Gulf-This--Week-

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമൊരുക്കാൻ ഒരുങ്ങി ദുബായ്. അൽ മംക്തും വിമാനത്താവളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും. പണി പൂർത്തിയാകുന്നതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ എല്ലാ സർവീസുകളും അൽ മംക്തുമിലേക്ക് മാറും. 35 ബില്ല്യൺ ഡോളറാണ് നിർമാണചെലവ്.

70 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. 400 എയർക്രാഫ്റ്റ് ഗേറ്റുകൾ, അഞ്ച് പാരലൽ റൺവേകൾ, പുതിയ വ്യോമയാന സാങ്കേതിക വിദ്യ  അങ്ങനെ കത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാനുള്ള ഒരുക്കത്തിലാണ് ദുബായ് അൽ മംക്തും രാജ്യാന്തര വിമാനത്താവളം. പ്രതിവർഷം 26 കോടി യാത്രക്കാരെയും ഒന്നേകാൽ കോടി കാർഗോയും കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും,

അതായത് നിലവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ അ‍ഞ്ച് ഇരട്ടി വലുപ്പം. 128 ബില്യൺ ദിർഹമാണ് നിർമാണ ചെലവ്.  പത്ത് വർഷത്തിനകം ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി അൽ മംക്തും രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറും. നഗരത്തിൽ നടുക്ക് തന്നെ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് അങ്ങനെ ദുബായ് സൗത്തിലേക്ക് മാറുന്നത്. വ്യോമയാന മേഖലയിലെ അടുത്ത 40 വർഷത്തേക്കുള്ള വളർച്ചക്കുള്ള അടിസ്ഥാനമായി പുതിയ വിമാനത്താവളം മാറും.

വിമാനത്താവളത്തിന്റെ ആദ്യഘട്ടം പത്ത് വർഷത്തിനകം പൂർത്തിയാകും. പ്രതിവർഷം 15 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. കഴിഞ്ഞദിവസം അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നടന്ന ചർച്ചയിൽ 400 ഗേറ്റുകൾ രൂപകൽപന ചെയ്യാനുള്ള കാരണം  ദുബായ് എയർപോർട്ട് മേധാവി പോൾ ഗ്രിഫിത്ത്സ് തന്നെ വ്യക്തമാക്കി.  ഭാവി മുന്നിൽ കണ്ടെന്നായിരുന്നു വിശദീകരണം. ചെറുതും കൂടുതൽ ഇന്ധനക്ഷമതയുള്ളതുമായ വിമാനങ്ങൾ ജനപ്രിയമാകുമ്പോൾ,, കൂടുതൽ വിമാനങ്ങളെ ആകർഷിക്കാനും മികച്ച കണക്ടിവിറ്റി ലഭ്യമാക്കാനും ഇത്രയധികം ഗേറ്റുകൾ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം മെട്രോ, ബസ്, സിറ്റി എയർ ട്രാൻസ്പോർട്ട് എന്നിവ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾ വിമാനത്താവളവുമായി ബന്ധിപ്പിക്കും.  2034 ഓടെ എമിറേറ്റ് എയർലൈന്റെ എല്ലാപ്രവർത്തനവും ഒറ്റയടിക്ക് അൽ മംക്തും വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് സിഇഒ ഷെയ്ഖ് അഹമദ് ബിൻ സയിദ് അൽ മംക്തും വ്യക്തമാക്കിയിട്ടുണ്ട്. ഡി 33 പദ്ധതിയുടെ ഭാഗമാണിത്.  

വിമാനത്താവളം വിപുലീകരിക്കുന്നതോടെ ദുബായ് സൗത്ത് മേഖലയിൽ വൻ ഉണർവുണ്ടാകും. വ്യോമഗതാഗത മേഖലയിലെയും ലോജസ്റ്റിക്സിലെയും ലോകത്തിലെ മുൻനിര കമ്പനികൾ ഇവിടേക്ക് വരും. സ്ഥലത്തിന് വില കൂടുന്നതിനൊപ്പം താമസസൗകര്യങ്ങൾ തേടി ലക്ഷക്കണക്കിന് പേരെത്തും.  

