മസ്കത്തിൽ ഇന്തോ സ്വിസ് സംയുക്ത സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയ രണ്ട് സ്വിസ് സംഗീതജ്ഞരുടെ വിശേഷങ്ങളാണ് ഇനി. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മൈക്കളും സിസ്കയും മസ്കത്തിലെ സംഗീതാസ്വാദകരുടെ മനസ് കീഴടക്കി കഴിഞ്ഞു.
ഒമാൻ സാക്ഷ്യം വഹിക്കുന്ന ഇന്തോ സ്വിസ് സംഗീതാന്വേഷണത്തിൻറെ കഥയാണിത്. ഇന്ത്യയുടെ സംഗീത പാരന്പര്യവും മികവും തേടി യാത്ര ചെയ്യുകയാണ് സ്വിറ്റ്സർലൻഡിൽ നിന്നെത്തിയ സസ്കയും മൈക്കിളും. ഒരു ഉറപ്പ് പാലിക്കുകയെന്ന ലക്ഷ്യവും ഈ ദൌത്യത്തിനുണ്ട്.
ഒമാൻറെയും സ്വിറ്റ്സർലൻഡിൻറെയും സംഗീത പാരന്പര്യങ്ങൾ ചേർത്തിണക്കി ഒരു സംഗീത ആൽബം ഒരുക്കാനാണ് സസ്കയും മൈക്കിളും മസ്കത്തിലെത്തിയത്. ഈ യാത്രകളിലാണ് ഒമാൻ മലയാളിയായ ഗിരിജാ ബേക്കറിനെ പരിചയപ്പെടുന്നത്. ഗിരിജയിൽ നിന്നാണ് ഇവർ ഇന്ത്യൻ സംഗീതത്തെ കുറിച്ച് കൂടുതൽ മനസിലാക്കുന്നത്.
ഇന്ത്യൻ സംഗീതത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും മനസിലാക്കുന്നതിനും സംഗീത അധ്യാപകരുമായും മറ്റും സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുകയാണിവർ.
പക്ഷേ ഗിരിജാ ബേക്കറുടെ അപ്രതീക്ഷിത വിയോഗം ഇന്തോ സ്വിസ് സംഗീത ആൽബം എന്ന സ്വപ്നം വൈകിച്ചു. പക്ഷേ ആ സ്വപ്നം ഉപേക്ഷിക്കാൻ മൈക്കിളും സസ്കയും തയാറായിരുന്നില്ല. ഇന്തോ സ്വിസ് സംഗീത ആൽബം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വീണ്ടും ഇവർ ഒമാനിലെക്കെത്തിയിരിക്കുകയാണ്. ഗിരിജാ ബേക്കറുടെ മകൾ ലക്ഷ്മിയാണ് ഇപ്പോൾ ഇവർക്കൊപ്പം എല്ലാ സഹായവുമായുള്ളത്.
അക്രമങ്ങൾക്കിരയായ കുട്ടികൾക്കും, അവരുടെ വിദ്യാഭ്യാസത്തിനുമുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് മൈക്കിളിൻറെയും സസ്കയുടെയും ആൽബങ്ങൾ. സ്വിസ്സ് ഒമാൻ അറബ് പശ്ചാത്തലത്തിൽ നിരവധി സംഗീത പരിപാടികളും ആൽബങ്ങളും ഇവരുടേതായുണ്ട്.
ആരാധകർക്ക് സസ്ക ഡസ്റ്റിയും മൈക്കിൾ മികിയുമാണ്. ഇന്ത്യയെ സ്നേഹിക്കുന്ന, ഇന്ത്യൻ സംഗീതത്തെ ആരാധിക്കുന്ന ഇവർ ഇന്ന് മസ്കത്തിലെ ഇന്ത്യൻ സമൂഹത്തിനും ഏറെ പ്രിയങ്കരരാണ്.