്ഞിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചും കൂടുതൽ കൗതുകമുണർത്തുന്നു.