വിമാനത്താവളത്തിന് ചുറ്റും ഒരു നഗരം തന്നെ രൂപീകരിക്കുമെന്നാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും പറഞ്ഞത്.  ഇതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ദുബായ് സൗത്തിന് പ്രധാന്യമേറി. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം ലക്ഷണക്കണക്കിന് പേരെ ആകർഷിക്കുന്ന തരത്തിൽ പുതിയ ഹോട്ടലുകളും ഭക്ഷണശാലകളും ഉൾപ്പെടെയുള്ള വാണിജ്യകേന്ദ്രങ്ങളും ഇവിടെ ഒരുങ്ങും. പുതുതലമുറയ്ക്കായി വിമാനത്താവളവും തുറമുഖവും എല്ലാം ഉൾപ്പെട്ട പുതിയൊരു പദ്ധതിക്ക് രൂപംനൽകുകയാണെന്നാണ് ഷെയ്ഖ് മുഹമ്മദ്  വ്യക്തമാക്കിയത്. എക്സ്പോ സിറ്റി ഏറെ അടുത്താണെന്നതും ദുബായ് സൗത്തിന്റെ വികസനത്തിന് ഗുണം ചെയ്യും.  

കോവിഡ് പ്രതിസന്ധിയിൽ നിന്ന് വൻ തിരിച്ചുവരവ് നടത്തിയ ദുബായിലെ വ്യോമയാനമേഖലയ്ക്ക് പുതുപ്രതീക്ഷ നൽകുന്നതാണ് അൽ മംക്തം വിമാനത്താവളം നവീകരണം. കഴിഞ്ഞവർഷം 260ലേറെ സ്ഥലങ്ങളിലേക്കായി നൂറു വിമാനകമ്പനികൾ   416405 വിമാനസർവീസുകളാണ് നടത്തിയത്. ഏക്കാലത്തെയും റെക്കോർഡാണിത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അധികം യാത്രക്കാരെത്തിയത്. 2018ൽ ആയിരുന്നു. 8 കോടി 91 ലക്ഷം യാത്രക്കാർ. കോവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടും യാത്രക്കാരുടെ എണ്ണം വർധിച്ച് മുൻ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ്.  ഇക്കൊലം എട്ട് കോടി 88 ലക്ഷം യാത്രക്കാരെയാണ് ഡിഎക്സ്ബി പ്രതീക്ഷിക്കുന്നത്.  അടുത്ത വർഷം ഇത് 9  കോടി 38 ലക്ഷത്തിൽ  എത്തുമെന്നാണ് കണക്കാക്കുന്നത്.  അതേസമയം ടൂറിസം രംഗത്ത് എമിറേറ്റ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് കഴിഞ്ഞവർഷമാണ്. മുൻവർഷത്തേക്കാൾ 19.4 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധന. 1.72 കോടി  പേരാണ് എമിറേറ്റ് സന്ദർശിച്ചത്. ദുബായ് ഇക്കണോമിക് അജൻഡയുടെ ഭാഗമായി ടൂറിസം നിക്ഷേപത്തിൽ 100 ബില്യൺ ദിർഹമാണ് എമിറേറ്റ് ലക്ഷ്യമിടുന്നത് . 2031 ഓടെ ഹോട്ടലുകളിൽ നാല് കോടി സന്ദർശകരെയും പ്രതീക്ഷിക്കുന്നുണ്ട്.  അൽ മംക്തും വിമാനത്താവളത്തിന്റെ നവീകരണം പൂർത്തിയാകുന്നതോടെ ടൂറിസം രംഗത്ത് പുതിയ ഉയരങ്ങളിലെത്താൻ കഴിയുമെന്നാണ് ദുബായുടെ കണക്ക് കൂട്ടൽ. 

Gulf this week