gulf-this-week

TOPICS COVERED

ഖരീഫിന് മുന്നെ പച്ചപ്പട്ടണിഞ്ഞ് അതിമനോഹരിയായി അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ് സലാലയിലെ മലനിരകള്‍. കഴിഞ്ഞ ആഴ്ചകളില്‍ തുടര്‍ച്ചയായി പെയ്ത മഴയെ തുടർന്നാണ് ദോഫാർ ഗവർണറേറ്റിലെ മലനിരകളും മരുഭൂമിയും പച്ചവിരിച്ചത്

പര്‍വതങ്ങളിലും മണല്‍ കൂനകളിലുമെല്ലാം ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന മനോഹരമായ കാഴ്ച. ഖലീഫ് എത്തിയില്ലെങ്കിലും സലാലയിലെങ്ങും ഖരീഫ് അനുഭൂതിയാണ് ഇപ്പോൾ.  

 

അറബി നാട്ടിലെ കേരളമാണ് സലാല. മണ്ണും പ്രകൃതിയും മഞ്ഞും മഴയുമെല്ലാം കേരളത്തെ ഓർമിപ്പിക്കും. അതുകൊണ്ട് തന്നെ ചുട്ടുപൊള്ളുന്ന വേനൽ കാലത്ത് ഗൾഫിലുള്ളവർക്ക് നാടിന്റെ ഗൃഹാതുരതയിലേക്കുള്ള യാത്രയാണ് സലാലയിലെ ഖരീഫ് സീസൺ.

ഖരീഫിനെ ഓര്‍മിപ്പിക്കും വിധം വാദി ദര്‍ബാത്തിലുള്‍പ്പെടെ വെള്ളച്ചാട്ടം രൂപപ്പെട്ടു. മഴ ലഭിച്ച് പച്ചപ്പ് നിറഞ്ഞതോടെ ഒട്ടകങ്ങള്‍ക്കും ആടുമാടുകള്‍ക്കും തീറ്റയും സുലഭമായി. ജബല്‍ അയ്യൂബിലും ഇത്തീനിലും ശാത്തിലും റയ്‌സൂത്തിലുമെല്ലാം ചെറുതും വലുതുമായ കുന്നുകള്‍ പച്ചവിരിച്ചിരിക്കുകയാണ്.  

 ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഇളം കാറ്റും ചാറ്റല്‍ മഴയും നിറഞ്ഞ ശരത്കാല വിസ്മയം. അതാണ് ഖരീഫ് സീസണ്‍ ആയി അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ 21 മുതല്‍ സെപ്തംബര്‍ 21 വരെയാണ് ഔദ്യോഗിക ഖരീഫ് കാലം. രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കാലം കൂടിയാണിത്. അറേബ്യന്‍ മേഖല കനത്ത ചൂടില്‍ വലയുമ്പോള്‍ കേരളമടക്കമുള്ള തെക്കേഷ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥക്ക് സമാനമായി ദോഫാര്‍ മേഖല മാറും. താപനില ക്രമാതീതമായി താഴ്ന്നിറങ്ങും. ദോഫാറിലെ അന്തരീക്ഷം തണുക്കും. നേരിയ മഴയും മഞ്ഞുമായി പ്രകൃതി കൂടുതല്‍ സുന്ദരിയാകും.

ENGLISH SUMMARY:

The desert is all green after the rain. Salala mountain ranges are like a green enchantress even before kharif. The sight of plants grown all over the dessert sand is always a hearty visual