നാടകങ്ങളോടുള്ള മസ്കത്ത് പ്രവാസികളുടെ സ്നേഹം പ്രശസ്തമാണ്. ഒട്ടേറെ പ്രശസ്ത നാടകങ്ങൾ മസ്കത്ത് മലയാളികൾ അരങ്ങിലെത്തിച്ചിട്ടുണ്ട്. ഈ നിരയിലെ ഏറ്റവും പുതിയ നാടകമാണ് അസ്തമിക്കാത്ത സൂര്യൻ.  

നാടകങ്ങൾക്കും നാടക സമിതികൾക്കും പ്രവാസികൾക്കിടയിൽ ആഴത്തിൽ വേരോട്ടമുള്ള നാടാണ് ഒമാൻ. നാടകത്തെ നെഞ്ചിൽ കൊണ്ടു നടക്കുന്നവർ ഒരുപാടുള്ള പ്രവാസഭൂമി. കേരളത്തിൽ നാടകങ്ങൾക്കും നാടക സംസ്കാരത്തിനും തിരശീല വീണു കൊണ്ടിരിക്കുന്പോൾ ഒമാനിലെ കാഴ്ച മറിച്ചാണ്. മലയാള നാടകവേദിയുടെ ഉണർവാണ് ഒമാനിൽ കാണാനാവുക. കേരളത്തിലെ പഴയകാല നാടകങ്ങൾ കൃത്യമായ ഇടവേളകളിൽ ഒമാനിലെ അരങ്ങുകളിലെത്തുന്നു. ഒപ്പം വിവിധ നാടക സമിതികൾ അവരുടേതായ നാടകങ്ങളും അവതരിപ്പിക്കുന്നു. 

ഒമാൻ മലയാളികളുടെ നാടക സ്നേഹം ഒന്നു കൂടി ഉറപ്പിക്കുകയാണ് മസ്കത്ത് തിയറ്റർ ഗ്രൂപ്പിൻറെ പുതിയ നാടകം. അസ്തമിക്കാത്ത സൂര്യൻ. കെ.പി.എ.സിയുടെ അശ്വമേധത്തിനും മുടിയനായ പുത്രനും ശേഷമാണ് തിയറ്റർ ഗ്രൂപ്പ് അസ്തമിക്കാത്ത സൂര്യനുമായി എത്തുന്നത്. അഞ്ചുമാസത്തെ പരിശീലന കളരിക്കൊടുവിലാണ് നാടകം തട്ടിൽ കയറുന്നത്

അഭിനയിക്കുന്നവർ എല്ലാവരും പ്രവാസികൾ ആണെന്ന പ്രതേകയും ഈ നാടകത്തിനുണ്ട് , വീട്ടമ്മ മാരടക്കം പലരും 200 കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിച്ചാണ് നാടകത്തിന്റെ പരിശീലന കളരിയിൽ എത്തുന്നത്.

ഒരു കലാകാരിയുടെ പച്ചയായ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാണ്‌ അസ്തമിക്കാത്ത സൂര്യൻ. പഴയ കാലത്തിലെ സാമൂഹിക വ്യവസ്ഥയിൽ  ഒരു കലാകാരി നേരിടുന്ന വെല്ലുവിളികളും, മദ്യപനായ ഭർത്താവിന്റെ പീഡനങ്ങളും, പ്രണയവും എല്ലാം നാടകം പറയുന്നു. ഒരു ഉത്സവ പറമ്പിലേക്ക് എന്നപോലെ മസ്‌കറ്റിലെ അൽഫലാജ് ഹാളിയ്ക്കു ആസ്വാദകരെ എത്തിക്കാനുള്ള പരിശ്രമത്തിലാണ് അണിയറ പ്രവർത്തകർ. 

2006ല്‍ ആണ് കെ.പി.എ.സി ഈ നാടകം അരങ്ങിലെത്തിക്കുന്നത്. കെ.പി.എ.സി. എന്ന നാടക പ്രസ്ഥാനവും ഈ നാടകത്തിൻറെ ഭാഗമാണെന്നതാണ് മറ്റൊരു പ്രത്യേകത. കെ.പി.എ.സി യുടേയും മലയാള നാടകവേദിയുടേയും ഭാഗികമായ ചരിത്രവും ഈ നാടകം ഓര്‍മ്മിപ്പിക്കുന്നു. 

കാലത്തിനു വെളിച്ചമായ കെടാവിളക്കാണ്‌ അരങ്ങ്. അസ്തമിക്കാത്ത സൂര്യന്‍ അരങ്ങിലെ അണയാത്ത പ്രത്യാശയുടെ ശാശ്വത വെളിച്ചത്തെ സൂചിപ്പിക്കുന്നു. മനുഷ്യന്റെ ധര്‍മ്മസങ്കടങ്ങള്‍ക്ക് പ്രപഞ്ചത്തോളം വലിപ്പമുണ്ട് കാണികൾക്ക് തോന്നിക്കും വിധമാണ് രംഗപടം ഒരുങ്ങുന്നത്.

പ്രശസ്ത മലയാള നാടകകൃത്തായ ഫ്രാൻസിസ് ടി. മാവേലിക്കരയാണ് അസ്തമിക്കാത്ത സൂര്യൻ രചിച്ചിരിക്കുന്നത്. ഒമാൻ മലയാളികൾക്ക് കാഴ്ചയുടെ പുതിയ അനുഭവം സമ്മാനിക്കാനൊരുങ്ങുകയാണ് ഈ നാടകം.