TOPICS COVERED

യുഎഇയിലിത് പൊതുമാപ്പിൻറെ സമയമാണ്. മതിയായ രേഖകൾ ഇല്ലാതെ കഴിയുന്നവർക്ക് താമസം നിയമാനുസൃതമാക്കാനും പിഴ കൂടാതെ രാജ്യം വിടാനും യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരുമാസം പിന്നിട്ടു. ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേരാണ് ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. അതേസമയം  സെപ്റ്റംബർ ഒന്നിന് ശേഷമുള്ള നിയമലംഘനങ്ങൾ പൊതുമാപ്പിൻറെ പരിധിയിൽ വരില്ല. നിലവിൽ രാജ്യത്തുള്ളവർക്ക് മാത്രമാണ് പദ്ധതി ബാധകമെന്നും സെപ്റ്റംബർ ഒന്നിന് മുൻപ് രാജ്യം വിട്ട നിയമലംഘകർക്ക് പൊതുമാപ്പിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും യുഎഇ വ്യക്തമാക്കി.  

പലകാരണങ്ങൾ കൊണ്ട് യുഎഇയിൽ അനധികൃത താമസക്കാരായി മാറിയവരെ ചേർത്ത് പിടിച്ച് ,, പുതിയ ജീവിതമാർഗമൊരുക്കുകയാണ് രണ്ട് മാസക്കാലത്തെ പൊതുമാപ്പ് പദ്ധതിയിലൂടെ യുഎഇ.  കനത്ത പിഴയും ശിക്ഷയും ഭയന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ രാജ്യത്ത് ഒളിച്ച്  കഴിഞ്ഞവർക്ക് ശിക്ഷാനടപടികളൊന്നുമില്ലാതെ രാജ്യം വിടാൻ അവസരമൊരുക്കുകയാണ് രാജ്യം. ഇത് മാത്രമല്ല ഇവരെ പിന്നീട് രാജ്യത്ത് എത്തുന്നതിൽനിന്ന് വിലക്കില്ലെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻന്റിറ്റി  , സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റിയുടെ വിവിധ കേന്ദ്രങ്ങളിലും അമർ സെന്ററുകളിലും  ദുബായ് അൽ അവീറിലെ താമസകുടിയേറ്റ വകുപ്പ് ഒരുക്കിയ പ്രത്യേക കേന്ദത്തിലുമാണ് നടപടിക്രമങ്ങൾക്കായി അപേക്ഷ നൽകാൻ എത്തേണ്ടത്. വീസ കാലാവധി കഴിഞ്ഞ് അബ്സ്കോണ്ടിങ് ആയവരാണ് ആദ്യം ദിനം അൽ അവീറിൽ ഏറെയും എത്തിയത്.

രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് രേഖകൾ നിയമാനുസൃതമാക്കി തുടരാം. ഇതിന് പിഴ ഈടാക്കില്ലെന്ന് മാത്രമല്ല പുതിയ ജോലി കണ്ടെത്താനുള്ള സൗകര്യവും ഒരുക്കി നൽകിയിട്ടുണ്ട് രാജ്യം. വിവിധ കമ്പനികളെ റിക്രൂഡിങ് നടത്താൻ അവീർ സെന്ററിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതിനകം നൂറുകണക്കിന് പേരാണ് ഇത്തരത്തിൽ പുതിയ ജോലിയും ജീവിതവും കണ്ടെത്തിയത്. അതേസമയം ഔട്ട്പാസ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യംവിടണമെന്ന നിയമം പൊതുമാപ്പിനോട് അനുബന്ധിച്ച് ഇളവ് ചെയ്തിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതുവരെ ഇവർക്ക് യുഎഇയിൽ തുടരാം. ഇതിനിടെ യുഎഇയിൽ ജോലി ലഭിക്കുകയാണെങ്കിൽ ഔട്ട് പാസ് റദ്ദാക്കി വീസ ഉൾപ്പെടെയുള്ള രേഖകൾ ശരിയാക്കി ജോലിയിൽ പ്രവേശിക്കാമെന്നും ദുബായ് താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.

