എട്ട് ദിവസത്തെ ദൗത്യം ഒന്‍പത് മാസങ്ങളിലേക്ക് നീണ്ട കാത്തിരിപ്പ്.. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്ക് പറന്നിറങ്ങി. മെക്സിക്കന്‍ ഉള്‍ക്കടല്‍ സഞ്ചാരികളെ മടിത്തട്ടിലേക്ക് സ്വീകരിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27 നായിരുന്നു സ്പ്ലാഷ് ഡൗണ്‍.
ഒരു മേഘശകലം പോലെയായിരുന്നു അല്‍പം മുന്‍പുവരെ സുനിത വില്യംസ്. നിലം തൊടാതെ പാറിനടക്കുന്ന അവസ്ഥ. ഭാരമില്ലാത്ത സഞ്ചാരത്തിന് അതിവിശാലമായ ആകാശമില്ല, ഗുരുത്വാകര്‍ഷണത്തെ പടിക്കുപുറത്താക്കിയ ബഹിരാകാശ നിലയത്തിലെ കുടുസുമുറി മാത്രം. 59 വയസിനിടയിലെ 9 മാസം കഴിച്ചുകൂട്ടിയതവിടെയാണ്. അവിചാരിതമായ ഒരു കുരുങ്ങലില്‍ സുനിതയും സുഹൃത്തും നേരിട്ടത് പലവിധ പ്രശ്നങ്ങള്‍. എന്നാല്‍ അടങ്ങാത്ത ശാസ്ത്രകൗതുകത്തില്‍ അവരതെല്ലാം തരണം ചെയ്തു.
മനുഷ്യരാശിയുടെ എക്കാലത്തേയും നേട്ടങ്ങളുടെ ഏടുകളെടുത്താല്‍ പ്രഥമസ്ഥാനം നല്‍കാം ബഹിരാകാശ യാത്രകള്‍ക്ക്. ഭാവി തലമുറകള്‍ക്ക് അനന്തസാധ്യതകള്‍ തുറന്നിടുന്ന നേട്ടം.1961ല്‍ യൂറി ഗഗാറിന്‍ തുടക്കമിട്ട മനുഷ്യസാന്നിധ്യം ഇന്ന് ‘നീണ്ടനാള്‍ താമസ’ത്തിലെത്തി നില്‍ക്കുന്നു. 8 ദിവസത്തെ ദൗത്യത്തിനുപോയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും നിഗൂഢതകളും വെല്ലുവിളികളും നിറഞ്ഞ ബഹിരാകാശത്ത് കഴിയേണ്ടിവന്നത് 288 ദിവസങ്ങളാണ്. അവരെ ഏതടിസ്ഥാനത്തിലും വിളിക്കാം സൂപ്പര്‍ ഹീറോസ് എന്ന്.
ബഹിരാകാശം മാത്രമല്ല അതിരില്ലാത്ത മാനസികവ്യഥകള്‍ കൂടി കീഴടക്കിയാണ് സുനിതയും സുഹൃത്തും തിരിച്ചെത്തിയത്. വീടിനകത്തും മുറിക്കകത്തും മാത്രം കഴിയേണ്ടി വന്ന കോവിഡ്കാലം ഓര്‍ക്കുന്നില്ലേ... അക്കാലം പോലും നമുക്ക് ചിന്തിക്കാന്‍ വയ്യ. അവിടെയാണ് സുനിതയും ബുച്ചും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ തിരിച്ചറിയേണ്ടത്. ഒറ്റപ്പെടലും മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കവും നിറഞ്ഞ അന്യലോകം. കടുത്ത സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലനം നേടിയവരെങ്കിലും അത് അനുഭവിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ അതിജീവിക്കാന്‍ ഒരു പരിശീലനവും മതിയാകില്ല.
അവിടെനിന്ന് നോക്കിയാല്‍ ഭൂമി കാണാം. പക്ഷേ 400 കിലോമീറ്റര്‍ ഉയരത്തില്‍ ജയിലില്‍ കഴിയുന്ന അതേ അവസ്ഥ. അസാമാന്യ മാനസികനിലയും ധൈര്യവും അത്യാവശ്യം. ശുദ്ധവായു, രുചികരമായ ഭക്ഷണം, സ്വകാര്യത, ഉല്ലാസം എല്ലാം അന്യം. പിസ്സ, റോസ്റ്റഡ് ചിക്കൻ, ചെമ്മീൻ കോക്‌ടെയിലുകൾ എന്നിവ പോലെ പ്രത്യേകം തയാറാക്കിയ ഇനം ഭക്ഷണങ്ങള്‍ മാത്രം. ഒരേദിവസം പലതവണ ഉദയാസ്തമയനങ്ങള്‍ കാണേണ്ടി വരുന്നതും മാനസികപിരിമുറുക്കം കൂട്ടും. ശാരീരികക്ഷമതയ്ക്കൊപ്പം മാനസികനിലയും വിലയിരുത്തിയാണ് ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നത്. പലപ്പോഴും സൈനികര്‍ പരിഗണിക്കപ്പെടുന്നതും ഇക്കാരണങ്ങളാലാണ്.
