ഈന്തപ്പഴ പ്രേമികളെ ഇതിലേ...
ലോകത്ത് ഈന്തപ്പഴം വിളയുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് സൗദി അറേബ്യക്കുളളത്. വാണിജ്യാടിസ്ഥാനത്തിൽ ഈന്തപ്പന ചെടികളുടെ കയറ്റുമതിയിലും വിപ്ലവം തീർക്കുകയാണ് സൗദി അറേബ്യ. ഒരിഞ്ച് വലിപ്പമുളള ഈന്തപ്പന കാമ്പിൽ നിന്ന് ആയിരക്കണക്കിന് ചെടികളാണ് ഉത്പ്പാദിപ്പിക്കുന്നത്. മലയാളി ഗവേഷകന്റെ നേതൃത്വത്തിൽ ടിഷ്യൂ കൾചർ ടെക്‌നോളജിയിലെ ഓർഗാനോജെനെസിസ് വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. അതിന്റെ വിശേഷങ്ങൾ.
ഇറാഖും ഈജിപ്തും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഈന്തപ്പഴം ഉൽപാദിപ്പിക്കുന്നത് സൗദി അറേബ്യയിലാണ്. മൂന്ന് കോടി 40 ലക്ഷം ഈന്തപ്പനകളാണ് രാജ്യത്തുളളത്. മുന്നൂറിലധികം ഇനങ്ങളിൽ 16 ലക്ഷം ടൺ ഈന്തപ്പഴം പ്രതിവർഷം വിളവെടുക്കുന്നുണ്ട്. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷൻ 2030ന്റെ ഭാഗമായി കാർഷിക രംഗത്ത് കൂടുതൽ ഉത്പാദനം ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതികളിൽ ഈന്തപ്പന കൃഷിയും ഉൾപ്പെടും. ഇതിന്റെ ഭാഗമായി കൂടുതൽ ചെടികൾ നട്ടുവളർത്തുകയാണ്. ടിഷ്യൂ കൾച്ചറിലൂടെ ഏറ്റവും മികച്ച ഗുണനിലവാരമുളള ചെടികളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നട്ടുവളർത്തുന്നത്. ഇവിടങ്ങളിലേക്ക് ഏറ്റവും കൂടുതൽ ചെടികൾ വിതരണം ചെയ്യുന്നത് റിയാദിലെ ക്ലോൺ ബയോടെക് ലാബിൽ നിന്നാണ്.
കർഷകർക്ക് ആവശ്യമായ ചെടികളാണ് ഓർഗാനോജെനെസിസ് വിദ്യ ഉപയോഗിച്ച് ഉത്പ്പാദിപ്പിക്കുന്നത്. ഉൾക്കാമ്പ് ശേഖരിച്ച് ടെസ്റ്റ്ട്യൂബുകളിലാണ് ചെടികളെ വളർത്തുക. പ്രകൃതിയിൽ സ്വാഭാവികമായി വളരുന്ന ചെടിക്ക് ലഭ്യമാകുന്നതെല്ലാം കൃത്രിമമായി നൽകിയാണ് ഈന്തപ്പനയുടെ ഉൾക്കാമ്പിനെ മുളപ്പിക്കുന്നത്.
ഏറെ സൂക്ഷമതയോടെ ലാബുകളിലാണ് ഓർഗാനോജെനസിസ് വഴി ചെടികളെ വളർത്തുന്നത്. മൂന്ന് കോശങ്ങളുടെ പാളികളിൽ നിന്ന് ചെടികൾ രൂപപ്പെടുന്ന പ്രക്രിയയാണ് ഓർഗാനോജെനിസിസ്. ഇവിടെ മൂലകോശത്തിന്റെ പ്രതിപ്രവർത്തനം, കോശങ്ങളുടെ വ്യാപം, അതിജീവനം, കോശങ്ങളുടെയും ടിഷ്യുവിന്റെയും ആകൃതി, വലുപ്പം, സംയുക്ത കോശങ്ങളുടെ വികസം എന്നിവയെല്ലാം പ്രവർത്തനക്ഷമമാവുന്നു. ഇങ്ങനെ വിവിധ വർഗങ്ങളിലുളള ഈന്തപ്പനയുടെ ചെടി വളർത്തിയെടുക്കാൻ മൂന്നര വർഷം വരെ സമയം ആവശ്യമാണ്.
