സിനിമാ നിര്‍മാണത്തിന്റെയും വിനോദ വ്യവസായത്തിന്റെയും അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് സൗദി അറേബ്യ. സ്‌റ്റേജ് ഷോകള്‍, സിനിമാ പ്രൊമോഷനുകള്‍ എന്നിവയ്ക്കു പുറമെ സിനിമാ വ്യവസായ മേഖലയില്‍ വന്‍ നിക്ഷേപാണ് നടക്കുന്നത്. 2030 ആകുന്നതോടെ ഒരു ലക്ഷം സ്വദേശികള്‍ക്ക് സിനിമാ വ്യവസായ രംഗത്ത് തൊഴില്‍ കണ്ടെത്താനുളള പദ്ധതാകളാണ് നടപ്പിലാക്കുന്നത്. ബോളിവുഡ് സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് അറബികള്‍. അതുകൊണ്ടുതന്നെ സിനിമാ വ്യവസായ മേഖലയില്‍ ഇന്ത്യാ-സൗദി സഹകരണവും ശക്തമാകും. സൗദിയിലെ സിനിമാ വിശേഷങ്ങളാണ് ഇനി.
35 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2018 ഏപ്രിലിലാണ് സൗദിയില്‍ വീണ്ടും സിനിമാ തീയേറ്ററുകള്‍ക്ക് അനുമതി നല്‍കുന്നത്. ഇതോടെ രാജ്യത്തെ സിനിമാമേഖലയിൽ വലിയ വളർച്ചയാണ് ഉണ്ടായത്. ആറു വര്‍ഷത്തിനിടെ സിനിമാ പ്രദര്‍ശനത്തിലൂടെ നേടിയത് 9 കോടി 86 ലക്ഷം ഡോളര്‍ വരുമാനം. ഇക്കാലയളവിൽ 45 പ്രാദേശിക കോമേഴ്‌സ്യല്‍ സിനിമകള്‍ സൗദിയില്‍ നിര്‍മിച്ചു. ഇതില്‍ 19 എണ്ണവും കഴിഞ്ഞ വര്‍ഷം നിര്‍മിച്ചവയാണ്. ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ ഉള്‍പ്പെടെ 1,971 സിനിമകളാണ് പ്രദര്‍ശിപ്പിച്ചതെന്നും ജനറല്‍ അതോറിറ്റി ഫോര്‍ മീഡിയ റെഗുലേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു
രാജ്യത്തെ സമ്പദ്ഘടനയുടെ വൈവിധ്യവത്കരണത്തിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സൗദി വിഷന്‍ 2030ൽ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. അതില്‍ ഒന്നാണ് 'ഫിലിം സെക്ടര്‍ ഫിനാന്‍സിങ് പ്രോഗ്രാം'. രാജ്യത്തെ സിനിമാ വ്യവസായ മേഖലയില്‍ ഗുണപരമായ മുന്നേറ്റത്തിന് വഴിവയ്ക്കുന്നതാണ് പദ്ധതി. പ്രാദേശിക സിനിമാ നിര്‍മാണ രംഗത്തേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കാൻ പദ്ധതിക്ക് കഴിയും. സിനിമ നിർമാണം, വിതരണം ഉള്‍പ്പെടെ സിനിമാവ്യവസായത്തിന്റെ എല്ലാമേഖലകളെയും പ്രോൽസാപ്പിക്കുന്നതാണ് ഇത്. മികച്ച ചിത്രങ്ങള്‍ക്ക് ധനസഹായം നല്‍കി,, അത് വഴി മത്സരക്ഷമത വര്‍ധിപ്പിച്ച് ഗുണമേന്മയുളള സര്‍ഗ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനായി 88 കോടി റിയാലിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഫണ്ടിന്റെ കീഴിൽ വരുന്ന പദ്ധതി ചലച്ചിത്ര നിര്‍മാണത്തിനുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം മേഖലയിലേക്ക് എത്തുന്ന പ്രതിഭകളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യും.