TOPICS COVERED

53–ാം ദേശീയദിനത്തിന്റെ നിറവിൽ യുഎഇ. സുപ്രധാന നേട്ടങ്ങളും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും വിശദീകരിച്ചാണ് രാജ്യം  ഈദ് അൽ ഇത്തിഹാദ് ആഘോഷമാക്കിയത്. ഔദ്യോഗിക ആഘോഷങ്ങൾക്ക് അൽ ഐൻ പ്രധാനവേദിയായി. ആഘോഷങ്ങളിൽ സജീവപങ്കാളികളായി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും. യുഎഇയിലെ ജനങ്ങൾക്ക് സ്വന്തം കൈപ്പടയിൽ ആശംസകൾ നേർന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്.

അൽ ഐൻ. രാഷ്ട്രപിതാവ് ഷൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മനാട്. അഗാധമായ സാംസ്കാരിക പൈതൃകത്തിനും ചരിത്രപരമായ പ്രാധാന്യത്തിനും വേറിട്ടുനിൽക്കുന്ന അബുദാബിയിലെ ഏറ്റവും വലിയ നഗരം. അതുകൊണ്ട് ഈദ് അൽ ഇത്തിഹാദ് എന്ന് പേരിട്ട് ദേശീയദിനാഘോഷങ്ങൾ പ്രൗഢഗംഭീരമാകാൻ യുഎഇ ഭരണകൂടം തീരുമാനിച്ചപ്പോൾ വേദിയായി തിരഞ്ഞെടുത്തത് അൽ ഐനെ ആയിരുന്നു

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ  സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികളും ഉൾപ്പെടെ യുഎഇ നേതാക്കളെല്ലാം അൽ ഐനിലെ ആഘോഷങ്ങളിൽ പങ്കാളികളായി.

53–ാം ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ യുഎഇക്കുറിച്ചും പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരെക്കുറിച്ചും അഭിമാനിക്കുന്നെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.  സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും അദ്ദേഹം  ട്വിറ്ററിലൂടെ പങ്കുവച്ചു.   പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാവരോടും അവരുടെ നിശ്ചയദാർഢ്യത്തിനും ശ്രമങ്ങൾക്കും  രാജ്യത്തിനായി ചെയ്യുന്ന എല്ലാത്തിനും അദ്ദേഹം നന്ദി അറിയിച്ചു. യുഎഇ പൗരൻമാരേക്കാൾ ഒരുപടി ആവേശം കൂടുതലായിരുന്നു പ്രവാസികൾക്ക്. പതിവ് തെറ്റിക്കാതെ ആഢംബര കാറിൽ ദേശീയ ചിഹനങ്ങളും ഈദുൽ ഇത്തിഹാദ് സന്ദേശവും ആലേഖനം ചെയ്തായിരുന്നു വ്യവസായി ഷഫീഖ് അബ്ദുൽ റഹ്മാന്റെ ആഘോഷം

ഇലക്ട്രോ പ്ലെയിറ്റഡ് ഗോൾഡ് ഫോയിലുകൾ കൊണ്ട് വരച്ച യു. എ. ഇ. ഭരണാധികാരികളുടെ ചിത്രങ്ങളും 'സായിദും റാഷിദും'  മുദ്രണവുമാണ് അലങ്കാരത്തിന്റെ പ്രത്യേകത. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി തന്റെ പോറ്റമ്മയായ യുഎഇയോടുള്ള ബഹുമാനാർത്ഥം ഷഫീക്ക് ഒരുക്കുന്ന ആഡംബര കാറുകളാണ് ദേശീയ ദിനത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരുന്നത്. ദുബായി ആർട്ട് ആൻറ്  കൾച്ചറൽ ഡിപ്പാർട്ട് മെന്റിന്റെ ഗോൾഡൻ വിസ നേടിയ ചിത്രകാരൻ അഷർ ഗാന്ധിയാണ് വാഹനത്തിന്റെ തീമും ഡിസൈനും ഒരുക്കിയത്.

ദുബായ് മർകസ് ഐസിഎഫ് നടത്തിയ ദേശീയ ദിന റാലിയിൽ നൂറുകണക്കിന് ആളുകൾ അണിനിരുന്നു.   ദേര മുതീന റോഡിൽ മേജർഹമദ് സാലിം അൽ ത്വൻയജി റാലി ഉദ്ഘാടനം ചെയ്തു.  ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഈദ് അൽ ഇത്തിഹാദ് സാംസ്‌കാരിക സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഓർമ കേരളോൽസവവും ഒരുക്കിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.   നർത്തകിയും നടിയുമായ മേതിൽ ദേവിക മുഖ്യാതിഥിയായിരുന്നു. നാട്ടിലെ ഉൽസവാന്തരീക്ഷം പുനഃസൃഷ്ടിച്ച വേദിയിൽ മെഗാ തിരുവാതിരയും കുടമാറ്റവും മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നയിച്ച വാദ്യമേളവും അരങ്ങു തകർത്തു. ആര്യ ദയാൽ, സച്ചിൻ വാരിയർ എന്നിവരുടെ ഗാനസന്ധ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി . സിതാര കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ പ്രൊജക്‌ട്‌സ്‌ മലബാറിക്കസ്‌ ബാൻഡിന്റെ കലാപ്രകടനം ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.  രണ്ട് ദിവസമായി നടന്ന പരിപാടിയിൽ  ആദ്യ ദിനം മുപ്പത്തിനായിരത്തോളവും രണ്ടാം ദിനം നാൽപ്പത്തിനായിരം പേരും പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്.

