പാം ജുമൈറയുടെ ഇരട്ടി വലുപ്പത്തിൽ ദുബായിൽ പുതിയ ദ്വീപ് ഒരുങ്ങുന്നു. പാം ജബൽ അലിയുടെ ഭാവി വികസന മാസ്റ്റർപ്ലാനിന് അനുമതി നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് പ്രഖ്യാപനം നടത്തിയത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് പാം ജബൽ അലി. ദുബായിലെ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തുപകരാൻ  ലക്ഷ്യമിട്ടാണ് പുതിയ കൃത്രിമ ദ്വീപ് പ്രഖ്യാപിച്ചത്. ഗൾഫ് ദിസ് വീക്ക് കാണാം.

 

ഈന്തപ്പനയുടെ മാതൃകയിലുള്ള ദുബായിലെ കൃത്രിമ ദ്വീപുകളായ പാം ജുമൈറയ്ക്കും ദുബായ് ഐലൻഡ്സിനും പിന്നാലെയാണ് പാം ജബൽ അലിയുടെ വികസന മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്. 13.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാം ജുമൈറയുടെ ഇരട്ടി വലുപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുക.  

 

നിലവിൽ ദുബായിലെ ആഡംബരകേന്ദ്രങ്ങളിലൊന്നാണ് പാം ജുമൈറ. ഇവിടുത്തെ വസ്തുവകകൾക്ക് ആവശ്യക്കാരേറെയാണ്. യുക്രെയ്‌നിലെ സംഘർഷത്തെത്തുടർന്ന് എമിറേറ്റിലേക്ക് ഒഴുകിയെത്തിയ റഷ്യക്കാരുടെ പ്രിയപ്പെട്ട പ്രദേശം.  പാം ജുമൈറയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കൂടി കണക്കിലെടുത്താണ് പാം ജബൽ അലിയുടെ പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.

 

വിശാലമായ ഹരിത ഇടങ്ങളും ആകർഷകങ്ങളായ വെള്ളച്ചാട്ടങ്ങളും പാം ജബൽ അലിയിൽ ഉണ്ടാകും. റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ നഖീൽ ആണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഏകദേശം 35,000 കുടുംബങ്ങൾക്ക്  എല്ലാവിധ സുഖസൗകര്യങ്ങളോടും താമസിക്കാൻ കഴിയുന്ന ആഡംബരനിർമിതികളാണ് ഇവിടെ വരുന്നത്. എൺപതിലേറെ ഹോട്ടലുകളും റിസോർട്ടുകളും പദ്ധതിയുടെ ഭാഗമാണ്. 2033 ഓടെ എമറേറ്റിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കാനുള്ള ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതി.

 

ജീവിക്കാനും ജോലി ചെയ്യാനും വിനോദസഞ്ചാരത്തിനും,, ലോകത്തിലെ ഏറ്റവും മനോഹര നഗരമായി ദുബായിലെ മാറ്റാനായി ദിവസന്തോറും പുതിയ ആകർഷണങ്ങൾ കൂട്ടിച്ചേർക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 110 കിലോ മീറ്റർ നീളത്തിൽ യുഎഇയിലെ പൊതു ബീച്ചുകൾ നാനൂറ് ശതമാനം വർധിപ്പിക്കാനുള്ള നഗരവികസന പദ്ധതിയും കഴിഞ്ഞദിവസം ഷെയ്ഖ് മുഹമ്മദ് ജബൽ അലിയിൽ പ്രഖ്യാപിച്ചിരുന്നു. ഏഴ് വർഷത്തെ മാന്ദ്യം മറികടന്ന് റിയൽ എസ്റ്റേറ്റ് മേഖലയിൽ വിലയും വാടകയും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ പുനരുജ്ജീവനം. റിയൽ എസ്റ്റേറ് മേഖലയിലെ ഉണർവ് പദ്ധതിക്ക് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.   

 

2003ൽ ആണ് പാം ജബൽ അലി പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. ഡൗൺ ടൗണിൽ നിന്ന് 50 കിലോമീറ്റർ അകലെ വിഭാവനം ചെയ്ത പദ്ധതി പിന്നീട് ആഗോള മാന്ദ്യത്തെ തുടർന്ന് 2008ൽ നിർത്തിവയ്ക്കുകയായിരുന്നു. വീടുകൾക്കായി പണം നിക്ഷേപിച്ചവർ പലർക്കും നക്കീൽ മറ്റു പദ്ധതികളിൽ പകരം വീട് നൽകി. ചിലർക്ക് പണം തിരിച്ചുനൽകി. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് പുതിയ പാം ജബൽ അലി പദ്ധതി.  സുസ്ഥിരത കണക്കിലെടുത്താണ് രൂപകൽപന.   പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകൾ ഉൾപ്പെടെയാണ് ഇത്.  പാം ജബൽ അലിയുടെ ഊർജാവശ്യത്തിന്റെ 30 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. വാട്ടർഫ്രണ്ട് ലിവിംങിൽ ആഗോള മാനദണ്ഡം ഉയർത്തുന്ന ഒന്നായിരിക്കും പാം ജബൽ അലിയെന്നാണ് വിലയിരുത്തൽ. ദുബായ് സാമ്പത്തിക അജൻഡ ഡി 33 യുടെ ലക്ഷ്യത്തെ പിന്തുണച്ച് ടൂറിസം- ബിസിനസ് രംഗത്ത് ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായി ദുബായ് പദവി ഉറപ്പിക്കും. 

 

Dubai to construct new island; Masterplan approved by Ruler