അതോടൊപ്പം പൊതുമാപ്പ് അനുവദിച്ച് എമിറേറ്റിൽ തുടരാൻ ആഗ്രഹിക്കുന്ന വീസ ലംഘകർക്ക് അബുദാബി ആരോഗ്യ ഇൻഷുറൻസ് പിഴ ഒഴിവാക്കി നൽകും. എന്നാൽ പദ്ധതി തുടങ്ങിയ സെറ്റംബർ ഒന്നിന് ശേഷം നടത്തിയ നിയമലംഘനങ്ങൾക്കും പൊതുമാപ്പ് ബാധകമല്ല. ക്രിമിനൽ കുറ്റകൃത്യങ്ങളെ തുടർന്ന് നാടുകടത്താൻ വിധിക്കപ്പെട്ടവർക്കും പൊതുമാപ്പിൻറെ ആനുകൂല്യം ലഭിക്കില്ല.  കോടതി വഴി കേസുകൾ ഒത്തുതീർപ്പാക്കിയശേഷം മാത്രമേ ഇവർക്ക്  ഇളവ് നൽകുന്ന കാര്യം പരിഗണനയിൽപോലും വരൂവെന്നും അധികൃതർ വ്യക്തമാക്കി. അതൊടൊപ്പം സെപ്റ്റംബർ ഒന്നിന് മുൻപ് രാജ്യംവിട്ട നിയമലംഘകർക്ക് പൊതുമാപ്പിന്റെ യാതൊരുവിധ ആനുകൂല്യവും ലഭിക്കില്ല. 

20 ഭാഷകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ ഉൾപ്പെടെ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി വലിയ സജ്ജീകരണങ്ങളാണ് രാജ്യം ഒരുക്കിയിരിക്കുന്നത്.  ആവശ്യക്കാർക്ക് 600522222 എന്ന നമ്പറിൽ വിളിക്കാം. അതേസമയം ഇന്ത്യക്കാർ നേരിട്ട് ഇന്ത്യൻ കോൺസുലേറ്റിനെ സമീപിക്കാമെന്ന് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ വ്യക്തമാക്കി. മറ്റ് ഏജൻസികളെ സമീപിക്കേണ്ടതില്ല. പൊതുമാപ്പ് തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ  ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ 4000ത്തിലേറെ പേരാണ് പൊതുമാപ്പിന്റെ വിശദാംശങ്ങൾ തേടിയെത്തിയത്. 900 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകി. ഇതിൽ തന്നെ 550 പേർ മാത്രമാണ് കോൺസുലേറ്റിൽ നിന്ന് എക്സിറ്റ് പാസ് വാങ്ങിയത്. 600 പേർക്ക് രാജ്യത്ത് മറ്റ് ജോലികൾ തേടാൻ ആയി ഷോർട് വാലിഡിറ്റി പാസ്പോർട്ട് നൽകിയിട്ടുണ്ട്. ദുബായിൽ 86 ആമർ സെന്ററുകൾ വഴി മാത്രം ഇതിനകം 19722 പേരുടെ അപേക്ഷകളിൽ തീർപ്പുണ്ടാക്കി താമസം നിയമാനുസൃതമാക്കി. 7401 പേർക്ക് ഔട്ട്പാസ് നൽകിയെന്നും ദുബായ് താമസകുടിയേറ്റ വകുപ്പ് വ്യക്തമാക്കി.   അതേസമയം വിമാനടിക്കറ്റെടുക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഇന്ത്യക്കാർ ടിക്കറ്റ് ലഭ്യമാക്കുമെന്ന് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു. എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡിഗോ സെക്ടറുകൾ അനുസരിച്ചാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി പാസ്പോർട്ട് കാലാവധിയിലും ഇളവ് വരുത്തിയിട്ടുണ്ട്. പാസ്പോർട്ടിന്റെ സാധുത ആറുമാസത്തിൽ കുറവാണെങ്കിൽ പൊതുമാപ്പിന് അപേക്ഷിക്കുന്നതിന് മുൻപ് പാസ്പോർട്ട് പുതുക്കണമെന്നായിരുന്നു ചട്ടം. ഇത് ഭേദഗതി ചെയ്ത്  പാസ്പോർട്ടിന്റെ സാധുത കാലാവധി ആറുമാസത്തിൽ നിന്ന് ഒരുമാസമായാണ് കുറച്ചത്. വീസ കാലാവധി കഴിഞ്ഞവർ, റസിഡൻസി നിയമം ലംഘിച്ചവർ, പാസ്പോർട്ട് ഉൾപ്പെടെ യാത്രരേഖകൾ പൂർണമായി കൈവശമില്ലാത്താവർ തുടങ്ങിയവർക്കെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഒക്ടോബർ അവസാനം പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകർക്കെതിരെ കണ്ടെത്തി ശിക്ഷാ നടപടികൾ കർശനമാക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ അവസാനനിമിഷം വരെ കാത്തിരിക്കാതെ ബന്ധപ്പെട്ടവർ പദ്ധതി എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ ആവർത്തിച്ചുവ്യക്തമാക്കി. 

Thousands benefited from general amnesty gulf this week: