കായിക ലോകത്ത് പുതിയ റെക്കോർഡ് തീർത്തിരിക്കുകയാണ് ദുബായിലെ പ്രവാസികളായ നാൽവർസംഘം. ഏറ്റവും കുറഞ്ഞ സമയത്തിൽ നാല് കായിക ഇനങ്ങൾ കളിച്ച് ജയിച്ച നാൽവർസംഘമെന്ന റെക്കോർഡാണ് ഇവർ സ്വന്തമാക്കിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ നാലുപേരിൽ മൂന്നുപേർ മലയാളികളാണ്. പ്രായത്തിലും ജോലിയിലുമെല്ലാം വ്യത്യസ്തരായ നാല് പേർ. ഇവരെ ചേർത്തുനിർത്തുന്നത് സ്പോർട്സാണ്. നാലുപേരുടെയും ഇഷ്ട കായികവിനോദങ്ങൾ പലതാണെങ്കിലും സ്പോർട്സിനോട് പൊതുവായുള്ള പാഷനാണ് നാലുപേരെയും ഈ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിച്ചത്. സജിൻ ഗംഗാധാരൻ, കാസർകോട് കാഞ്ഞങ്ങാട് സ്വദേശി, സിസ്കോ സിസ്റ്റംസിലെ സീനിയർ എൻജീനിയർ, സൈക്കിളിങ്ങാണ് ഇഷ്ടവിനോദം അബ്ദുൽ ലത്തീഫ്, കണ്ണൂർ സ്വദേശി, എമിറേറ്റ്സ് പോസ്റ്റിലെ സീനിയർ ഡയറക്ടർ, പാഡലും ടെന്നിസൂം സൈക്കിളിങ്ങുമൊകെയാണ് താൽപര്യം ഫഹദ്, പാലക്കാട് പട്ടാമ്പി സ്വദേശി, ആക്സിയോം ടെലികോമിലെ കീ അക്കൗഡന്റ് മാനേജർ, ഹൈക്കിങ്ങും ബൈക്ക് സ്റ്റണ്ടിങ്ങും സൈക്കിളിങ്ങുമൊക്കെയാണ് മേഖല മെയ്യപ്പൻ പളനിയപ്പൻ, തമിഴ്നാട് മധുര സ്വദേശി, എക്സ്പോ സിറ്റിയിലെ വൈസ് പ്രസിഡന്റ് കംപ്ലയൻസ്, ടെന്നിസും ബാഡ്മിന്റണും ഉൾപ്പെട്ട ഒട്ടുമിക്ക സ്പോർസ് ഇനങ്ങളും വഴങ്ങും. ജോലിയും കുടുംബവുമൊക്കെയായി തിരക്ക് പിടിച്ച ജീവിതത്തിനിടയിലും സ്പോർട്സെന്ന പാഷനുവേണ്ടി സമയം കണ്ടെത്തുന്നവരാണ് നാലുപേരും. ദുബായിലെ വിവിധ സ്പോർട്സ് ക്ലബുകളുടെ ഭാഗമാണ് എല്ലാവരും. വേറിട്ട് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഇവരെ സ്പോർട്സിൽ ഒരു റെക്കോർഡെന്ന ഉദ്യമത്തിലേക്ക് നയിച്ചത്. സൈക്കിളിങ്, പെഡൽ, ഓട്ടം, ബാഡ്മിൻഡൺ എന്നിങ്ങനെ നാല് ഇനങ്ങളാണ് തിരഞ്ഞെടുത്ത്. പിന്നെ കളി മെച്ചപ്പെടുത്താനുള്ള പരിശ്രമമായിരുന്നു. സൈക്കിളിങ്ങായിരുന്നു മെയ്യപ്പൻ പളനിയപ്പനെ അൽപം കുഴക്കിയത്. യുഎഇ ക്രിക്കറ്റ് ടീമിലെ കാർത്തിക് മെയ്യപ്പൻ മകനാണ് കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഫഹദ്. ഏറ്റവും ആക്ടവും. നവംബർ മൂന്നിനായിരുന്നു റെക്കോർഡ് പ്രകടനം. സൈക്കിളിങ്ങിൽ തുടങ്ങി ബാൻഡ്മിന്റൺ കളിയോടെ അവസാനിപ്പിച്ചു. എട്ട് മണിക്കൂറാണ് ഇതിനായി എടുത്തത്. സബീൽ മോളിന് സമീപത്ത് നിന്നാണ് ആരംഭിച്ച സൈക്കിളിങ് ഡൗൺടൗണും കനാലും വഴി ഓടിച്ച് തിരിച്ചെത്തുകയായിരുന്നു, സബീൽ സ്പോർട്സ് ഡിസ്ട്രിക്ടിൽ വച്ചായിരുന്നു പാഡൽ മാച്ച്. സബീൽ മോൾ മുതൽ സബീൽ പാർക്ക് വരെയും തിരിച്ചും ഓടിയും നടന്നും പൂർത്തിയാക്കി. അവസാനമായിരുന്നു ബാഡ്മിന്റൺ. നാല് മണിക്ക് ആരംഭിച്ച കളി രാത്രി പന്ത്രണ്ട് മണിക്കാണ് നിർത്തിയത്.
നാല് ഇനങ്ങളും സാവകാശം കളിച്ച് റെക്കോർഡ് ഇടാമെന്ന ആദ്യ തിരുമാനത്തെ തകിടം മറിച്ചതും ഫഹദിന്റെ കളിയോടുള്ള ആവേശമാണെന്ന് പറയുന്നു മറ്റ് മൂന്നുപേരും. സ്പോർട്സ് ഇവന്റുകളിൽ പാഡൽ മാത്രമായിരിക്കും ഫഹദ് കൈവയ്ക്കാത്ത മേഖല. ലത്തീഫാണ് റെക്കോർഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം അന്വേഷിച്ച് പൂർത്തിയാക്കിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന് പിന്നാലെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും നാൽവർ സംഘത്തെ തേടിയെത്തി. പിന്നാലെ നാല് പേർക്കും പ്രത്യേകം മെഡലുകളും സർട്ടിഫിക്കറ്റുകളും റെക്കോർഡ് ബുക്കിന്റെ കോപ്പിയും ലഭിച്ചു. വൈകാതെ സ്പോർട്സിൽ മറ്റൊരു നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് നാലുപേരും.