gw-nri-help-t

പ്രളയം തകർത്തവർക്കായി പ്രവാസി മലയാളിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി പാടി. നേടിയ അഞ്ചുലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഇത് ദുബായിലാണെങ്കിൽ ഒമാനിൽ  കേരളത്തിലെ ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനം നടത്തിയ മാത്സ്യത്തൊഴിലാളികൾക്ക് ആദരവർപ്പിച്ച് ഒരു കേരള കാർ നിരത്തിലൂടെ ഓടുന്നുണ്ട്. കൗതുകവും പ്രചോദനവുമായി...ഈ  രണ്ട് കാഴ്ചകളാണ് ഇനി കാണാൻ പോകുന്നത്.

 

മണ്ണും മനസും കുതിർത്ത മഴയിൽ എല്ലാം തകർന്നടിഞ്ഞവർക്ക് പ്രവാസിലോകത്ത് നിന്നും സംഗീതാർച്ചന. യു എ ഇയിലെ  യുവ ഗായകരായ സുചേതാ സതീഷ്, അജയ് ഗോപാൽ എന്നിവരാണ് പാട്ടിലൂടെ കേരളത്തിന്റെ നൊമ്പരങ്ങൾക്കൊപ്പം ചേർന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശി അജയ് ഗോപാലിന്റെ വരികൾ ദുബായിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സുചേത സതീഷാണ് ആലപിച്ചിരിക്കുന്നത്.

 

ഇത്തരമൊരു ഉദ്യമത്തെക്കുറിച്ച് കേട്ടറിഞ്ഞ ആസ്റ്റർ– ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ  ഡോക്ടർ ആസാദ് മൂപ്പൻ പാട്ടു സ്വന്തമാക്കാൻ മുന്നോട്ട് വരികയായിരുന്നു. തുടർന്നാണ് സുചേതയ്ക്കും അജയിനുമായി അഞ്ചു ലക്ഷം രൂപ കൈമാറിയത്. വേലിക്കെട്ടുകളില്ലാത്ത സംഗീതം പ്രളയ ദുരിതർക്ക് ആശ്വാസം പകരുന്നതിൽ സന്തോഷമുണ്ടെന്ന് ആസാദ് മൂപ്പൻ പറഞ്ഞു.

 

പാട്ടിലൂടെ ലഭിച്ച തുക പൂർണമായും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനാണ് പാട്ടൊരുക്കിയവരുടെ തീരുമാനം.

 

കലയിലൂടെ കണ്ണീരൊപ്പാനുള്ള എളിയ ശ്രമത്തിനു പ്രതീക്ഷിക്കാതെ വലിയ പിന്തുണ ലഭിച്ചത് അനുഗ്രഹമാണെന്നു ഗാനരചയിതാവ് അജയ് ഗോപാൽ.

 

തുമ്പിയാണോ പൂത്തുമ്പി എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. പ്രളയ ദുരിതത്തിനൊപ്പം ഓണം ഓർമ്മകൾ കൂടി ചേർത്താണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം. മാവേലിയുടെ സത്യം പോലെ വീണ്ടും സമഭാവനയിൽ ഉയരാനും ഒന്നാകാനും ആശംസ നേർന്നാണ് മഴയിലും മായാത്തൊരു ഓണ സ്‌മൃതി എന്ന ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

 

മമ്മൂട്ടിയുടെ പുതിയ  ചിത്രമായ മാമാങ്കത്തിനു അടക്കം മലയാള ചലച്ചിത്ര ഗാനരചനാ രംഗത്ത് സജീവമാണ് അജയ് ഗോപാൽ. ദുബായിൽ ഡോക്ടറായ കണ്ണൂർ എളയാവൂർ സ്വദേശി ടി.സി. സതീഷ്, സുമിത ദമ്പതികളുടെ മകളാണ് സുചേതാ സതീഷ്. 110 ഭാഷകളിൽ പാടി ലോക ശ്രദ്ധ നേടിയിട്ടുള്ള 13 കാരി രണ്ട് ലോക റെക്കോർ‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

 

പാട്ടിന്റെ വഴികളിലൂടെ മാത്രമല്ല പൊതുനിരത്തിലൂടെയും നവ കേരളനിർമിതിക്ക് സഹായം തുടരുകയാണ്.

 

കേരളത്തിലെ ദുരന്തമുഖത്ത് രക്ഷകരായ മത്സ്യതൊഴിലാളികൾക്ക് ആദരവർപ്പിച്ച് മസ്കത്തിലെ നിരത്തിലൂടെ ഓടുന്ന  കേരളാ കാർ ഒരേസമയം കൗതുകവും പ്രചോദനവുമാണ്. ആലപ്പുഴ പുന്നപ്ര സ്വദേശി തയ്യിൽ ഹബീബ്, ഒമാൻ പോലീസിന്റെ പ്രത്യേക അനുമതി നേടിയാണ് രക്ഷാപ്രവർത്തനം വിവരിക്കുന്ന സ്റ്റിക്കർ പതിച്ച കാർ നിരത്തിലിറക്കിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ്  കാർ ഓടിക്കുന്നത്.

 

വാഹന, റോഡ് നിയമങ്ങളിൽ കർക്കശ്യമുള്ള ഒമാനിൽ രണ്ടാഴ്ചത്തെ ശ്രമത്തിനൊടുവിലാണ് കാറിൽ സ്റ്റിക്കർ പതിക്കാൻ അധികാരികളുടെ അനുവാദം ലഭിച്ചത്. ഉദ്ദേശം വ്യക്തമാക്കിയതോടെ പോലീസിന്റെ ഭാഗത്തുനിന്നുൾപ്പെടെ പിന്തുണ ലഭിക്കുന്നുണ്ട്.

 

നാടിന്റെ അതിജീവനത്തിന് തന്നാൽ കഴിയുന്ന പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രചാരണത്തിനിറങ്ങിയതെന്ന് ഹബീബ് പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ചുള്ള വാചകങ്ങളും വാഹനത്തിൽ പതിച്ചിട്ടുണ്ട്.

 

വാഹനം കണ്ട്  സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കേരളത്തിനെപ്പറ്റി ചോദിച്ചറിയുന്നുണ്ട്. ഒപ്പം സഹായം നല്കാൻ മുന്നോട്ടു വരുന്നുമുണ്ട്.

 

കാർ തരംഗമായതോടെ ഇതേ തരത്തിൽ  കൂടുതൽ കാറുകൾ നിരത്തിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ഹബീബ്. ഇതിലൂടെ കൂടുതൽ ആളുകളിൽ ദുരിതാശ്വാസ സഹായ അഭ്യർത്ഥന ചെന്നെത്തുമെന്നാണ് ഈ ആലപ്പുഴക്കാരന്റെ പ്രതീക്ഷ.