ഈ പറഞ്ഞ പ്രശ്നങ്ങളും പ്രതിസന്ധികളുമെല്ലാം അതിജീവിച്ചാണ് സുനിതയും ബുച്ചും ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. പക്ഷേ ഇനി ഭൂമിയിലെ ജീവിതവും അവര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ശാരീരിക, മാനസിക അവസ്ഥകള്‍ പഴയപടിയാവാന്‍ കാലങ്ങളെടുത്തേക്കുമെന്നാണ് വിലയിരുത്തല്‍. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന് അനുസരിച്ച് പരിണമിച്ചതാണ് മനുഷ്യശരീരം. ആ ശരീരമാണ് 288 ദിവസം സീറോ ഗ്രാവിറ്റിയില്‍ കഴിഞ്ഞത്. ബഹിരാകാശ ജീവിതത്തില്‍ പേശികള്‍ക്ക് കടുത്ത ബലക്ഷയം സംഭവിച്ചേക്കാം. മൂന്നുമുതൽ ആറുമാസം വരെ ബഹിരാകാശത്ത് ജീവിച്ചാല്‍ ശരീരത്തിലെ മസിൽ മാസ് 30 ശതമാനം വരെ ഇല്ലാതാകുമെന്നാണ് പഠനം. കാലും കയ്യും നട്ടെല്ലും ക്ഷയിച്ച അവസ്ഥയിലാകും. എല്ലുകളും സമാന അവസ്ഥയിലേക്ക് മാറിയിരിക്കും.
നാസയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ യാത്രയ്ക്ക് ഒരു വര്‍ഷം മുന്‍പേ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്. പരിശീലനത്തിലൂടെ ശരീരത്തെ പാകപ്പെടുത്തിയെടുത്താണ് യാത്രികരെ ഉയരത്തിലേക്ക് വിടുന്നത്. നിലയത്തിൽ എത്തിക്കഴിഞ്ഞാൽ സഞ്ചാരികൾ നിർബന്ധമായും രണ്ടര മണിക്കൂർ പ്രത്യേക വ്യായാമങ്ങൾ ചെയ്തിരിക്കണം. ഇതിനായി ഒരു ജിം തന്നെ സജ്ജമാക്കിയിട്ടുണ്ട്. സഞ്ചാരികളുടെ ഭക്ഷണക്രമവും പ്രത്യേകം ചിട്ടപ്പെടുത്തിയതാണ്. ഗുരുത്വാകർഷണം ഇല്ലാത്തതിനാല്‍ ശരീരഭാരം അനുഭവപ്പെടില്ല. അതിനാല്‍ത്തന്നെ സഞ്ചാരികളുടെ നട്ടെല്ലിന് നീളം കൂടും. ഭൂമിയിലെത്തി അധികം വൈകാതെ ഇത് പഴയപടിയാകും. എന്നാൽ, കാലങ്ങളോളം കഠിനമായ പുറംവേദനയും ഡിസ്‌ക് പ്രശ്‌നങ്ങളും ഇവർക്ക് അനുഭവിക്കേണ്ടിവരും. കാല്‍ നിലത്തുറപ്പിക്കാന്‍ വയ്യാത്തതിനാല്‍ ആഴ്ചകളോളം വീല്‍ചെയറിലാകും സഞ്ചാരം. ഇത്തരത്തില്‍ മറ്റുപല ആരോഗ്യപ്രശ്നങ്ങളും അവരെ കാത്തിരിക്കുന്നുണ്ട്.
ഒരു ലിഫ്റ്റില്‍ അല്‍പനേരം കുടുങ്ങിയാല്‍പ്പോലും ഉലയുന്നതാണ് മനുഷ്യമനസ്. അവിടെയാണ് ഭൂമിയില്‍ നിന്നുള്ള ഗ്രീന്‍ സിഗ്നല്‍ കാത്ത് സ്വയം നഷ്ടപ്പെടാതെ സുനിതയും സഹസഞ്ചാരിയും പിടിച്ചുനിന്നത്. ഇനി ഭൂമിയുടെ അന്തരീക്ഷവും അവരെ വെല്ലുവിളിച്ചേക്കാം. എന്നാല്‍ മനസ്സാന്നിദ്ധ്യം കൊണ്ട് അവര്‍ അതിനെയും അതിജീവിക്കും. ശാസ്ത്രചരിത്രം അത് രേഖപ്പെടുത്തുകയും ചെയ്യും. കാരണം ഭൂമിയും ആകാശവും കീഴടക്കിയവര്‍ നിസാരരല്ല, സൂപ്പര്‍ഹീറോസ് തന്നെയാണ്.