ലോകത്ത് ഏറ്റവും കഠിനമായ ചൂട് രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഈ ചൂടിനിടയിലും ഹരിതവിപ്ലവം നടത്തുന്ന പ്രവാസി മലയാളിയെയാണ് പരിചയപ്പെടുത്തുന്നത്. പത്തനംതിട്ട സ്വദേശി കെ.ജി.എബ്രഹാമിൻറെ കൃഷിയിടത്തിലെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

മരുഭൂമിയിലെ എബ്രഹാമിൻറെ തോട്ടം. കുവൈത്ത് സിറ്റിയിൽ നിന്നും നൂറ്റിഅൻപതു കിലോമീറ്റർ അകലെ വഫ്രയിലാണ് ഈ ഹരിതാഭമായ കാഴ്ചകൾ. പച്ചക്കറികളും ഫലവൃക്ഷങ്ങളും മത്സ്യകൃഷിയും വളർത്തുമൃഗങ്ങളുമൊക്കെയായി പ്രകൃതിയെ പ്രണയിക്കുന്ന, ഉള്ളു തണുപ്പിക്കുന്ന മനോഹര കാഴ്ച.

മാങ്ങ, ഓറഞ്ച്, മുന്തിരി, ആപ്പിൾ, പപ്പായ, പേരയ്ക്ക, അത്തിപ്പഴം, സപ്പോട്ട, ആഫ്രിക്കോട്ട് അങ്ങനെ ഇരുപതോളം പഴവർഗങ്ങൾ. റോബസ്റ്റയും ഏത്തവാഴയും പാളയം തോടനും ചെങ്കദളിയുമൊക്കെയായി വാഴകൾ അണിനിരക്കുന്നു. 

ഒരുഭാഗത്ത് വരിവരിയായി കരിമ്പുകൾ. മറുവശത്ത് പച്ചയും ചുവന്നതുമായ ചീരകൾ. കറിവേപ്പിലയും പച്ചമുളകും നാരകവും തക്കാളിയും കക്കിരിയും ഉൾപ്പെടെയുള്ള പച്ചക്കറികളും മരച്ചീനിയും നാട്ടിലെ ഏതോ പച്ചക്കറിത്തോട്ടത്തിലാണെന്ന ഓർമയിലേക്ക് നയിക്കും.

തോട്ടത്തിന് മധ്യത്തിലായി കൃത്രിമതടാകത്തിൽ മത്സ്യക്കൃഷിയുമുണ്ട്. മരുഭൂമിയിലെ പതിവുകാഴ്ചയായ ഈന്തപ്പനയ്ക്കൊപ്പം തെങ്ങിൻ തൈകളും വളരുന്നു. മാനുകളും മയിലുകളുമൊക്കെ വിഹരിക്കുന്ന പ്രദേശത്തിനു സമീപം കോഴിയും തത്തയും കുരുവിയുമൊക്കെയുണ്ട്. ആടും, താറാവുമൊക്കെ നാട്ടിൻപുറത്തെ കാഴ്ചകളിലേക്ക് നമ്മെ നയിക്കും.

25 ഏക്കർ ഭൂമിയിൽ കഠിനപ്രയത്നത്തിലൂടെ ഹരിതവിപ്ലവം തീർക്കാൻ, പത്തനംതിട്ട നിരണം സ്വദേശി ഏബ്രഹാമിനെ പ്രേരിപ്പിച്ചത് കൃഷിയോടുള്ള പ്രണയമാണ്. കുവൈത്തിൽ മാത്രം 25,000 ആളുകൾ ജോലിചെയ്യുന്ന എൻ.ബി.ടി.സി എന്ന വ്യവസായ സ്ഥാപനത്തിൻറെ മാനേജിങ് ഡയറക്ടറാണ് കെ.ജി.ഏബ്രഹാം. അതിന് പുറമെ സൗദിയിലും യുഎഇയിലും കേരളത്തിലും വ്യവസായ സംരംഭങ്ങളുണ്ട്. എന്നാൽ വാണിജ്യതാൽപര്യങ്ങളല്ല കൃഷിത്തോട്ടത്തിനു പിന്നിൽ.

ഒഴിവ് സമയങ്ങളിലെല്ലാം ഏബ്രഹാം വഫ്രയിലേക്ക് തിരിക്കും. അവിടെയുള്ള വളർത്തു മൃഗങ്ങളെയും പക്ഷികളെയും കിന്നരിച്ചും കായ്ച്ചു നിൽക്കുന്ന പഴങ്ങളും പച്ചക്കറികളും കൺകുളിർക്കെ കണ്ടും സന്തോഷിക്കും. തടാകക്കരയിലെത്തി മത്സ്യത്തിന് തീറ്റ നൽകും. പരിശ്രമമുണ്ടെങ്കിൽ ഏത് മണ്ണിനേയും പൊന്നാക്കാമെന്നു തെളിയിക്കുകയാണ് ഈ പ്രവാസിമലയാളി. 

ചെറിയൊരു ഫാം ഹൗസിൽ നിന്നു തുടങ്ങി അഞ്ചു വർഷം മുൻപാണ് വിശാലമായ തോട്ടം ഒരുക്കിയത്. മരുഭൂമിയിലെ മണ്ണ് കാർഷികവിളകൾക്ക് യോജ്യമാക്കുകയായിരുന്നു ആദ്യത്തെ കടമ്പ. കുവൈത്തിലെ നഴ്സറികളിൽനിന്ന് ലഭ്യമായ വൃക്ഷത്തൈകൾ ശേഖരിച്ച് കൃഷിയിറക്കി. ഒപ്പം നാട്ടിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും തൈകളെത്തിച്ചു. 

മാർക്കറ്റിൽ ലഭ്യമായ ആട്ടിൻപിട്ടയും പശുവിൻറെ ചാണകവും അടങ്ങിയ ജൈവവളം പ്രയോജനപ്പെടുത്തി. 25 തൊഴിലാളികളാണ് ഏബ്രഹാമിൻറെ തോട്ടത്തി ജോലിചെയ്യുന്നത്. താപനില ക്രമീകരിക്കാൻ ഒട്ടേറെ ഗ്രീൻ ഹൌസുകളും ഒരുക്കി. വഫ്രയിലെ തോട്ടത്തിൽ വിളയുന്ന പച്ചക്കറികൾ  കമ്പനിയിലെ ലേബർ ക്യാംപിലെ അടുക്കളയിലേക്കാണ് പോകുന്നത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായും നൽകും. 

വിൽപനയിലൂടെ ലാഭം കൊയ്യാനുള്ളതല്ല ഏബ്രഹാമിന് തോട്ടത്തിലെ വിളവ്. മറിച്ച് പാരമ്പര്യത്തിൻറെ, കർഷകരായിരുന്ന പിതാവിൻറേയും മുത്തശ്ശന്റെയൊക്കെ ഓർമയിൽ കൃഷിപ്രേമം മാത്രമാണ് വലിയ മുതൽമുടക്കിയുള്ള വിശാലമായ തോട്ടത്തിന് പിന്നിലെ പ്രേരണ.