അതിജീവനത്തിന്റെ വേറിട്ട കലാവിസ്‌മയത്തിന് കഴിഞ്ഞദിവസം ദുബായ് വേദിയായി. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികളാണ് കലാസന്ധ്യയൊരുക്കിയത്. എംപവറിങ് വിത്ത് മാജിക്കൽ ലവ് എന്ന മൂന്നുമണിക്കൂർ നീണ്ട പരിപാടിയിൽ വേറിട്ട കലാപ്രകടനങ്ങൾ നടത്തിയാണ് കുട്ടികൾ മടങ്ങിയത്.
18 കലാകാരൻമാരുമായാണ് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഇത്തവണ ദുബായിലെത്തിയത്. ഊദ് മേത്തയിലെ ഷൈഖ് റാഷിദ് ഓഡിറ്റോറിയത്തിലെ പ്രൗഢമായ സദസ്സിന് മുന്നിൽ 'അതിജീവനത്തിന്റെ വേറിട്ട - കലാവിസ്മയം' തീർത്തു ഈ കുരുന്നുകൾ. ഡിഫറന്റ് ആർട് സെന്ററിലെ ഈ കുട്ടികൾക്കുവേണ്ടി നിർത്തിയ പ്രഫഷണൽ മാജിക്, വീണ്ടും അവതരിപ്പിച്ചായിരുന്നു തുടക്കം.
ഇന്ദ്രജാലവും സംഗീതവും നൃത്തവും ഫിഗർ ഷോ, ശിങ്കാരിമേളം എന്നുവേണ്ട ആസ്വാദകരെ ആനന്ദിപ്പിക്കുന്ന പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ചവച്ചത്. ശാരീരിക പരിമിതികളൊന്നും ഇവരുടെ പ്രകടനമികവിന് തടസമായില്ല. നാലരപ്പതിറ്റാണ്ട് കാലം നിറഞ്ഞുനിന്ന മാജികിന്റെ ലോകം,, ഉപേക്ഷിച്ച് ഒന്നരവർഷത്തിലേറെയായി ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചവരുകയാണ് മജീഷ്യൻ ഗോപിനാഥ് മുതുകാട്.
വിഷ്ണുവിന്റെ ഹൗദിനി എസ്കേപായിരുന്നു പരിപാടിയിലെ ഹൈലറ്റ്. പ്രഗൽഭരായ പല മജീഷ്യരും പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഹൗദിനി എസ്കേപ്, പ്രഫണഷണൽ മജീഷ്യന്റെ എല്ലാ കയ്യടക്കത്തോടെയും വിഷ്ണുവതരിപ്പിച്ചത് വിസ്മയമായി. ശരീരത്തിന്റെ ചലനകളെ പ്രതികൂലമായി ബാധിക്കുന്ന സെറിബ്രൽ പാൾസിയെ അതിജീവിച്ചായിരുന്നു ഈ പ്രകടനമെന്നതാണ് ശ്രദ്ധേയം
കേൾക്കാനും സംസാരിക്കാനും കഴിയില്ല അപർണയ്ക്കും ആർദ്രയ്ക്കും. പക്ഷെ ഇതിനെല്ലാം കഴിയുന്ന നമ്മൾ പലരെക്കാൾ മനോഹരമായി, മാജിക് അവതരിപ്പിക്കും. മുഴങ്ങികേൾക്കുന്ന സംഗീതത്തിന്റെ താളത്തിനൊപ്പിച്ചുള്ള ഈ പ്രകടനത്തിന് പിന്നിലെ ഇന്ദ്രജാലം, ആർക്കുമറിയില്ല. ഡൗൺസിൻഡ്രാം ഉയർത്തിയ വെല്ലുവിളി മറികടന്നായിരുന്നു വിഷ്ണുപ്രസാദിന്റെ നൃത്തം.
മധ്യപൂർവദേശത്തെ ആദ്യ പരിപാടിയാണ് ദുബായിൽ അരങ്ങേറിയത്. കലാകാരൻമാരും അവരുടെ അമ്മമാരും സഹായികളുമടക്കം 35 പേരാണ് എത്തിയത്. ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷനായിരുന്നു സംഘടകർ. നിറഞ്ഞ സദസിന് മുന്നിൽ പരിധിയില്ലാതെ വിസ്മയങ്ങൾ കാഴ്ചവച്ചായിരുന്നു സംഘത്തിന്‍റെ മടക്കം.