kuwait-fire

TOPICS COVERED

കുവൈത്തിൽ 49 പേരുടെ ജീവനെടുത്ത തീപിടിത്തം ഉണ്ടായിട്ട് ഒരാഴ്ച പിന്നിടുന്നു. അപ്പോഴും അപകടത്തിൻറെ നടുക്കം മാറിയിട്ടില്ല കെട്ടിടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവർക്ക്. ഡിഷ് ടിവിയുടെ കേബിളിൽ പിടിച്ചാണ് പലരും താഴേക്ക് ചാടി രക്ഷപ്പെട്ടത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിലും അന്നത്തെ അനുഭവം അവർ പങ്കുവച്ചു. അതിനിടെ കുവൈത്ത് ഭരണകൂടം മരിച്ചവരുടെ കുടുംബത്തിന് അയ്യായിരം കുവൈത്തി ദിനാർ ധനസഹായം പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. തീപിടിത്തവുമായി ബന്ധപ്പെട്ട എട്ടുപേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.

 

ജുൺ 12, പുല‌‍ർച്ചെ നാല് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത് . നിനച്ചിരിക്കാതെ ആളിപടർന്ന തീയിൽ 49 ജീവനുകൾക്കൊപ്പം കരിഞ്ഞമർന്നത് ഒരുപാട് പേരുടെ പ്രതീക്ഷകൾ കൂടിയായിരുന്നു. നല്ലൊരു പ്രഭാതം സ്വപ്നം കണ്ടുറങ്ങിയവർ പുലർച്ചെ ഞെട്ടിയുണർന്നത് ശ്വാസംമുട്ടിയ്ക്കുന്ന പുകയും ആളിപടരുന്ന തീയും കണ്ടാണ്. നിമിഷങ്ങൾക്കകം തീ കെട്ടിടമാകെ പടർന്നു. രക്ഷപ്പെടാൻ പലരും താഴേക്ക് എടുത്തുചാടി. ലേബർ ക്യാംപിലെ ചെറിയൊരു തീപിടിത്തമെന്ന ആദ്യ വിവരങ്ങളിൽ നിന്ന് ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞത് മരണസംഖ്യ പുറത്തുവന്നു തുടങ്ങിയപ്പോഴാണ്. ശ്വാസംമുട്ടിയാണ് ഭൂരിഭാഗം പേരും മരിച്ചത്. 49 പേരിൽ 45 ഇന്ത്യക്കാരായിരുന്നു . അതിൽ 24 പേർ മലയാളികളും. കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി ദിവസങ്ങൾക്ക് മുൻപ് മാത്രം പ്രവാസത്തേക്ക് വിമാനം കയറിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞവരെ കവർന്ന തീ കെട്ടടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിയുമ്പോൾ അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് പരുക്കുകളോടെ രക്ഷപ്പെട്ടവർ. മലപ്പുറം സ്വദേശി അലൻ ആന്റണി കുവൈത്തിലെത്തിയിട്ട് ഒരാഴ്ച പോലും തികഞ്ഞിരുന്നില്ല.

മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നതാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി ജയശങ്കറിന്  തുണയായത്. പുലർച്ചെ നിസ്കരിക്കാൻ എഴുന്നേറ്റപ്പോഴാണ് പതിനാറുവർഷമായി എൻബിടിസിയിൽ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി മുഹമ്മദലി തീപിടർന്നത് അറിഞ്ഞത്. അൻപതോളം പേർക്ക് പരുക്കേറ്റത്തിൽ നിലവിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ എട്ടുപേർ മാത്രമാണ് ചികിൽസയിൽ ഉള്ളത്. ബാക്കിയെല്ലാവരും ആശുപത്രി വിട്ടു. മികച്ച ചികിൽസാ സൗകര്യങ്ങളാണ് രാജ്യം ഇവർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒപ്പം മരിച്ചവരുടെ കുടുംബത്തിന് അയ്യായിരം കുവൈത്തി ദിനാർ വീതം ധനസഹായവും പ്രഖ്യാപിച്ചു. ഏകദേശം പന്ത്രണ്ടര ലക്ഷം രൂപ. കുവൈത്തിലെ ഇന്ത്യൻ എംബസി വഴിയാണ് 24 മലയാളികൾ അടക്കം മരിച്ച 45 ഇന്ത്യക്കാർക്കും സഹായം എത്തിക്കുക. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  അതിനിടെ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ മൂന്നുപേർ ഇന്ത്യക്കാരാണ്. ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരുമാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. കോടതി നിർദേശപ്രകാരമാണ് പതിനാല് ദിവസത്തേക്ക് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. എന്നാൽ അറസ്റ്റിലായവർ ആരെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് വഴിവച്ചതെന്ന് അഗ്നിശമന സേന നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഉണ്ടായ ഇത്തരമൊരു ദുരന്തത്തിന് പിന്നാലെ കുവൈത്ത് ഭരണകൂടം സ്വീകരിച്ച നടപടികൾ ഏറെ മാതൃകപരമാണ്. കെട്ടിടത്തിൽ നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെ കെട്ടിട ഉടമയെ അടക്കം അറസ്റ്റ് ചെയ്യാൻ ആഭ്യാന്തരമന്ത്രി നിർദേശം നൽകി. അപകടമുണ്ടായ മംഗെഫ് മേഖല സ്ഥിതി ചെയ്യുന്ന അൽ അഹമദി ഗവർണറേറ്റിന്റെ ചുമതലയുള്ള മുനസിപ്പാലിറ്റിയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തുടർന്ന് മറ്റ് കെട്ടിടങ്ങളിൽ ഇത്തരത്തിൽ നിയമലംഘനങ്ങളുണ്ടെയെന്ന് കണ്ടെത്താൻ പരിശോധനയ്ക്ക് ഉത്തരവിട്ട്. എന്ന് മാത്രമല്ല ആഭ്യാന്തരമന്ത്രി നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ അൽ അഹ്മദി ഗവർണറേറ്റിൽ പുതിയ ഗവർണറെ നിയമിച്ചു. സംഭവിക്കാൻ പാടില്ലാത്തത്ത് സംഭവിച്ചു. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻ കരുതലെടുക്കുകയെന്ന സമീപനമാണ് ഭരണകൂടം എടുത്തത്. അത് തന്നെയാണ് നമുക്കും ചെയ്യാൻ കഴിയുന്നത്. അപകടങ്ങളെ വിളിച്ചുവരുത്താതിരിക്കാൻ നിയമങ്ങൾ കർശനമായി പാലിക്കുക, വേണ്ട മുൻകരുതലുകൾ എടുക്കുക. ഓരോ അപകടങ്ങളും നമ്മളെ ഓർമിപ്പിക്കുന്നതും അതാണ്. 

ENGLISH SUMMARY:

It's been a week since the fire that killed 49 people in Kuwait. Even then, the fear of danger has not changed for those who miraculously escaped from the building