ലോകത്തിലെ ഏറ്റവും വലിയ തീം പാർക്കുകളിലൊന്നായ അബുദാബിയിലെ വാർണർ ബ്രോസ് വേൾഡ് പൊതുജനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ട്. ആറു പ്രമേയങ്ങളിലുള്ള  തീം പാർക്കുകളെ ഒരേ കുടക്കീഴിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ വിസ്മയം കാണാൻ ആയിരക്കണക്കിനു പേരാണെത്തുന്നത്. 

അബുദാബിയിലെ യാസ് ഐലൻഡിൽ പതിനാറേ ദശാംശം അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് തീം പാർക്ക് ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് സിനിമാ രംഗങ്ങളെ വെല്ലുന്ന പശ്ചാത്തലവും സംഗീതവും സമന്വയിപ്പിച്ച റൈഡുകള്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നു.

കുട്ടികളുടെ ആരാധാനാ കഥാപാത്രങ്ങളായ സൂപ്പര്‍മാന്‍, ബാറ്റ് മാന്‍, വണ്ടര്‍ വുമണ്‍ എന്നിവയ്ക്കൊപ്പം ആനിമേഷന്‍ കഥാപാത്രങ്ങളായ ലൂണി ട്യൂണ്‍സ്, ഹന്ന ബാര്‍ബെറ, ടോം ആന്‍ഡ് ജെറി, ബഗ്സ് ബണ്ണി, സ്കൂബി ഡൂ, ഫ്ളിന്‍റ് സ്റ്റോണ്‍ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ആരാധകർക്കൊപ്പമെത്തുന്നത് ഇത് ആദ്യം.

ആറായിരത്തി എണ്ണൂറ്റിഅൻപത്തിനാല് കോടി രൂപാ ചെലവിലാണ് ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. അത്യപൂർവ്വങ്ങളായ ഇരുപത്തിയൊൻപത് റൈഡുകൾ , പതിനേഴ് റസ്റ്ററന്‍റുകൾ, പതിനഞ്ച് വലിയ ഷോപ്പുകള്‍  എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വാര്‍ണര്‍ ബ്രോസ് സിഒയും ചെയര്‍മാനുമായ കെവിന്‍ സുജിഹാര പറഞ്ഞു. 

വാര്‍ണര്‍ ബ്രോസ് പ്ലാസ, മെട്രൊപൊളിസ്, ഗോഥം സിറ്റി, കാര്‍ട്ടൂണ്‍ ജംങ്ഷന്‍, ബെഡ്റോക്, ഡൈനാമൈറ്റ് ഗള്‍ച്ച് എന്നീ ആറു പ്രമേയത്തിലുള്ള തീം പാര്‍ക്കുകളാണ് ഒരുക്കിയിരിക്കുന്നത്. 

ഹോളിവുഡിലെ സുവര്‍ണ കാലത്തെ അനുസ്മരിപ്പിക്കുന്ന വാര്‍ണര്‍ ബ്രോസ് പ്ലാസയാണ് തീം പാര്‍ക്കിന്‍റെ നെടുംതൂണ്‍. പൗരാണിക അമേരിക്കന്‍ നഗരങ്ങളുടെയും സിനിമകളുടെയും പശ്ചാത്തലത്തില്‍ തയ്യാറാക്കിയ റസ്റ്ററന്‍റുകളും കോഫി ഷോപ്പുകളും അവയുടെ പേരുകളും ശ്രദ്ധേയം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ മിനിയേച്ചറുകളും ഇവിടെ കാണാം.

അനീതിക്കെതിരെ പോരാടാനായി ബാറ്റ്മാനായി മാറിയ ധനികവ്യവസായി ബ്രൂസ് വെയ്ന്‍റെ പ്രകടനങ്ങളാണ് സാങ്കല്‍പിക നഗരമായ ഗോഥം സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്. 

ലൂണി ട്യൂണ്‍സ്, ഹന്ന ബാര്‍ബെറ, ടോം ആന്‍ഡ് ജെറി, ബഗ്സ് ബണ്ണി, സ്കൂബി ഡൂ, ഫ്ളിന്‍റ് സ്റ്റോണ്‍ എന്നിവയുമായി കൂട്ടുകൂടി സെല്‍ഫിയെടുക്കാനും കാർട്ടൂൺ ജങ്ഷനിൽ അവസരമുണ്ട്. 

നൂതന സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരുക്കിയ നഗരമാണ് മെട്രൊപൊളിസ്. 1930ലെ മന്‍ഹാട്ടന്‍ സിറ്റിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പറിച്ചുനട്ടിരിക്കുന്നതാണ് മെട്രൊപൊളിസ്.

ആനിമേഷന്‍ കഥകളുടെ രൂപത്തിലാണ് ഡൈനാമൈറ്റ് ഗള്‍ച് ഒരുക്കിയിരിക്കുന്നത്. വിവിധ രൂപത്തിലും ഭാവത്തിലുമുള്ള റോളര്‍ കോസ്റ്ററുകളാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. 

പക്ഷികളുടെയും ദിനോസറുകളുടെയും പശ്ചാത്തലത്തിലൊരുക്കിയ ബെഡ്റോക്ക്, ശിലായുഗത്തിലെത്തിയ പ്രതീതി പകരും. സാഹസികമായ ബോട്ട് സവാരിയും ബെഡ്റോകിനെ വ്യത്യസ്തമാക്കുന്നു. 

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമും ചേര്‍ന്നാണ് തീം പാർക്ക് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മലയാളികൾ അടക്കം ആയിരക്കണക്കിനു പേരാണ് ദിവസേനേ പാർക്കിലേക്കെത്തുന്നത്.