new-year-Uae

ന്യൂ ഇയർ ആഘോഷിക്കാൻ കൂടുതൽപേരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ദുബായ്. ഡിസംബർ 27 മുതൽ ജനുവരി ഒന്ന് വരെയുള്ള ഒരാഴ്ചക്കാലം ദുബായിൽ വന്ന് പോയത് 12 ലക്ഷത്തിലേറെ പേരാണ്. ഇത്തവണയും  റെക്കോർഡ് നേട്ടത്തോടെയാണ് യുഎഇ പുതിയ വർഷത്തെ വരവേറ്റത്.  അബുദാബിയിലും റാസ് അൽ ഖൈമലയിലുമായി ആറ് റെക്കോർഡുകളാണ് പുതുവൽസരാഘോഷങ്ങളോട് അനുബന്ധിച്ച് യുഎഇ സ്വന്തമാക്കിയത്. വർണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ഗാനമേളകളുമൊക്കെയായി വിപുലമായി ആഘോഷങ്ങളോടെയാണ് രാജ്യം പുതുവർഷേത്തെ നെഞ്ചേറ്റിയത്.

ആടിയും പാടിയും വൻ ആഘോഷങ്ങളോടെ പുതുവർഷത്തെ  വരവേറ്റ് യുണൈറ്റ് അറബ് എമിറേറ്റ്സ്. പതിവ് തെറ്റിക്കാതെ ഇക്കുറിയും റെക്കോർഡുകളുടെ പൂത്തിരികളുമായായിരുന്നു ആഘോഷം. ആറ് റെക്കോർഡുകളാണ് പുതുവൽസരപ്പുലരിയിൽ രാജ്യത്ത് പിറന്നത്. അബുദാബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ വെടിക്കെട്ട് ഒരു മണിക്കൂർ നീണ്ടുനിന്നു. ദൈർഘ്യം, അളവ്, ഡിസൈൻ എന്നിവയിലെ മൂന്ന്  റെക്കോർഡുകളാണ് ഈ വിസ്മയിപ്പിക്കുന്ന വെടിക്കെട്ട് ഭേദിച്ചത്.

അയ്യായിരം ഡ്രോണുകളെ അണിനിരത്തിയുള്ള പരിപാടിയിലൂടെ ഫെസ്റ്റിവൽ നാലാമത്തെ റെക്കോർഡും സ്വന്തമാക്കി. പുതുവർഷം പിറക്കും മുൻപേ പുതിയ വർഷത്തേക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവച്ചു ചിലര്‍. നേർരേഖയിലെ ഏറ്റവും നീളം കൂടിയ ഡ്രോൺ ഡിസ്പ്ലെ നടത്തിയാണ് റാസ് അൽ ഖൈമ റെക്കോർഡ് ഇട്ടത്. രണ്ട് കിലോമീറ്ററായിരുന്നു നീളം. പിന്നാലെ ഏറ്റവും നീളമേറിയ അക്വാട്ടിക് ഫ്ലോട്ടിങ് വെടിക്കെട്ടും തീർത്ത് രണ്ടാമത്തെ ഗിന്നസ് റെക്കോർഡും സ്വന്തമാക്കി. 5.8 കിലോ മീറ്റർ നീളത്തിൽ എട്ട് മിനിറ്റ് നീണ്ടുനിന്നു വെടിക്കെട്ട്. 

പുതുവൽസാരാഘോഷങ്ങളിൽ പങ്കുചേരാൻ ഉച്ചമുതൽ തന്നെ വൻജനാവലിയാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. ടെൻഡ് കെട്ടി, ബാർബി ക്യൂവും പാട്ടുമൊക്കെയായി  പുതുവർഷപുലരി പുതുപ്രതീക്ഷകളോടെ ആഘോഷമാക്കി ജനം. വർണാഭമായ വെടിക്കെട്ടാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലിഫ കാത്തുവച്ചത്. ദുബായിൽ മാത്രം 32 ഇടങ്ങളിലായി 45 വെടിക്കെട്ടുകളാണ് നടന്നത്. ഇത് കഴിഞ്ഞ് ജനം മടങ്ങുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. രണ്ട് മണിക്കൂറിലേറെ കാൽനടയായി സഞ്ചരിച്ചശേഷമാണ് പലരും വാഹനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങൾക്കും അടുത്തെത്തിയത്. അതിനിടെ ജനക്കൂട്ടത്തെ കാറിലിരുന്ന് നിയന്ത്രിക്കുന്ന പൊലീസുകാരനെയും കണ്ടു. വിവിധ രാജ്യങ്ങളുടെ പവനിലയങ്ങലുടെ നേതൃത്വത്തിൽ ഗ്ലോബൽ വില്ലേജിൽ മിനിറ്റുകൾ ഇടവിട്ട് ഏഴുതവണയാണ് ഗ്ലോബൽ വില്ലേജ് പുതുവർഷത്തെ വരവേറ്റത്.

ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്തെ പുതുവൽസാരാഘോഷങ്ങളിൽ പങ്കാളികളായത്. പന്ത്രണ്ട് ലക്ഷത്തിലേറെപേർ കര ജല വ്യോമമാർഗങ്ങളിലൂടെ ന്യൂ ഇയ‍ർ ആഘോഷിക്കാൻ ദുബായിൽ മാത്രം വന്ന് മടങ്ങി. ദുബായ് ആർടിഎയുടെ കണക്ക് അനുസരിച്ച് 22 ലക്ഷത്തിലേറെപേരാണ് പുതുവർഷരാവിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത്. ദുബായ് മെട്രോയും ട്രാം നാൽപത് മണിക്കൂറിലേറെ സർവീസ് നടത്തിയിരുന്നു

Record breaking New Year celebration in UAE