സൗദി അറേബ്യയിലെ ഈന്തപ്പന ചെടികൾക്ക് അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഗുണവും രുചിയും ഏറെയുളള ഈന്തപ്പഴം പ്രധാനം ചെയ്യുന്നത് സൗദിയിലെ ചെടികളാണ്. ലാബുകളിൽ വളർത്തിയ ചെടികൾ വീണ്ടും ആറുമാസം ഗ്രീൻ ഹൗസുകളിൽ പരിപാലിക്കും. അതിനു ശേഷമാണ് വിദേശ രാജ്യങ്ങളിലേക്കും സൗദിയിലെ വിവിധ കൃഷിയിടങ്ങളിലേക്കും കയറ്റി അയക്കുന്നത്.
സൗദി അറേബ്യയിൽ മുന്നൂറിലധികം ഇനങ്ങളിലുളള ഈന്തപ്പഴം കൃഷി ചെയ്യുന്നുണ്ടെങ്കിലും മജ്ദൂളിനാണ് ആവശ്യക്കാർ ഏറെ. ഒരു മജ്ദൂൾ ഈത്തപ്പഴത്തിന് 28 ഗ്രാം വരെ ഭാരം ഉണ്ടാകും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ മജ്ദൂൾ മൃദുവും സ്വാദിഷ്ടവുമാണ്. അതുകൊണ്ടുതന്നെ ഈന്തപ്പന തോട്ടങ്ങളിൽ മജ്ദൂൾ ചെടികൾ കൃഷി ചെയ്യാത്ത കർഷകർ ഉണ്ടാവില്ല.
ഓരോ രാജ്യത്തെയും കാലാവസ്ഥ, വിപണി സാധ്യത എന്നിവ പരിഗണിച്ചാണ് ചെടികളുടെ ഉത്പ്പാദനം. ഏഷ്യൻ രാജ്യങ്ങൾക്ക് ഫ്രഷ് ഈത്തപ്പഴങ്ങളോടാണ് താത്പര്യം. എന്നാൽ അറബ് രാജ്യങ്ങൾ ഈത്തപ്പഴം ഉണക്കി സൂക്ഷിക്കുകയും അതു ഉപയോഗിക്കുകയും ചെയ്യുന്നു.
ഗൾഫ് മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ശ്രമമാണ് മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ്. വിഷൻ 2030 പദ്ധതി പ്രകാരം 600 ദശലക്ഷത്തിലധികം മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കാനുളള ശ്രമത്തിലാണ്. ഇതിനു പുറമെ പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നതിനുളള നടപടികളും നടക്കുന്നുണ്ട്. ഇതിനു ആവശ്യമായ ചെടികളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. പരീക്ഷണാർത്ഥം ബിജുവിന്റെ നേതൃത്വത്തിൽ ടിഷ്യൂകൾചർ ചെയ്ത ഏത്തപ്പം, കറ്റാർവാഴ, കാപ്പി, മുരിങ്ങ, കറിവേപ്പില എന്നിവ ക്ലോൺ ബയോടെകിന്റെ തോട്ടത്തിൽ സമൃദ്ധമായി വളരുന്നുണ്ട്.
സൗദി അറേബ്യയിൽ ഉത്പ്പാദിപ്പിക്കുന്ന ഈന്തപ്പന ചെടികൾ സുഡാൻ, ഇറാഖ്, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കയറ്റി അയക്കുന്നത്. എന്നാൽ അടുത്ത കാലത്തായി ഇന്ത്യയിലേക്കും ഈന്തപ്പന ചെടികൾ കയറ്റി അയക്കുന്നുണ്ട്.