ദേശീയദിനത്തിൽ തൃശൂർപൂരം ദുബായിലെത്തിച്ചായിരുന്നു മറ്റൊരു ആഘോഷം. മ്മടെ തൃശൂർ പൂരത്തിന് ആയിരങ്ങളാണ് അണിനിരന്നത്. തൃശൂർ ക്യാമറ കണ്ണിലൂടെയെന്ന പേരിൽ  മലയാള മനോരമ ഒരുക്കിയ പൂരത്തിന്റെ ഫോട്ടോപ്രദർശനം പൂരം നേരിൽ കാണാത്ത പ്രവാസികൾക്ക് വേറിട്ട കാഴ്ചാ അനുഭവമായി. തൃശൂർ പൂരത്തിന്റെ പ്രൗഢിയും ഗാംഭീര്യവും തനിമയും ചോർന്നുപോകാത്ത 1953 മുതലുള്ള ചിത്രങ്ങൾ പ്രദർശനത്തിൽ ഇടംപിടിച്ചു. ആനയും വെഞ്ചാമരവും കുടമാറ്റവും ഇലഞ്ഞിത്തറമേളവും ഒക്കെയായി ഖിസൈസ് എത്തിസാലത്ത് ഗ്രൗണ്ട് അക്ഷരാർഥത്തിൽ പൂരപറമ്പായി.

യുഎഇയിലെ ഗസൽ ആസ്വാദകർക്കായി ഗസൽ സന്ധ്യ ഒരുക്കിയാണ് പൊന്നാനിക്കാരുടെ സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഘോഷങ്ങളുടെ ഭാഗമായത്.  സഫാരി മോളിൽ പൊന്നോൽസ് സീസൺ 7 പരിപാടിയിൽ യുവ ഗായക ദമ്പതികളായ റാസ റസാഖും ഇംതിയാസ് ബീഗവും ചേർന്ന് ഗുലാം അലി, മെഹ്ദി ഹസ്സൻ, പങ്കജ് ഉധാസ്, ബാബു രാജ്, ഉമ്പായി തുടങ്ങിയ പ്രതിഭകളുടെ ഗസലുകൾ ആസ്വാദകരിലേക്ക് എത്തിച്ചു.

പ്രൗഢഗംഭീര പരേഡോടെയാണ് യുഎഇ സായുധസേന ദേശീയദിനം ആഘോഷമാക്കിയത്. വഖ്ഫത്ത് വാല പരേഡിൽ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂമായിരുന്നു മുഖ്യാഥിതി.  നാഷണൽ സർവീസ് ആൻഡ് റിസർവ് ഫോഴ്സിലെ ആയിരക്കണക്കിന് അംഗങ്ങൾ ചരിത്രപരമായ പരേഡിൽ പങ്കെടുത്തു. ആധുനിക സൈനികവിമാനങ്ങളും അവതരിപ്പിച്ചു. സായുധസേനയുടെ അചഞ്ചലമായ അർപ്പണബോധത്തിന്റെ പ്രതീകമായി ഖലീഫ ബിൻ സായിദ് എയർബോൺ ബ്രിഗേഡിന്റെ പതാക കൈമാറുന്ന ചടങ്ങും പരേഡിന്റെ ഭാഗമായി നടന്നു.

രാജ്യം രൂപീകൃതമായി 53 വർഷങ്ങൾ പിന്നിടുമ്പോൾ കൈവരിച്ച നേട്ടങ്ങളും ഇനിയും എത്തിപിടിക്കാനുള്ള ഉയരങ്ങളുമാണ് യുഎഇ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.  ഭരണം, നിയമനിർമാണം, ബഹിരാകാശം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിരത തുടങ്ങിയ സുപ്രധാന മേഖലകളിൽ 2024-ൽ യുഎഇ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. പുരോഗതിയുടെയും നൂതനത്വത്തിന്‍റേയും മാതൃകയായി രാജ്യത്തിന്‍റെ ആഗോള സ്ഥാനം മെച്ചപ്പെടുത്താൻ ഒട്ടേറെ സംരംഭങ്ങൾക്കും ഈ വർഷം യുഎഇ തുടക്കമിട്ടിട്ടുണ്ട്.  

ENGLISH SUMMARY:

UAE celebrates 53rd National Day