ദീപാവലി നിറവിൽ യുഎഇ. രാജ്യത്തു പലയിടത്തും വർണാഭമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്. മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ദീപാവലി ആഘോഷിക്കാൻ എത്തിയത് . യുഎഇ ഭരണാധികാരികളും ട്വിറ്ററിൽ ഹിന്ദിയിൽ ഉൾപ്പെടെ ദീപാവലി ആശംസകൾ നേർന്നു
തിന്മയുടെ മേൽ നന്മയുടെ വിജയം. അതാണ് ദീപങ്ങളുടെ ഉൽസവമായ ദീപാവലി. ചിരാതുകളും വർണവിളക്കുകളും കത്തിച്ചുവച്ച് ദീപാവലി കെങ്കേമമായി ആഘോച്ച് യുഎഇയിലെ ഇന്ത്യൻ സമൂഹം. അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിൽ വിപുലമായ ക്രമീകരങ്ങളാണ് ദീപാവലിക്ക് ഒരുക്കിയിരുന്നത്. ക്ഷേത്രം വിശ്വാസികൾക്കായി തുറന്ന് കൊടുത്തശേഷമുള്ള ആദ്യദീപാവലിയാണ് കടന്നുപോയത്. ക്ഷേത്രം ദീപാവലിയിൽ കൂടുതൽ ദീപാലംകൃതമായി . പ്രത്യേക രംഗോലിയും തയ്യാറാക്കിയിരുന്നു.ആയിരക്കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.ഗംഗാ ആരതി പതിവിലും ഭക്തിസാന്ദ്രമായി .ഇന്ത്യക്കാർ മാത്രമല്ല വിദേശികളും ആഘോഷങ്ങളിൽ പങ്കാളികളായി
പുതിയ വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിൽ ചോപ്പട പൂജയും ഉണ്ടായിരുന്നു. വ്യാപാരികൾ കണക്ക് പുസ്തകങ്ങളെല്ലാം പൂജയ്ക്ക് വച്ച് പുതിയ വർഷത്തിന് തുടക്കം കുറിക്കുന്നതാണ് ചോപ്പട പൂജ. ദീപാവലിക്ക് നാട്ടിലെത്തിയ പ്രതീതയായിരുന്നു പലർക്കും. ഹിന്ദു പുതുവൽസര ആഘോഷമായ അൻകുട്ട് ഉൽസവം വിപുലമായാണ് ആഘോഷിക്കുന്നത്. നൂറിലേറെ വിഭവങ്ങൾ നിരത്തി അന്നദാനം ഉൾപ്പെടെയാണ് ആഘോഷം. തിരക്ക് നിയന്ത്രിക്കാനും പാർക്കിങ്ങിനും ഒക്കെയായി അബുദാബി പൊലീസിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയത്. മധ്യപൂർവദേശത്തെ ഏക ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിർ ഏഴ് മാസങ്ങൾക്ക് മുൻപാണ് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. ഇതിനകം 15 ലക്ഷത്തിലേറെ പേരാണ് ക്ഷേത്രം സന്ദർശിച്ചത്.