ഇരുപത് വർഷത്തിലേറെയായി സൗദിയിലുളള ബിജു മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് ഹോർടികൾചറിൽ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷമാണ് പ്രവാസം ആരംഭിച്ചത്. ബയോടെക്‌നോളജിയിലെ മികവിന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നിരവധി പുരസ്‌കാരങ്ങളും നേടി. യുഎഇ സർക്കാരിന്റെ ഖലിഫ ഇന്റർനാഷണൽ അവാർഡ് ഫോർ പാം ആന്റ് അഗ്രികൾചറൽ ഇന്നൊവേഷൻ റിയാദിലെ ക്‌ളോൺ ബയോടെകിന് നേടിക്കൊടുത്തതിൽ ചുക്കാൻ പിടിച്ചതും ബിജു ആണ്.
കേരളത്തിൽ ഈത്തപ്പന കൃഷി സാധ്യമാക്കാനുളള പരീക്ഷണവും ബിജു നടത്തുന്നുണ്ട്. ഇതിനായി പാലക്കാട് മുതലമടയിൽ ഒരു ഏക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചു. അഞ്ചു വർഷം മുമ്പു അൻപതിലധികം ചെടികൾ നട്ടുപിടിപ്പിച്ചു. ഇതിൽ ഏതാനും ചെടികളിൽ ഫലം ലഭിച്ചുതുടങ്ങി. അന്തരീക്ഷ താപം 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ അനുഭവപ്പെടുന്ന പാലക്കാട് ഈന്തപ്പന കൃഷിക്ക് അനുയോജ്യമാണ്. സൗദിയിൽ നിന്നുളള ഏറ്റവും മികച്ച ഇനം ചെടികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇതു വിജയിച്ചാൽ മുതലമടയിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഈത്തപ്പന കൃഷി ചെയ്യാനുളള ഒരുക്കത്തിലാണ് ബിജു.
യോഗയെ ഏറ്റെടുത്ത് അറബ് ലോകവും
അബുദാബിയിൽ നടന്ന പത്താമത് രാജ്യാന്തര യോഗ ദിനാചരണത്തിൽ സഹിഷ്ണുത സഹിവർത്തിത്ത മന്ത്രി ഷെയ്ഖ് നഹ്യാൻ മുഖ്യാതിഥിയായിരുന്നു. ദുബായിൽ ആയിരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഇന്ത്യയുടെ സ്വന്തം യോഗയെ പ്രവാസലോകം ഹൃദയത്തോട് ചേർക്കുന്ന കാഴ്ച. ലൂവ്‌റ് അബുദാബിയിൽ രാജ്യാന്തര യോഗാദിനാചരണത്തോട് അനുബന്ധിച്ച നടത്തിയ പരിപാടിയിൽ വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് പേരാണ് യോഗചെയ്യാൻ ഒത്തുകൂടിയത്. വിദേശകാര്യമന്ത്രി ഡോ. എസ്.ജയ്ശങ്കർ മുഖ്യാതിഥിയായിരുന്നു.
അബുദാബി അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന യോഗാദിനാചരണത്തിൽ എഴുപത് രാജ്യങ്ങളിൽ നിന്നായി 1500 പേർ പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ നേതൃത്വം നൽകി. വിവിധ നയതന്ത്രപ്രതിനിധികളും യോഗദിനാചരണത്തിന്റെ ഭാഗമായി. സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്തോഷത്തിന്‍റെയും സംസ്‌കാരവും പ്രോൽസാഹിപ്പിക്കുന്നതാണ് യോഗയെന്ന് സഹിഷ്ണുതാ സഹവർത്തിത്ത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.
ഇന്ത്യൻ കോണ്സുലേറ്റിന്റെയും എഫ് ഓ ഐ ഇവന്റ്സിന്റെയും നേതൃത്വത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിലായിരുന്നു പരിപാടി. വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളും, കൂട്ടായ്മകളും, യോഗ പരിശീലന സ്ഥാപനങ്ങളും വിദ്യാർഥികളും തുടങ്ങി ഏഴായിരത്തോളം പേരാണ് പരിപാടിയുടെ ഭാഗമായത് .
