പതിനേഴ് വർഷം ചുരുളഴിയാതെ കിടന്ന ഒരു കൊലപാതകം. കോളിളക്കം സൃഷ്ടിച്ച കോഴഞ്ചേരി പുല്ലാട് രമാദേവി കൊലക്കേസ്. ഒടുവിൽ കൊലയാളിയെ കണ്ടെത്തുന്നു. രമാദേവിയുടെ ഭര്‍ത്താവ് സി.ആര്‍ ജനാര്‍ദ്ദനന്‍ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നു. രമാദേവിയുടെ കൈയ്യില്‍ കണ്ട മുടിയിഴകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2006 മെയ് 26. അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. അന്ന് രണ്ടരയേക്കർ പ്രദേശത്തുണ്ടായിരുന്ന ഒരു കൊച്ചുവീട്. ആ വീട്ടിലുണ്ടായിരുന്നത് പോസ്റ്റുമാസ്റ്ററായ ജനാർദനനും ഭാര്യ രമാദേവിയും. മക്കളെല്ലാം മറ്റ് പല സ്ഥലങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. പതിവുപോലെ അന്നും വീട്ടിൽ രമാദേവി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് ജനാർദനൻ പുറത്തായിരുന്നു. ജോലികഴിഞ്ഞ് തിരിച്ചെത്തിയ ജനാർദനൻ കാണുന്നത് പുറത്തുനിന്ന് വാതിൽ ലോക്ക് ചെയ്ത നിലയിലായിരുന്നു എന്ന് പൊലീസിനോട് പറയുന്നു. വീടിന് പുറത്ത് രക്തം തളം കെട്ടിനിൽക്കുന്നത് കണ്ടു എന്നും ജനാർദനൻ പറയുന്നു. ഉള്ളിലോട്ട് ചെല്ലുമ്പോഴാണ് ഭാര്യ കഴുത്തിന് വെട്ടേറ്റ നിലയിൽ മരിച്ചു കിടക്കുന്നതായി കാണുന്നതെന്നും പൊലീസിനോട് ജനാർദനൻ അറിയിച്ചു. എന്നാൽ സംശയങ്ങൾ പിന്നെയും ബാക്കിയായി; ഒടുവിൽ ഒന്നരപ്പതിറ്റാണ്ടിനുശേഷം ദുരൂഹത ചുരുളഴിഞ്ഞു.