ധ്യാനം, വിവിധ യോഗ പദ്ധതികൾ എന്നിവയുടെ പ്രദർശനമായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. അറബ് റീജിയൺ യോഗ ഇൻസ്ട്രക്‌ടേഴ്‌സ് കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു യോഗ പ്രദർശനം. ഇറാൻ,സെർബിയ സുഡാൻ തുടങ്ങിയ 9 രാജ്യങ്ങളിൽ നിന്നുള്ള ഇൻസ്ട്രക്‌ടേഴ്‌സ് യോഗ ദിനാചരണത്തിന്റെ ഭാഗമായി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമുള്ള കാര്യക്രമങ്ങൾ പാലിച്ചായിരുന്നു പരിപാടി.
യു.എ.ഇയിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഏകതയും രാജ്യാന്തര യോഗാ ദിനാചരണം വിപുലമായി ആഘോഷിച്ചു. ഷാർജ സ്കൈലൈൻ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി .
ഇതിനുപുറെ റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ യോഗാദിനാചരണം ആചരിച്ചു. ഒമാനിലെ സലാല തുറമുഖത്ത് നങ്കൂരമിട്ട് ഇന്ത്യന്‍ നാവിക കപ്പലായ ഐഎന്‍എസ് തര്‍കാഷിലും യോഗ പ്രദർശനം നടന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും 11 തുറമുഖങ്ങളില്‍ യോഗ അവബോധം പ്രചരിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ നാവിക സേനയുടെ ദൗത്യത്തിന്റെ ഭാഗമായിരുന്നു പ്രദർശനം. ഒമാൻ, ബഹ്റൈൻ, സൗദി, കുവൈത്ത്, ഖത്തർ ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിൽ വിപുലമായാണ് രാജ്യാന്തര യോഗ ദിനം കൊണ്ടാടിയത്.
ഇന്ത്യയുടെ സമ്മാനം ലോകം ഏറ്റെടുത്ത് കഴിഞ്ഞ കാഴ്ചയാണ് ഈ രാജ്യാന്തര യോഗദിനത്തിൽ കണ്ടത്. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ളവർ യോഗയേയും അതിന്റെ ഗുണഫലങ്ങളും അറിഞ്ഞിരുന്നു. അതിന്റെ നേർചിത്രമായി ഗൾഫിലെ യോഗാദിനാചരണം
ഭരതനാട്യത്തിലൂടെ സീതയുടെ ജീവിതകഥ പറഞ്ഞ് ഡോ. പ്രേയുഷ സജി
ഭരതനാട്യം മാർഗത്തിലൂടെ രാമായണത്തിലെ സീതയുടെ ജീവിതകഥ പറഞ്ഞ് ഡോ. പ്രേയുഷ സജി. സീതയുടെ ശക്തിയും സ്നേഹവും ത്യാഗവുമെല്ലാം ഭംഗിയായി അവതരിപ്പിച്ച നൃത്താവിഷ്കാരത്തിന് ദുബായിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ബാല്യം മുതൽ നൃത്തം തപസ്യയായി കൊണ്ടുനടക്കുന്ന കൊല്ലം കടപ്പാക്കട സ്വദേശിയായ ഡോ. പ്രേയുഷ സജിയുടെ ഏറെക്കാലത്തെ സ്വപ്നമാണ് സീതയിലൂടെ സാക്ഷാത്കരിച്ചത്. ഗുരു പ്രേം മേനോന്റെ സഹായത്തോടെ ഒരുവർഷത്തോളം നീണ്ട പരിശ്രമങ്ങളിലൂടെയാണ് നൃത്തം ചിട്ടപ്പെടുത്തിയത്. ഹോമിയോപതിക് ഡോക്ടറായ പ്രേയുഷ മികച്ച ചിത്രകാരിയും യോഗ ആചാര്യയും കൂടിയാണ്.